ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് : വിപുലമായ ഒരുക്കങ്ങൾ

Pathanamthitta
Print Friendly, PDF & Email

അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് വിപുലമായ ഒരുക്കങ്ങളോടെ മികച്ച രീതിയിൽ പൂർത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു. അയിരൂർ -ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്തിനായി സർക്കാർ തലത്തിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഫെബ്രുവരി നാല് മുതൽ 11 വരെയാണ് പരിഷത്ത് നടക്കുക.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ ടീം പരിഷത്ത് നഗറിൽ സജ്ജമായിരിക്കണം. ആംബുലൻസ്, ഡോക്ടർമാർ , ബോധവത്ക്കരണസ്റ്റാൾ , ക്ലോറിനേഷൻ പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തണം. കോഴഞ്ചേരി ജില്ലാ ആശുപത്രി, കാഞ്ഞീറ്റുകര പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. പമ്പാനദിയുടെ കടവുകളിലും അപകടകരമായ ഇടങ്ങളിലും ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപിക്കണം. രാത്രി ഒൻപത് മണി വരെ പ്രഭാഷണം കേൾക്കാൻ ഇരിക്കുന്നവർക്ക് തിരിച്ച് പോകാൻ ആവശ്യമായ രീതിയിൽ കെഎസ്ആർടിസി അധികസർവീസുകൾ ഏർപ്പെടുത്തണം. അയിരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും, മാലിന്യനിർമാർജ്ജനവും നടത്തണം. പരിഷത്ത് നഗറിൽ ഇ-ടോയ്‌ലെറ്റ് സംവിധാനം ഏർപ്പെടുത്തണം. ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ മാലിന്യം നിക്ഷേപിക്കുന്നതിന് പ്രത്യേകം പ്രത്യേകം ബിന്നുകൾ സ്ഥാപിക്കണം. ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിന് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കണം. റോഡിന്റെ വശങ്ങളിലെ കാടുകളും മൺപുറ്റുകളും നീക്കം ചെയ്യണം. എഴുമറ്റൂർ-പുളിമുക്ക് റോഡിന്റെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും അവലോകനയോഗത്തിന്റെ അടിസ്ഥാനത്തിൽ ദുരന്തവിഭാഗം ഡെപ്യുട്ടി കളക്ടറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തണമെന്നും എല്ലാ വകുപ്പുകളുടേയും പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

പമ്പാനദിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള മാലിന്യനിർമാർജ്ജനപ്രവർത്തനങ്ങൾ പരിഷത്തിന്റെ ഭാഗമായി നടത്തണമെന്ന് അഡ്വ പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. പരിഷത്ത് കഴിയുമ്പോൾ ശുചീകരണപ്രവർത്തനങ്ങൾ ഏറ്റവും മാതൃകയാകണമെന്നും ഗ്രീൻപ്രോട്ടോക്കോൾ പാലിക്കുന്നതിനായി പ്രത്യേക പ്ലാൻ ഉണ്ടാക്കണമെന്നും അതിനായി യോഗം വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അയിരൂർ -ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഏകോപനത്തിനായി ദുരന്തവിഭാഗം ഡെപ്യുട്ടി കളക്ടറിനും റാന്നി തഹസിൽദാരേയും ജില്ലാ കളക്ടർ ചുമതലപ്പെടുത്തി.

എല്ലാ വകുപ്പുകളും ഒരുമിച്ച് മികച്ച രീതിയിൽ പ്രവർത്തിക്കണമെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ കളക്ടർ എ ഷിബു പറഞ്ഞു. 22 ന് രാവിലെ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നേരിട്ട് സ്ഥലം സന്ദർശിക്കുന്നുണ്ടെന്നും ഇറിഗേഷൻ, വാട്ടർ അതോറിറ്റി, പൊതുമരാമത്ത് കെട്ടിടവിഭാഗം, പഞ്ചായത്ത് തുടങ്ങിയ വകുപ്പുദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുക്കണമെന്നും കളക്ടർ പറഞ്ഞു.

കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പൊലീസ് മേധാവി വി അജിത്ത്, തിരുവല്ല സബ് കളക്ടർ സഫ്‌ന നസറുദ്ദീൻ, ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി എസ് നായർ, സെക്രട്ടറി എ ആർ വിക്രമൻ പിള്ള, വൈസ് പ്രസിഡന്റ് കെ ഹരിദാസ് , ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *