സന്നിധാനം – ശബരിമലയിൽ ദർശനത്തിനെത്തുന്ന മുതിർന്ന പൗരന്മാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്നു നിയമസഭയുടെ മുതിർന്നപൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി ചെയർമാൻ കെ. പി. മോഹനൻ പറഞ്ഞു. മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ചു പമ്പാ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പമ്പയിലും സന്നിധാനത്തും മുതിർന്ന പൗരന്മാർക്കു വേണ്ട ക്ഷേമപ്രവർത്തനങ്ങൾ കൃത്യമായി ലഭ്യമാക്കും.
കെഎസ്ആർടിസി ബസിൽ മുതിർന്ന പൗരന്മാരുടെ സീറ്റ് സംവരണം, വിശ്രമകേന്ദ്രങ്ങളുടെ പ്രവർത്തനം, പ്രാഥമിക മെഡിക്കൽ സംവിധാനം, പാലിയേറ്റിവ് കെയർ തുടങ്ങിയ സൗകര്യങ്ങൾ ഊർജ്ജിതമാക്കാൻ ഉദ്യോഗസ്ഥർക്കു സമിതി നിർദേശം നൽകി.
ശൗചാലയ സൗകര്യം, കുടിവെള്ള സൗകര്യം, സന്നദ്ധ സേവനസംഘടനകളുടെ പ്രവർത്തനങ്ങൾ, വാഹനങ്ങൾക്കുള്ള പാർക്കിംഗ് സംവിധാനം തുടങ്ങിയവ യോഗം വിലയിരുത്തി. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളും സമിതി ചർച്ച ചെയ്തു. യോഗത്തിന് ശേഷം സമിതി ചെയർമാന്റെ നേതൃത്വത്തിൽ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരുമടങ്ങിയ സംഘം തീർഥാടകർക്കായുള്ള സൗകര്യങ്ങൾ പരിശോധിച്ചു.

സമിതി അംഗങ്ങളായ വാഴൂർ സോമൻ, സി. കെ. ഹരീന്ദ്രൻ, ജോബ് മൈക്കൾ, കെ പി കുഞ്ഞഹമ്മദുകുട്ടി മാസ്റ്റർ, ജില്ലാ കളക്ടർ എ ഷിബു, ജില്ലാ പോലീസ് മേധാവി വി അജിത്, പമ്പ സ്റ്റേഷൻ ഓഫീസർ ജി പൂങ്കുഴലി, ശബരിമല എഡിഎം സൂരജ് ഷാജി, അടൂർ ആർഡിഒ എ. തുളസീധരൻ പിള്ള, ജില്ലാ സാമൂഹികനീതി ഓഫീസർ ബി മോഹനൻ, മറ്റു വകുപ്പു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പമ്പയിലെ പരിശോധനകൾക്കു ശേഷം സന്നിധാനത്ത് എത്തിയ സംഘം അവിടുത്തെ ക്രമീകരണങ്ങൾ വിലയിരുത്തി. ഇത് സംബന്ധിച്ച അവലോകനയോഗം ഇന്ന് (6) രാവിലെ ഒൻപതിനു സന്നിധാനം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേരും.


