കറ്റോട്ചീപ്പ് വെള്ളപൊക്കത്തെ അതിജീവിച്ചാൽ ; കുറ്റപ്പുഴ” തിരുവല്ലയിൽ ടൂറിസം വളർത്തും”

Pathanamthitta

തിരുവല്ല – ജൂലൈ മാസം 31 നു ആരംഭിച്ച മൺസൂൺ കാലവർഷം മണിമലയാറിനെയും പമ്പാനദിയെയും കരകവിഞ്ഞു ഒഴുക്കി നിരവധി ജീവനുകൾക്കു ദോഷകരമാംവിധം ബാധിച്ചപ്പോൾ നേരിട്ട് കണ്ട കാഴ്ച്ചകൾ സങ്കടകരമായിരുന്നു. അതിൽ മനുഷ്യ നിർമ്മിതമായതും വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനമാണ് കറ്റോടു ചീപ്പ്! പൊട്ടിയ ചീപ്പ് കാണാൻ പോയ പോക്കാണ് ഒരു പ്രദേശമാകമാനം ദുരിതം വിതക്കുന്നതിനെ പഠിക്കാനും കുറ്റപ്പുഴയെ കുറിച്ച് എഴുതാനും പ്രേരണയായത്.

കറ്റോട് ചീപ്പും,കുറ്റപ്പുഴയുടെ മരണത്തെകുറിച്ചാണ് പോയ 7 അധ്യായങ്ങൾ എഴുതിയതെങ്കിൽ എങ്ങനെ പരിഹരിക്കാം എന്ന ഒരു നിർദ്ദേശത്തോടെ ലേഖനം അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഈ സമയം തകർന്ന ചീപ്പും കുറ്റപ്പുഴയും നന്നാക്കുവാൻ ,ശുചീകരിക്കുവാൻ ബഹു.സംസ്ഥാന ജലസേചന വകുപ്പ് മന്ത്രിക്കു ബഹു.തിരുവല്ല എം.എൽ.എ. അഡ്വ. വർഗീസ് മാമൻ മുഖാന്തരം നിവേദനം നൽകാനായി വിവിധ ജനപ്രതിനിധികളും പൊതുപ്രവർത്തകരും പ്രദേശത്താകമാനം ഒപ്പുശേഖരണം നടത്തിവരുന്നു എന്നതാണ് ഏറെ സന്തോഷം!
കഴിഞ്ഞ 25 വർഷമായി എന്തെല്ലാം അറ്റകുറ്റ പണികൾ ചീപ്പിൽ നടത്തിയിട്ടുണ്ടന്നും കുറ്റ- പ്പുഴയിൽ വൃത്തിയാക്കൽ നടന്നിട്ടുണ്ടോ എന്നറിയുന്നതിലേക്കു തിരുവല്ല മുനിസിപ്പാലിറ്റിയിലും കവിയൂർ ഗ്രാമ പഞ്ചായത്തിലും തിരുവല്ല ,മല്ലപ്പള്ളി എന്നീ മൈനർ ഇറിഗേഷൻ ഓഫീസിലും വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

#നിലവിലുള്ളപ്രശ്നങ്ങൾ*
1.ചീപ്പിൻറെ അടിയന്തര റിപ്പയറിങ് നടത്തി വരാൻ പോകുന്ന വെള്ളപ്പൊക്കങ്ങൾ മൂലം (തുലാവെള്ളം ) പ്രദേശവാസികൾക്കു ദുരിതം ഉണ്ടാകാതിരിക്കാനുള്ള അടിയന്തിര നടപടി ഉണ്ടാകണം.

2.കറ്റോട് മണിമലയാറിന്റെ മൂഴിക്കൽ നിന്നും “കുറ്റപ്പുഴ” ചുമത്ര-കോട്ടാലി-കടന്നു കല്ലരിക്കൻ കാവിൽ തോട്ടായി തോടുമായി ചേർന്ന് രണ്ടായി പിരിഞ്ഞു കല്ലുർക്കടവു പാലത്തിനടിയിൽ കൂടി ഒരുഭാഗം ളാപാലത്തിൽ എത്തുന്ന കുറ്റപ്പുഴയിലെ മണ്ണും പോളവാഴയും പായലും ചെളിയും നീക്കം ചെയ്യുന്നതിന് യാതൊരു തടസ്സം നിലവിൽ ഇല്ല.അങ്ങനെ നീക്കം ചെയ്യപ്പെട്ടാൽ കുറ്റപ്പുഴ ഒഴുകി എ.സി. കനാലിൽ കൂടി കിടങ്ങറ ആറിൽ ചെന്ന് ചേരും.
(ഇത്രയും കാര്യം നടപ്പിലാക്കുന്നതിനു ഒരു ജീവിയെപോലും മാറ്റി താമസിപ്പിക്കുകയോ മറ്റു ജീവ ജാലങ്ങൾക്കു തടസ്സമോ ഇല്ലാത്തതാകുന്നു )

3.പാറേക്കടവിൽ നിന്ന് വരുന്ന തോട്ടായി കുറ്റപ്പുഴയെ തൊട്ട് കല്ലരിക്കൻകാവ് വഴി പന്നിക്കുഴി ഭാഗത്തുകൂടി തോട്ടാണിശ്ശേരിപ്പലം കഴിഞ്ഞു വേങ്ങൽ കൂടി ചെമ്പ്ര പാലം പിന്നിട്ടു മുട്ടാർ വഴി കിടങ്ങറ ആറിൽ പ്രവേശിക്കുന്ന കുറ്റപ്പുഴയുടെ കൈവഴിയുടെ ഒഴുക്ക് നേരെയാക്കാൻ ശ്രമകരമായ പദ്ധതി ആവശ്യമായി വരും.
(പന്നിക്കുഴി പാലം മുതൽ കുറെ കുടുംബങ്ങൾ . (സൈഡിൽ )വീടുവെച്ചു താമസിക്കുന്നു.മുന്നോട്ടുപോകുമ്പോൾ തോടിന്റെ വീതി പലേടത്തും ശോഷിച്ചിരിക്കുന്നു.

4.തൊട്ടാണിശ്ശേരിപ്പാലം മുതൽ വേങ്ങൽ – ചെമ്പ്ര പാലം ഉൾപ്പെടുന്ന കുറ്റ-പുഴ 2018 -ലെ വെള്ളപ്പൊക്കത്തിൽ കിഴക്കൻ മലയിൽ നിന്നും ഉരുളുപൊട്ടി വന്ന മലമണ്ണും എക്കലും അടിഞ്ഞു തോടിന്റെ ആഴം ഇല്ലാതായിരിക്കുന്നു.അതിനുമുകളിൽ പായലും പോളയും ചേർന്നു കട്ടിപിടിച്ചു സൂചി വീഴാൻ പറ്റാത്ത വിധം കട്ടിയായി ഒന്നിനോട് ഒന്നു ചേർന്നു നിൽകുന്നു.

(തിരുവല്ല മുനിസിപ്പാലിറ്റിയും പെരിങ്ങര പഞ്ചായത്തും കൂട്ടായി പദ്ധതി തയാറാക്കിയാൽ തിരുവല്ല പബ്ലിക് സ്റ്റേഡിയവും ഉയർത്താനുള്ള മണ്ണ് കുറ്റപ്പുഴയുടെ ഈ ഭാഗത്തു നിന്നു ലഭിക്കും.ഇതിന്റെ കരയിൽ നല്ല വീതിയുള്ള ടാർ റോഡ് ഉണ്ട് .മെഷീനുകൾ ഉപയോഗിച്ച് ചെളിയും മണ്ണും നീക്കാൻ സൗകര്യം ഉണ്ട്.ഇക്കാര്യത്തിൽ പ്രയോഗികതയും ഇച്ഛാശക്തിയും ദൃഢനിച്ചയവും ഉള്ള ഭരണാധികാരികൾ വേണം )

ഇവ നീക്കം ചെയ്താൽ ഈ പ്രേദേശത്തുകൂടി ഒഴുകുന്ന കുറ്റപ്പുഴയുടെ ആഴം വർദ്ധിക്കുകയുംവെള്ളത്തിലാകുന്ന തിരുവല്ല പബ്ലിക് സ്റ്റേഡിയം ഉയർത്താൻ ആവശ്യമായ മണ്ണ് ലഭിക്കുകയും ചെയ്യും.(സർക്കാരിന്റെയും പ്രാദേശിക സർക്കാരുകളുടെയും ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും രാഷ്ട്രീയം മറന്നുള്ള നിസ്വാർത്ഥമായ ഇടപെടീൽ ഉണ്ടായാൽ കാര്യത്തിന് നടപടി ഉണ്ടാകും.പ്രാദേശിക സർക്കാരുകൾ പദ്ധതി ആസൂത്രണം ചെയ്യുമ്പോൾ അവരവരുടെ വാർഡുകളിലും അവരവരുടെ ഡിവിഷനിലും മാത്രമായി ശ്രദ്ധിച്ചുവരുന്ന കാഴ്ച്ചപ്പാട് മാറ്റി പൊതുവായ ആവശ്യത്തിനു പണം വകയിരുത്തി നടപടി സ്വീകരിപ്പിക്കുവാൻ പ്രദേശവാസികൾ ഉണരണം.)

5.മാലിന്യവും കക്കൂസ് മാലിന്യവും കെട്ടി കിടക്കുന്ന പ്രദേശമാണ് കുറ്റപ്പുഴയുടെ ഇരുകരകളിലും .
(കറ്റൊടു മുതൽ കോട്ടാലിൽ വരെ ചെറിയ തടസങ്ങൾ മാത്രമേ ശ്രദ്ധയിൽ പെട്ടിട്ടുള്ളു.അതെല്ലാം ചിത്രം സഹിതം ഇതിനോടകം നിങ്ങൾ മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ടാകും.വെള്ളപ്പൊക്കം വരുമ്പോൾ മാത്രമേ എല്ലാവർക്കും പ്രകൃതി സ്നേഹത്തിൽ ഉത്സാഹം ഉള്ളു. പിന്നെ രണ്ട് വെയിലായി കണ്ടാൽ അങ്ങനെ ഒരു സംഭവം നാട്ടിൽ നടന്നതായി ആരും ചിന്തിക്കാതെയുള്ള പരക്കംപാച്ചിലിലേക്കാണ്.

6.കറ്റോടു ചീപ്പ് മണിമലയാറിനെ വർഷകാലത്തു കുറ്റപ്പുഴയിലേക്ക് കയറാതിരിക്കാനുള്ള ഒരു ഡാം എന്ന നിലയിൽ പ്രവർത്തിക്കുന്നു.മലമ്പ്രദേശത്തുനിന്നു ഒഴുകി വരുന്ന മഴവെള്ളവും മറ്റും ചീപ്പിന്റെ എതിർ ദിശയിലുള്ള ഭാഗത്തുകൂടി കൂടി കുറ്റപ്പുഴ സുഖമമായി കിടങ്ങറ ആറിൽ എത്തിക്കാവുന്നത് പുഴ തടസ്സപ്പെട്ടിട്ടുള്ളതിനാൽ ചീപ്പിനോട് ചേർന്നുള്ള താഴ്ന്ന ഭാഗങ്ങൾ പെട്ടന്ന് വെള്ളത്തിൽ ആകുകയും ഘട്ടം ഘട്ടമായി വെള്ളം ഉയർന്നു ഒരു വലിയ പ്രദേശം തന്നെ വെള്ളത്തിൽ ആകുകയും ചെയ്യും.

7.കുറ്റപ്പുഴ തെളിക്കുന്നതിനും ചീപ്പ് നന്നാക്കുന്നതിനും തിരുവല്ല മുനിസിപ്പാലിറ്റി ,കവിയൂർ ഗ്രാമ പഞ്ചായത്ത് ,പെരിങ്ങര ഗ്രാമ പഞ്ചായത്ത് സംയുക്തമായി ഒരുമിച്ചു ചേർന്നു പണം ഉൾപ്പെടുത്തി പദ്ധതികൾ തയാറാക്കി നടപ്പിലാക്കാനുള്ള നടപടി ഉണ്ടാകണം.

8.മുകളിൽ പറഞ്ഞ പ്രാദേശിക സർക്കാർ പ്രതിനിധികൾ സ്വന്തം വാർഡുകളിൽ മാത്രം വോട്ട് ബാങ്ക് പ്രതീക്ഷകൾ നിറവേറ്റുന്നതിന് പകരം ഒരു സംയുക്ത യൂണിറ്റായി വിശാലമായി ചിന്തിച്ചു പ്രവർത്തിച്ചാൽ എല്ലാ വർഷകാലത്തിലും അതി ദുരിതമായ വെള്ളപ്പൊക്കത്തിൽ നിന്നും ഒരു പ്രദേശം നേരിടുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാകും!

9.പ്രാദേശിക സർക്കാരുകളുടെ തനതു ഫണ്ട് ,ധനകാര്യ കമ്മീഷന്റെ ഗ്രാൻറ് , അയ്യൻ‌കാളി തൊഴിലുറപ്പു പദ്ധതി ,നിലവിൽ ഗ്രാമപഞ്ചായത്തു നടപ്പിലാക്കുന്ന തൊഴിലുറപ്പു പദ്ധതി ,ഇറിഗേഷൻ ഡിപ്പാർട്ടമെന്റ് സഹായം ,സന്നദ്ധ സംഘടനകളുടെ സേവനം എന്നിവ കുറ്റപ്പുഴയെ വീണ്ടും ഒഴുക്കാൻ സഹായിക്കും.

10.തിരുവല്ല മുനിസിപ്പാലിറ്റിയിലെ നവജീവോദയം പ്രസ്സിന്റെ പിൻഭാഗത്തു വെച്ചിട്ടുള്ള മോട്ടോർ കറ്റോട് മണിമല ആറിന്റെ ആറ്റു മുയപ്പിൽ സ്ഥാപിക്കുക.
(ആവശ്യമെങ്കിൽ മറ്റൊരു വലിയമോട്ടോർ കൂടി വെച്ചാൽ വെള്ളത്തിന്റെ ഒഴുക്ക് കൂടും )

11.പന്നിക്കുഴിപാലത്തിന്റെ തടസ്സം മാറ്റിയാൽ ചന്തത്തോടും മുല്ലേലിൽ തോടും കുറ്റപ്പുഴ കൈവഴിയിൽ വന്നു ചേരും.

#കറ്റോട്ചീപ്പിന്റെയുംകുറ്റപ്പുഴയുടെയുംസാധ്യതകൾ*
1.കറ്റൊട് ചീപ്പ് ഒരു ഡാം ആയി പ്രവർത്തിക്കുന്നു.

2.ടി.കെ. റോഡിന്റെ ചീപ്പിനു മറു കരയിലുള്ള വലിയ വിഭാഗം മനുഷ്യരെയും ജീവജാലങ്ങളെയും കൃഷിയെയും മൺസൂൺ കാലത്തു വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കുന്നു.
ചീപ്പും പുഴയും വൃത്തിയാക്കിയാൽ വെള്ളപ്പൊക്കത്തിന്റെ ഭീഷണിയിൽ നിന്നും തിരുവല്ല മുനിസിപ്പാലിറ്റി ,കവിയൂർ ഗ്രാമ പഞ്ചായത്ത് ,പെരിങ്ങര ഗ്രാമ പഞ്ചായത്ത് എന്നീ പ്രദേശങ്ങൾ രക്ഷപെടും.

3.നവജീവോദയം പ്രസിന്റെ പിന്നിൽ വെച്ചിട്ടുള്ള മോട്ടോർ ആറിന്റെ ആരംഭ ഭാഗത്തു സ്ഥാപിച്ചാൽ വറവു കാലത്തു ആവശ്യത്തിനു വെള്ളം മണിമലയാറ്റിൽ നിന്നും കുറ്റ പുഴയിലേക്കു കയറ്റുകയുംനിലവിൽ കുറ്റപ്പുഴയിലെ ഒരു പ്രധാന തടസ്സം മാറ്റുകയും കൃഷിക്കും കുടിവെള്ളത്തിനും വലിയൊരു പ്രേദേശത്തു ബുദ്ധിമുട്ടു ഒഴിവാകുകയും ചെയ്യും. ഈ മോട്ടോർ മണിമല ആറിന്റെ തുടക്കത്തിൽ സ്ഥാപിച്ചാൽ മറ്റൊരു മോട്ടോറും പമ്പും വാങ്ങേണ്ടതില്ല .

4.കുറ്റപ്പുഴയുടെ ഇരുകരയിലും താമസിക്കുന്നവർക്ക് അഴുക്കു വെള്ളത്തിന്റെ നാറ്റമില്ലാതെ അന്തിയുറങ്ങാൻ പറ്റും.

5.കോളിഫോം ബാക്ടീരിയ കൊണ്ട് നിറഞ്ഞു കഴിയുന്ന ജലാശയം ചെറിയ ഇടപെടീൽ ഉണ്ടായാൽ ഒരു ജനത തന്നെ രക്ഷപെടും.കുളിക്കാനും തുണി നനക്കുന്നതിനും ഉപകരിക്കും .

6.കുറ്റപ്പുഴ കറ്റോട്ട് നിന്നും ഒഴുകി കോട്ടാലി പാലത്തിനടിയിൽ കൂടി ഒഴുകി ളാപാലം വഴി പോകുന്ന ശാഖ വൃത്തിയാക്കാൻ യാതൊരു തടസവും നിലവിൽ ഇല്ല.

7.ഈ ഭാഗത്തു പുഴ ഒഴുകിയാൽ പണ്ടുകാലത്തു നടന്നിരുന്ന വള്ളത്തിലുള്ള യാത്ര വീണ്ടും ആരംഭിക്കാം,ബോട്ടിംഗ് നടത്താം ,കയാക്കിങ് നടത്താം . കച്ചവട സാധ്യത വലിയതോതിൽ വർദ്ധിക്കും.

8.തിരുവല്ലയിൽ ടൂറിസത്തിനു വലിയ സാധ്യത ഉണ്ട്.കറ്റോടു വന്നു ബോട്ടിൽ യാത്ര ആരംഭിച്ചാൽ 7 കിലോമീറ്റര് ദൂരം ഒറ്റയടിക്കു പിന്നീടാൻ പറ്റും.പുഞ്ചയുടെ നടുക്ക് ചില മൺ തിട്ടകൾ വിനോദത്തിനും കച്ചവട സാധ്യതകൾക്കായും വലിയ സമ്പത്തിക ചിലവില്ലാതെ ഉപയോഗിക്കാം .

9.മഴക്കാല ടൂറിസത്തിനും വലിയ സാധ്യയതയാണുള്ളത്.മഴ ആഘോഷിക്കാൻ വിദേശികൾ വന്നുചേരും .(ചീപ്പ് വർഷകാലത്തു അടഞ്ഞുകിടന്നാൽ മഴവെള്ളം മാത്രമേ കുറ്റപ്പുഴയിൽ ഉണ്ടാകു.)
നാടിനെ ഭരിക്കുന്ന ജനപ്രതിനിധികളുടെ കണ്ണുകൾ ഇവിടെ ശ്രദ്ധയോടെ പതിഞ്ഞാൽ നമ്മുടെ നാട് തന്നെ മാറും.

10.തൊഴിൽ അവസരം കൂടും.

11.തിരുവല്ല നഗരവും സമീപ പഞ്ചായത്തുകളും ടൂറിസത്തിന്റെ ഭൂപടത്തിൽ ഇടം പിടിക്കും.

12.തോട്ടാണി പാലം മുതൽ ചമ്പ്ര പാലം വരെയുള്ള നമ്മുടെ ജില്ലയിലെ കുറ്റപ്പുഴയിലെ മണ്ണ് നീക്കം ചെയ്താൽ പബ്ലിക് സ്റ്റേഡിയം ഉയർത്താൻ പറ്റും.

13.കുറ്റപ്പുഴ ഒഴുകുന്ന ഭാഗത്തെ തോടുകൾ വൃത്തിയാക്കി പന്നിക്കുഴി പാലത്തിനടിയിൽ കൂടി വെള്ളത്തിന്റെ ഒഴുക്ക് ഉണ്ടായാൽ ഇവിടെയും ടൂറിസം സാധ്യത വളരെ ഏറെ യുണ്ട് .

14.നീരൊഴുക്ക് വർധിച്ചാൽ ജലസമ്പത്തും മത്സ്യസംബത്തും വർദ്ധിക്കും .

15.നാട്ടുകടവ് ,ഉണ്ണിച്ചിറ ,അടിച്ചിറ തുടങ്ങിയ ചിറകൾ തടകമായി മാറ്റിയെടുത്താൽ ചുറ്റുപാടുള്ള പ്രദേശം മറ്റൊരു വളർച്ചയിലേക്ക് കയറും.

16.നെൽകൃഷി മെച്ചപ്പെടുത്താൻ കൃഷിവകുപ്പു തയാറായാൽ കുറ്റപ്പുഴയിലൂടെഉള്ള യാത്ര എത്ര മനോഹരം തന്നെ.സിനിമ ഷൂട്ടിങിനും മറ്റും ഈ പ്രദേശം ഉപകരിക്കും.

എഴുത്തു തീർന്നാലും ഇതിനോടു ചേർന്നുള്ള തുടർ പ്രവർത്തനങ്ങൾ ഉണ്ടാകണം.പൊതു സമൂഹം ഉണർന്ന് ചിന്തിക്കണം.ജനകീയ അഭിപ്രായം ഉയരണം. ജനപ്രതിനിധികൾ ഉണരണം. ഗ്രാമസഭകളിലും വാർഡുസഭകളിലും ചർച്ച ഉണ്ടാവണം. നിരവധി പ്രതിഭാശാലികളെ വാർത്തെടുത്ത മാർത്തോമാ കോളേജും ആരോഗ്യ പരിപാലന രംഗത്തു ശ്രദ്ധേയമായ ബിലിവേഴ്‌സ് മെഡിക്കൽ കോളേജും പുഴയുടെ കരയിലാണ്. എൻ.സി .സി .എൻ. എസ്. എസ് തുടങ്ങിയ യൂണിറ്റിലെ കുട്ടികളുടെ ശ്രദ്ധ ഇക്കാര്യത്തിലേക്ക് ബന്ധപ്പെട്ടവർ കൊണ്ടുവരണം എന്ന് അഭ്യർത്ഥിക്കുന്നു.
ചുരുക്കുന്നു !

പരിചിതരിൽ നിന്നും അപരിചിതരിൽ നിന്നും ഒക്കെയാണ് വിവരങ്ങൾ ശേഖരിച്ചതും പഠിച്ചതും. ശ്രദ്ധയോടെ വായിച്ചവരും മറുപടിയിലൂടെ നല്ലതും ദോഷവും പറഞ്ഞവരും, എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി🙏 അറിയിക്കുന്നു. നാടുണരട്ടെ! കുറ്റപ്പുഴ ഒഴുകട്ടെ ! എല്ലാവർക്കും നന്മ നിറഞ്ഞ ഓണാശംസകൾ |❤️

ആദരവോടെ,
✍️ശിവകുമാർ അമൃതകല

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *