പത്തനംതിട്ട – അറിവിന്റെ ഉന്നതിയിലെത്താനുള്ള ശരിയായ വഴി വായനയാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി. പി എൻ പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ല ഭരണകൂടം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കുളനട സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച വായനാദിന- മാസാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിൽ മുഖ്യാതിഥിയായിരുന്നു ദീനാമ്മ റോയി. നാളത്തെ നല്ല പൗരനാകാൻ വായനാശീലം ജീവിതത്തിന്റെ ഭാഗമാക്കണം. ഭാഷാനൈപുണ്യവും വ്യക്തിത്വ വികസനും ആർജിക്കാൻ വായനയിലൂടെ സാധിക്കും. പരന്ന വായനയിലൂടെ അറിവ് നേടാൻ ഓരോരുത്തരും ശ്രമിക്കണമെന്ന് അവർ പറഞ്ഞു.
ജീവിതത്തിൽ വിജയിക്കണമെങ്കിൽ വായന അത്യാന്താപേക്ഷിതമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ വ്യക്തമാക്കി. മഹാത്മ ഗാന്ധി, സ്വാമി വിവേകാനന്ദൻ, എപിജെ അബ്ദുൾ കലാം തുടങ്ങിയ മഹാൻമാർ വായനയിലൂടെ വ്യക്തിത്വം സൃഷ്ടിച്ചവരാണ്. കുട്ടികൾ ഗ്രന്ഥശാലയിൽ സമയം ചെലവഴിക്കണമെന്നും ദിവസവും പുതിയ കാര്യങ്ങൾ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളുടെ കൈപ്പുസ്തകം ‘എഴുത്തോല’ സബ് കലക്ടർ പ്രകാശനം ചെയ്തു.
പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ല ചെയർപേഴ്സൺ ഫാ. എബ്രഹാം മുളമൂട്ടിൽ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് അംഗം സബിത അജയകുമാർ പി എൻ പണിക്കർ അനുസ്മരണം നടത്തി. കാൻഫെഡ് ജില്ല അധ്യക്ഷൻ എസ് അമീർ ജാൻ വായനാദിന പ്രതിജ്ഞ ചൊല്ലി. പി എൻ പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി സി കെ നസീർ, കുളനട ഗ്രാമപഞ്ചായത്തംഗവും വായനക്കൂട്ടം കോർഡിനേറ്ററുമായ ജി രഘുനാഥ്, ആറന്മുള എഇഒ കെ എസ് ജയന്തി, സാക്ഷരതാമിഷൻ ജില്ല കോർഡിനേറ്റർ റ്റോജോ ജേക്കബ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ പ്രവീൺ ജി. നായർ, പിടിഎ പ്രസിഡന്റ് ഗോപാലകൃഷ്ണൻ, എസ്എംസി ചെയർമാൻ ജോബ് തോമസ്, സ്‌കൂൾ പ്രിൻസിപ്പൽ ശ്രീകുമാർ, ക്വിസ് മാസ്റ്റർ ബിനു വി കുറുപ്പ്, പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ല വൈസ് ചെയർപേഴ്സൺ ജോൺ മാത്യൂസ്, പ്രധാനധ്യാപിക സ്മിത, അധ്യാപകർ, സ്‌കൂൾ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാന അധ്യാപക അവാർഡ് നേടിയ ഫിലിപ്പ് ജോർജ്, കെ എസ് ജയരാജ് എന്നിവരെ ആദരിച്ചു. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവ് പി എൻ പണിക്കരുടെ 31-ാം ചരമദിനമായ ജൂൺ 19 മുതൽ ജൂലൈ 18 വരെ വിവിധ പരിപാടികൾ വായനാദിന- മാസാഘോഷത്തോടനുബന്ധിച്ച് നടത്തും.


