സൂറത്ത് – മുനിസിപ്പൽ കോർപ്പറേഷനിലെ (എസ്എംസി) ആറ് എഎപി കൗൺസിലർമാർ പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നു. വെള്ളിയാഴ്ച അർധരാത്രിയിലായിരുന്നു രാജി. ഗണശ്യാം മക്വാന, ധർമ്മേന്ദ്ര വാവലിയ, കിരൺ കോഖാനി, അശോക് ധാമി, നിരാലിബെൻ പട്ടേൽ, സ്വാതി ക്യാദ എന്നിവരാണ്, സംസ്ഥാന ആഭ്യന്തരമന്ത്രി ഹർഷ് സാംങവി, വിദ്യാഭ്യാസ മന്ത്രി പ്രഫുൽ പൻസേരിയയുടെ സാന്നിധ്യത്തിൽ പാർട്ടി ആസ്ഥാനത്ത് വെച്ച് ബിജെപിയിൽ അംഗത്വമെടുത്തത്. പാർട്ടി വിട്ടത് ആരുടേയും സമ്മർദ്ദത്തിനോ വാഗ്ദാനങ്ങൾക്കോ വഴങ്ങിയിട്ടല്ലെന്നും സ്വയം എടുത്ത തീരുമാനമാണെന്നും രാജിക്കത്തിൽ പറയുന്നു. ഇതിന്റെ പകർപ്പ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നേരത്തെ നാല് എഎപി കൗൺസിലർമാർ പാർട്ടിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു.


