മൈലപ്രയിൽ തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങൾ :

Crime Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – മൈലപ്രയിലെ വ്യാപാരി ജോര്‍ജ് ഉണ്ണൂണ്ണിയെ (75) കൊലപ്പെടുത്തി പണവും സ്വർണ്ണവും സിസിടിവി ഹാര്‍ഡ് ഡിസ്‌കും മോഷ്ടിച്ച കേസിലെ പ്രതികളുമായി ഇന്നലെ തെളിവെടുപ്പിന് എത്തിയ പൊലീസിന് നേരെ നാട്ടുകാരുടെ പ്രതിഷേധം. ജോര്‍ജിനെ കൊന്ന മദ്രാസ് മുരുകന്‍, ബാലസുബ്രഹ്മണി എന്നിവരുടെ മുഖം മൂടിയിരുന്നതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. അവന്മാരുടെ മുഖം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ തടിച്ചു കൂടിയതോടെ പൊലീസ് സംഘവും പ്രതിരോധത്തിലായി. അഞ്ചു പ്രതികളാണ് കേസിലുള്ളത്. ഇതില്‍ രണ്ടു തമിഴന്മാര്‍ അടക്കം നാലു പേരാണ് അറസ്റ്റിലായത്. ജോര്‍ജിനെ കൊന്ന് പണവും മാലയും കവര്‍ന്നത് മൂന്നു തമിഴന്മാര്‍ ചേര്‍ന്നാണ്. ഇതില്‍ മുത്തുകുമാര്‍ എന്നയാളെ പിടികിട്ടാനുണ്ട്.

നിലവിലുള്ള പ്രതികളില്‍ കൃത്യം ആസൂത്രണം ചെയ്ത ഓട്ടോഡ്രൈവര്‍ ഹരീബ്, മോഷണ മുതല്‍ വിറ്റഴിച്ച നിയാസ് അമാന്‍ എന്നിവരെ മുഖംമൂടാതെയാണ് തെളിവെടുപ്പിന് കൊണ്ടു വന്നത്. പ്രതികളെ ചൊവ്വാഴ്ചയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. 18 വരെയാണ് കസ്റ്റഡി. പ്രതികളെ കടയിലെത്തിച്ച വിവരം അറിഞ്ഞു നാട്ടുകാര്‍ തടിച്ചുകൂടിയത് പോലീസിനു തലവേദനയായി. തുടരന്വേഷണം നടക്കുന്ന കേസില്‍ പ്രതികളെ തിരിച്ചറിയല്‍ പരേഡിനടക്കം കൊണ്ടുപോകേണ്ടതുള്ളതിനാലും കോടതി നിര്‍ദേശം കണക്കിലെടുത്തും മുഖംമൂടി മാറ്റാനാകില്ലെന്ന് ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍ അറിയിച്ചു. ഇതോടെ തര്‍ക്കങ്ങളുമുണ്ടായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ് അടക്കം സ്ഥലത്തെത്തിയ ജനപ്രതിനിധികളുമായി പോലീസ് സംസാരിച്ച് വിവരങ്ങള്‍ ധരിപ്പിച്ച ശേഷമാണ് തെളിവെടുപ്പ് നടത്തിയത്.

പ്രതികളെ കടയിലെത്തിച്ച് കൊല നടന്ന രീതി, മോഷണം നടത്തിയത്, കടയ്ക്കുള്ളില്‍ പ്രവേശിച്ചതും ഇറങ്ങിപ്പോയതും അടക്കമുള്ള രംഗങ്ങള്‍ പുനരാവിഷ്‌കരിച്ചു. രണ്ടു പ്രതികളുമായി തെളിവെടുപ്പിന് തമിഴ്‌നാട്ടിലേക്കും പോലീസ് പോകുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കടയ്ക്കുള്ളില്‍ നിന്നും സംഘം മോഷ്ടിച്ച ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഹാര്‍ഡ് ഡിസ്‌ക് അച്ചന്‍കോവിലാറ്റില്‍ എറിഞ്ഞുകളഞ്ഞുവെന്നാണ് പ്രതികളുടെ മൊഴി. ഇതേത്തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ കഴിഞ്ഞ ദിവസം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Leave a Reply

Your email address will not be published. Required fields are marked *