ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും അഴിമതിയും : വണ്ടന്‍മേട് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിക്കെതിരെ വിജിലന്‍സ് അന്വേഷണം.

Idukki
Print Friendly, PDF & Email

ഇടുക്കി – ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും അഴിമതിയും നടത്തിയെന്ന പരാതിയില്‍ വണ്ടന്‍മേട് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. വിജിലന്‍സ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എറണാകുളം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.സര്‍ക്കാര്‍ ഭൂമിയിലും കുത്തകപ്പാട്ട ഭൂമികളിലുമുള്ള അനധികൃത നിര്‍മാണങ്ങള്‍ക്ക് ചട്ടങ്ങള്‍ ലംഘിച്ച് പെര്‍മിറ്റ് അനുവദിച്ചതായും ഇതിലൂടെ ഉദ്യോഗസ്ഥന്‍ വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചതായുമാണ് പ്രധാന ആരോപണം.

വര്‍ഷങ്ങളായി ഒരേ പഞ്ചായത്തില്‍ത്തന്നെ ജോലി ചെയ്യുന്ന ഈ ഉദ്യോഗസ്ഥനെതിരെ മുന്‍പും വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു.വിജിലന്‍സ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം വണ്ടന്‍മേട് പഞ്ചായത്ത് ഓഫീസിലെത്തി വിശദമായ പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി ഓഫീസിലെ പ്രധാനപ്പെട്ട പല രേഖകളും വിജിലന്‍സ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അസിസ്റ്റന്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല.

ഇതേത്തതുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ മുഖേന അസിസ്റ്റന്റ് സെക്രട്ടറിക്ക് നോട്ടീസ് നല്‍കാന്‍ വിജിലന്‍സ് തീരുമാനിച്ചു. വരും ദിവസങ്ങളില്‍ എറണാകുളത്തെ വിജിലന്‍സ് ഓഫീസിലേക്ക് ഇദ്ദേഹത്തെ വിളിപ്പിക്കുമെന്നാണ് സൂചന.

അന്വേഷണത്തിന്റെ ഭാഗമായി കൃഷി ഓഫീസിന് സമീപമുള്ള അസിസ്റ്റന്റ് സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലും താമസസ്ഥലത്തും വിജിലന്‍സ് സംഘമെത്തി വിവരങ്ങള്‍ ശേഖരിച്ചു.നിലവില്‍ പിടിച്ചെടുത്ത രേഖകളും മറ്റ് തെളിവുകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും വിജിലന്‍സ് തുടര്‍ നടപടികളിലേക്ക് കടക്കുക.

Leave a Reply

Your email address will not be published. Required fields are marked *