വെളുപ്പിന് പതുങ്ങി ക്ഷേത്രത്തിലെത്തി കഴകം ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാലപൊട്ടിക്കാൻ ശ്രമിച്ച പൂജാരി പിടിയിലായി !!

Crime

ഇലവുംതിട്ട: വെളുപ്പിന് ക്ഷേത്രത്തിലെത്തി കഴകം ജോലി ചെയ്യുന്ന സ്ത്രീയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണ്ണമാല കവരാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ. പത്തനംതിട്ട ഇലന്തൂർ പൂക്കോട് ഗുരുമന്ദിരത്തിന് സമീപം മെട്ടയിൽ വീട്ടിൽ ബിജുമോൻ എം.പി (52) ആണ് ഇലവുംതിട്ട പോലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിലൂടെ പിടിയിലായത്. ഇലവുംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ ഉള്ളന്നൂർ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിലെ പൂജാരിയാണ് ബിജുമോൻ.

വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് കേസിനാസ്പദമായ നടുക്കുന്ന സംഭവം നടന്നത്. ഇതേ ക്ഷേത്രത്തിൽ ഇയാളോടൊപ്പം കഴകം ജോലി ചെയ്തുവന്നിരുന്ന ഉള്ളന്നൂർ സ്വദേശിനി വിജയമ്മയുടെ (63) മാലയാണ് കവരാൻ ശ്രമിച്ചത്. പതിവുപോലെ രാവിലെ ക്ഷേത്രമുറ്റം തൂത്ത് വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു വിജയമ്മ.

ഈ സമയത്താണ് ബൈക്കിലെത്തിയ ബിജുമോൻ ക്ഷേത്രത്തിന് അല്പം അകലെയായി വാഹനം മാറ്റ പാർക്ക് ചെയ്തത്. തുടർന്ന് സമീപത്തെ റബ്ബർ തോട്ടത്തിലൂടെ രഹസ്യമായി ക്ഷേത്രത്തിനുള്ളിൽ കടക്കുകയായിരുന്നു. ക്ഷേത്രത്തിലുണ്ടായിരുന്ന പട്ട് ഉടയാടയിൽ മുളകുപൊടി വിതറി, അത് വിജയമ്മയുടെ മുഖത്തമർത്തി ശ്വാസം മുട്ടിക്കുകയും കഴുത്തിലെ സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു.

എന്നാൽ ധൈര്യപൂർവ്വം കുതറിമാറിയ വിജയമ്മ ഉച്ചത്തിൽ നിലവിളിച്ചു. ഭയന്നുപോയ പൂജാരി ഉടൻതന്നെ പുറത്തേക്ക് ഓടിപ്പോയി. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ പരിസരപ്രദേശങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിൽ രക്ഷപ്പെടാൻ ശ്രമിച്ച ബിജുമോനെ തടഞ്ഞുവെക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ ഇലവുംതിട്ട പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

ഇലവുംതിട്ട എസ്.എച്ച്.ഒ രാജേഷ് കുമാർ കെ.ആറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ ബിജുമോൻ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ കൊലപാതക കേസിലും കോയിപ്പുറം സ്റ്റേഷനിലെ മറ്റൊരു ക്രിമിനൽ കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

100%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *