കാഠ്മണ്ഡു : കനത്ത നാശംവിതച്ച നേപ്പാളിലെ മിന്നൽ പ്രളയത്തിൽ 46 പേരുടെ മരണം സ്ഥിരീകരിച്ചു. 93 പേർക്ക് പരിക്കേറ്റതായും 46 മൃതദേഹങ്ങൾ കണ്ടെടുത്തതായും നേപ്പാൾ അധികൃതർ അറിയിച്ചു. നൂറിലധികം ഇന്ത്യക്കാരടക്കം നാന്നൂറോളം പേരെ പ്രളയത്തിൽ കാണാതായിട്ടുണ്ട്. ടിബറ്റൻ അതിർത്തിക്കടത്തുള്ള റസുവ ജില്ലയിലുണ്ടായ മിന്നൽപ്രളയം കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്.
ബുധനാഴ്ച പുലർച്ചെയായായിരുന്നു മിന്നൽപ്രളയം. ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയ പ്രളയത്തിൽ നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികൾ തകരാറിലായിട്ടുണ്ട്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ താഴേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വർദ്ധിച്ചേക്കാവുന്ന സാഹചര്യത്തെ നേരിടാൻ യു.പി., ബിഹാർ അധികൃതർ മുന്നൊരുക്കങ്ങൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ അടിയന്തരയോഗം വിളിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാരുമായി സംസാരിച്ചു.
നേപ്പാളിൽനിന്ന് നിരവധി നദികൾ ബിഹാറിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇതിൽ മിന്നൽപ്രളയമുണ്ടായ ഗണ്ഡക് നദിയും കോസി നദിയുമാണ് പ്രധാനം. ഈ നദികൾ ഹിമാലയത്തിലും ടിബറ്റിലും ഉത്ഭവിച്ച് ഇന്ത്യൻ സമതലങ്ങളിലേക്ക് പ്രവേശിക്കുന്നു. ഇതിനിടെ, അനുശോചനം രേഖപ്പെടുത്തി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. നേപ്പാൾ ജനതയ്‌ക്കൊപ്പം ഇന്ത്യ നിലകൊള്ളുമെന്നും സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകാൻ തയ്യാറാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഇന്ത്യൻ സംഘങ്ങൾ ഒപ്പമുണ്ടെന്നും മോദി വ്യക്തമാക്കി.
105 ഇന്ത്യക്കാരെ കാണാതായിട്ടുണ്ടെന്നാണ് നേപ്പാൾ ടൂറിസം അധികൃതർ പുറത്തുവിട്ട കണക്ക്. ഇതിൽ മലയാളികളുണ്ടോ എന്നത് വ്യക്തമല്ല. നേപ്പാളിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങൾക്കായി അടിയന്തര ഹെൽപ്പ്ലൈൻ നമ്പറുകൾ സജ്ജീകരിച്ചിട്ടുണ്ട് (+977 985 131 6807, +977 970 910 7500).
What do you feel about this post?
Like
Love
Happy
Haha
Sad

