ഇലന്തൂർ – പ്രളയ ദുരന്തത്തിൽ പെട്ട് ക്യാമ്പുകളിൽ കഴിയുന്നവർക്ക് തുടർച്ചയായി 3 ദിവസം ഇടപ്പരിയാരം വാർഡിലെ സുമ്മനസ്സുകളിൽ നിന്ന് ഭക്ഷണപ്പൊതി ശേഖരിച്ച് എത്തിച്ച് വാർഡ് മെമ്പർ മണി മാഷ് മാതൃകയായി. തോട്ടപ്പുഴശ്ശേരി,മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി പഞ്ചായത്തുകളിലെ ക്യാമ്പുകളിലാണ് ഭക്ഷണ പൊതികൾ എത്തിച്ചത്. എല്ലാ ദിവസവും ഭക്ഷണ പൊതിയോടൊപ്പം ഓരോ പേരയ്‌ക്കയും നൽകിയത് വ്യത്യസ്ത അനുഭവമായി. അദ്ധ്യാപനായിരുന്ന കാലത്ത് കുട്ടുകളോടൊപ്പം തൻ്റെ വീടിന് മുൻപിൽ വഴിയോരത്ത് നടുവളർത്തിയ ഒരു പേരയിൽ നിന്നാണ് 3 ദിവസങ്ങളിലായി ഇതിനാവശ്യമായ 141 പേരയ്ക്കകൾ ശേഖരിച്ചത്. ആരെയും ഭക്ഷണ പൊതികൾ എടുക്കാൻ നിർബദ്ധിച്ചില്ല.
സാഹചര്യവും, താല്പര്യവും ഉള്ളവർ ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയാവുക എന്ന് മാത്രമാണ് വാർഡ് ഗ്രൂപ്പിൽ മെസേജ് ഇട്ടത്. പൊതികൾ തയ്യാറാക്കി വെച്ച വീടുകളിൽ മെമ്പർ നേരിട്ടെത്തിയാണ് അവ ശേഖരിച്ചത്. ഇടപ്പരിയാരം ആയുഷ് യോഗ ക്ലബ്ബ് അംഗങ്ങളും ഭക്ഷണപ്പൊതി തയ്യാറാക്കി വാർഡ് മെമ്പറെ ഏല്പിച്ചു. ചില ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും, മറ്റു മെമ്പറൻമാരും ഒപ്പമുണ്ടായിരുന്നു. 2 ദിവസം ഗ്രാമപഞ്ചായത്ത് വാഹനത്തിലാണ് ഭക്ഷണം എത്തിച്ചത്.
ഒരു മനുഷ്യായുസിൽ പല പ്രാവശ്യം പ്രളയകെടുതി നേരിടേണ്ടി വരുന്നത് സഹിക്കാനാവാത്ത ദുരന്തമാണ്. സ്ഥിരം പ്രളയബാധിത പ്രദേശത്ത് ഇതാവർത്തിക്കാതിരിക്കാൻ ശാസ്ത്രീയ ക്രമീകരണങ്ങൾ ഉണ്ടാക്കണം എന്ന് മണി മാഷ് ആവശ്യപെട്ടു.

ഫോട്ടോ ക്യാപ്ഷൻ:
രണ്ടാമത്തെ ദിവസം ഇടപ്പരിയാരം വാർഡിൽ നിന്നും ശേഖരിച്ച 30 ഭക്ഷണ പൊതികളും,പേരയ്ക്കയും വാർഡ് മെമ്പർ മണി മാഷ് മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് ബന്നി കുഴിയ്ക്കാലയെ ഏല്പിച്ചപ്പോൾ.


