പോലീസ് ജീപ്പ് മോഷ്ടിച്ച് സ്വയം ‘എസ്‌ഐ’ ആയ ബിജു: മോഷണ ജീപ്പുമായി വാഹന പരിശോധനയും: കാമാക്ഷി ബിജുവും മകനും പിടിയിലാകുമ്പോൾ പഴയ കഥകൾ വീണ്ടും ചർച്ചയിൽ

Crime Idukki
Print Friendly, PDF & Email

ഇടുക്കി/കട്ടപ്പന: മോഷണമെന്നാൽ കാമാക്ഷി ബിജുവിന് അതൊരു ലഹരിയാണ്. പൊലീസിനെ വിറപ്പിച്ചും അമ്പരപ്പിച്ചും ഇടുക്കിയുടെ മലയോര മേഖലകളിൽ ബിജു തുന്നിച്ചേർത്തത് ക്രിമിനൽ ലോകത്തെ അവിശ്വസനീയമായ വീരഗാഥകളാണ്. കഴിഞ്ഞ ദിവസം മകനോടൊപ്പം ഏലയ്ക്ക മോഷണക്കേസിൽ പിടിയിലാകുമ്പോൾ, അവസാനിക്കുന്നത് കാൽനൂറ്റാണ്ടോളം നീണ്ട ഒരു ‘സമാന്തര എസ്‌ഐ’യുടെ പരാക്രമങ്ങൾക്കാണ്.

സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളിലായി ഒട്ടേറെ മോഷണക്കേസുകളിൽ പ്രതികളായ കാമാക്ഷി എസ്.ഐ എന്ന പേരിൽ അറിയപ്പെടുന്ന കാമാക്ഷി വലിയപറമ്പിൽ ബിജു (53), മകൻ വിപിൻ ബിജു (23) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പിടികൂടുന്നതിനിടെ പെപ്പർ സ്‌പ്രേ ഉപയോഗിച്ച് പോലീസിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതികളെ ബലം പ്രയോഗിച്ചാണ് കീഴടക്കിയത്.

തൊടുപുഴയിൽ നടന്ന മോഷണക്കേസിന്റെ അന്വേഷണത്തിനിടെയാണ് മുൻകാല കുറ്റവാളികളെ കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തിയത്. ഇതിനിടെ കട്ടപ്പന പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിലായിരുന്ന ബിജുവിനെയും മകനെയും കുറിച്ച് പോലീസിന് വിവരം ലഭിച്ചു. പ്രതികൾ സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഒടുവിൽ ഇവരെ കുടുക്കിയത്.

മോഷണലോകത്ത് ബിജുവിന് ‘കാമാക്ഷി എസ്‌ഐ’ എന്ന പേര് വീണതിന് പിന്നിൽ പൊലീസിനേറ്റ കനത്ത പ്രഹരത്തിന്റെ കഥയുണ്ട്. വർഷങ്ങൾക്ക് മുൻപ് പൊലീസ് സ്‌റ്റേഷൻ പരിസരത്ത് നിന്ന് ഔദ്യോഗിക ജീപ്പ് മോഷ്ടിച്ചാണ് ബിജു എല്ലാവരെയും ഞെട്ടിച്ചത്. ജീപ്പുമായി കടന്നുകളയുക മാത്രമല്ല,പൊലീസ് യൂണിഫോമും തൊപ്പിയും ധരിച്ച് പാതയോരങ്ങളിൽ വാഹനപരിശോധന നടത്താനും ഇയാൾ ധൈര്യം കാട്ടി. തങ്ങൾക്കു മുൻപിൽ നിൽക്കുന്നത് സാക്ഷാൽ എസ്‌ഐ ആണെന്ന് തെറ്റിദ്ധരിച്ച് പൊലീസുകാർ പോലും സല്യൂട്ട് അടിച്ച വിചിത്രമായ സാഹസത്തിന്റെ ചരിത്രമാണ് ബിജുവിന്റേത്.

പിടികൂടാൻ എത്തുന്ന പൊലീസുകാരെ പലതവണ ബിജു അതിസാഹസികമായി വെട്ടിച്ചിട്ടുണ്ട്. വളയുന്ന പൊലീസ് സംഘത്തിന് നേരെ മാരകായുധങ്ങളുമായി പാഞ്ഞടുക്കുന്നതും പുഴയിൽ ചാടി നീന്തി രക്ഷപ്പെടുന്നതും ഇയാളുടെ പതിവായിരുന്നു. ഒരിക്കൽ കിലോമീറ്ററുകളോളം പൊലീസിനെ ഓടിച്ച ശേഷം കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ ബിജുവിനെ കണ്ടെത്താൻ ദിവസങ്ങളോളം വനമേഖലയിൽ തിരച്ചിൽ നടത്തേണ്ടി വന്നിട്ടുണ്ട്.

ഹൈറേഞ്ചിലെ ബുള്ളറ്റ് പ്രേമികളുടെ പേടിസ്വപ്നമായിരുന്നു ഇയാൾ. ലോക്കുകൾ തകർക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യമുള്ള ബിജു, നിമിഷങ്ങൾക്കുള്ളിൽ പുത്തൻ ബുള്ളറ്റുകളുമായി അതിർത്തി കടക്കും. തമിഴ്‌നാട്ടിലെ രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് വൻതുകയ്ക്ക് ഇവ മറിച്ചുവിൽക്കുകയായിരുന്നു രീതി. അഞ്ഞൂറോളം കേസുകളിൽ പ്രതിയായ ഇയാൾ 15 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കാപ്പ ചുമത്തി നാടുകടത്തിയിട്ടും മോഷണമെന്ന ‘തൊഴിൽ’ ഉപേക്ഷിക്കാൻ ബിജു തയ്യാറായിരുന്നില്ല.

ഒടുവിൽ ഏലയ്ക്ക മോഷണങ്ങളുടെ പരമ്പരയുമായാണ് ബിജു വീണ്ടും സജീവമായത്. ഇത്തവണ തന്റെ എല്ലാ ‘വിദ്യകളും’ പഠിപ്പിച്ചെടുത്ത മകൻ ബിപിനെയും കൂടെ കൂട്ടിയിരുന്നു. ഏലയ്ക്ക കവർന്ന് വിൽക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വിരിച്ച വലയിൽ ഇത്തവണ പിതാവിനും മകനും വീഴേണ്ടി വന്നു. തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് പൊലീസ് ഇവരെ കീഴ്‌പ്പെടുത്തിയത്. ബിജുവിന്റെ വീരഗാഥകൾക്ക് ജയിലഴികൾക്ക് പിന്നിൽ താൽക്കാലിക വിരാമമാകുമ്പോൾ ഹൈറേഞ്ചിലെ പൊലീസ് സേനയ്ക്ക് ഇതൊരു വലിയ ആശ്വാസമാണ്.

Leave a Reply

Your email address will not be published. Required fields are marked *