എടത്വാ: തെരഞ്ഞെടുപ്പ് ചൂട് ഒരു ഭാഗത്ത് നടക്കുമ്പോഴും പ്രതീക്ഷകൾ നെഞ്ചിലേറ്റി ഇക്കുറി കർഷകർ പുഞ്ചകൃഷി വിതയിറക്കി. എടത്വാ കൃഷിഭവൻ പരിധിയിൽ വരുന്ന അപ്പർ കുട്ടനാട്ടിലെ 100 ഏക്കർ വ്യാപ്തിയുള്ള മങ്കോട്ട പാടശേഖരത്തിലും തലവടി കൃഷി ഭവന്റെ പരിധിയിൽ വരുന്ന 110 ഏക്കർ വരുന്ന ചൂട്ടുമാലി പാടശേഖരത്തിലും കൃഷിയിറക്ക് ആരംഭിച്ചു. വിതയിറക്കിന് മുന്നോടിയായി പാടശേഖരങ്ങളിൽ കളനാശിനി തളിച്ചശേഷം വെള്ളത്തിൽ മുക്കിഇട്ടിരിക്കുകയായിരുന്നു. രണ്ട് ദിവസമായി പെയ്ത കനത്തമഴ വിതയിറക്കിന് ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും വെള്ളത്തിലെ വിതയ്ക്ക് സാരമായി ബാധിക്കാറില്ലെയെന്ന് ചൂട്ടുമാലി പാട ശേഖര സമിതി പ്രസിഡന്റ് സന്തോഷ് മാത്യൂ, സെക്രട്ടറി പി.കെ ശിവാനന്ദൻ, കൺവീനർ സുരേഷ് അഞ്ചുമനയ്ക്ക്ൽ , എക്സിക്യൂട്ടീവ് അംഗം ഡോ.ജോൺസൺ വി ഇടിക്കുള എന്നിവർ പറഞ്ഞു.

അതേ സമയം കുട്ടനാട് പ്രദേശത്ത് ആദ്യ കളനാശിനി പ്രയോഗം നടക്കാനിരിക്കേ ഇപ്പോൾ ലഭിക്കുന്ന മഴ കൃഷിക്ക് അനുയോജ്യമാണന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.അപ്പർ കുട്ടനാടിൻ്റെ തെക്കൻ മേഖലയായ വീയപുരം കൃഷിഭവൻ പരിധിയിലെ 365 ഏക്കർ വിസ്തീർണ്ണമുള്ള മുണ്ടുതോട് പോളത്തുരുത്ത്, 220 ഏക്കർ വിസ്തീർണ്ണമുള്ള കട്ടക്കുഴി തേവേരി, പാവടി പാടശേഖരങ്ങളിലും വിതയിറക്കിന് ഉറവ ജലം വറ്റിയ്ക്കുന്ന തിരക്കിലാണ് കർഷകർ. മുപ്പായിക്കേരി മുട്ടും പാട്, വെട്ടിപ്പുതുക്കരി തുടങ്ങിയ പാടശേഖരങ്ങളിൽ വിതയിറക്കിന് മുന്നോടിയായി പാടശേഖരങ്ങളിൽ കളനാശിനി തളിച്ചശേഷം വെള്ളത്തിൽ മുക്കി ഇട്ടിരിക്കുകയാണ്. വിതയിറക്കാത്ത പാടങ്ങളിൽ രണ്ട് ദിവസമായി ലഭിക്കുന്ന കനത്തമഴയും ഉറവയും മൂലം വെള്ളം കെട്ടിക്കിടക്കുന്ന പാടത്തു നിന്ന് വെള്ളം പമ്പു ചെയ്യുന്ന തിരക്കിലാണ് കർഷകർ.


