സർക്കാർ കുത്തുപാളയെടുത്തോ ?

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ വാഹനങ്ങൾ ഗതാഗത നിയമം ലംഘിച്ചാൽ മോട്ടോർ വാഹന വകുപ്പ് ചുമത്തുന്ന പിഴത്തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നെ അടയ്ക്കണമെന്ന് ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി എഡിജിപി നീരജ്കുമാർ ഗുപ്ത ഇന്നലെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനെതിരേ പൊലീസ് സേനയിൽ അമർഷം ശക്തമായി.

പൊലീസ് ഡിപ്പാർട്ട്‌മെന്റ് എന്നാൽ നിയമം നടപ്പാക്കുന്നതിന് നിയോഗിക്കപ്പെട്ട അതോറിറ്റിയാണ്. അതു കൊണ്ട് തന്നെ പൊലീസ് സേനയിലെ മുഴുവൻ ഉദ്യോഗസ്ഥരും ഗതാഗത നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. ഇതു സംബന്ധിച്ച് കർശന ഉത്തരവ് പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്ന് നേരത്തേ നൽകിയിരുന്നു. എന്നാൽ ഇത് പരക്കെ ലംഘിക്കപ്പെടുന്നു. ഗതാഗത നിയമലംഘനം ഒഴിവാക്കാൻ നൽകിയ നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് മോട്ടോർ വാഹനവകുപ്പിൽ നിന്ന് ദിനംപ്രതി വരുന്ന ചെല്ലാനിൽ നിന്ന് ബോധ്യപ്പെട്ടിരിക്കുന്നു.

അതിനാൽ ഏത് ഉദ്യോഗസ്ഥനാണോ ഗതാഗത നിയമം ലംഘിക്കുന്നത്, അതിനുള്ള പിഴ അടയ്ക്കുക എന്നുള്ളത് അയാളുടെ വ്യക്തിപരമായ ഉത്തരവാദിത്തമാണ്. അതു കൊണ്ട് തന്നെ ഔദ്യോഗിക വാഹനത്തിന് വരുന്ന ചെല്ലാനിലുള്ള പിഴത്തുക അത് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥൻ വ്യക്തിപരമായി സ്വന്തം പോക്കറ്റിൽ നിന്ന് അടയ്ക്കണമെന്നും സർക്കാരിന് ഇതിന് വേണ്ടി കൊടുക്കാൻ കാശില്ലെന്നും ഉത്തരവിലുണ്ട്.

ഉത്തരവിനെതിരേ സേനയിൽ അമർഷം ശക്തമായി. മന്ത്രിമാർക്കും മറ്റ് വിഐപിമാർക്കും പൈലറ്റും എസ്‌കോർട്ടും പോകുമ്പോഴാണ് പലപ്പോഴും അമിത വേഗത്തിന് പിഴ ലഭിക്കുന്നത്. അപകടത്തിൽപ്പെട്ടവരുമായി പോയാലും കുറ്റവാളികളെ പിന്തുടർന്നാലും അമിത വേഗത്തിന് പിഴ കിട്ടും. ഇതൊക്കെ സ്വന്തം പോക്കറ്റിൽ നിന്ന് ഉദ്യോഗസ്ഥർ എടുത്ത് അടയ്ക്കാനാണ് നിർദേശം വന്നിരിക്കുന്നത്. ഇതൊന്നും തന്റേതായ പിഴവായി ഉദ്യോഗസ്ഥർക്ക് കണക്കാക്കാൻ പറ്റില്ല.

എന്നാൽ, സീറ്റ് ബെൽറ്റിടാതിരിക്കുക, വൺവേ തെറ്റിക്കുക, ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളാണെങ്കിൽ അത് ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ ഉത്തരവാദിത്തമാകും. അതിന് പിഴ അടയ്ക്കുന്നതിൽ തെറ്റില്ല. പൈലറ്റും എസ്‌കോർട്ടും പോകുമ്പോഴുള്ള അമിത വേഗത്തിന് തങ്ങൾ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് പറയുന്നതാണ് സേനയിൽ അമർഷത്തിന് കാരണമാകുന്നത്. ഇനി ഏത് വിഐപിക്ക് പൈലറ്റും എസ്‌കോർട്ടും പോയാലും കാമറ കാണുമ്പോൾ വേഗം കുറയ്ക്കുകയോ ചവിട്ടി നിർത്തുകയോ അല്ലാതെ മറ്റ് മാർഗമില്ലെന്ന് ഇവർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *