ഡോ. ലക്ഷ്മി പണിക്കരുടെ മരണം; അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് പരാതി, മുഖ്യമന്ത്രിയുടെ ഇടപെടൽ തേടി അഡ്വ. കുളത്തൂർ ജയ്‌സിങ്

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടറായിരുന്ന ഡോ. ആർ. ലക്ഷ്മി പണിക്കരുടെ മരണത്തിൽ നടക്കുന്ന പൊലീസ് അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന ഗുരുതര ആരോപണവുമായി മുഖ്യമന്ത്രിക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് പരാതി നൽകിയത്.

ദിവസങ്ങൾക്ക് മുമ്പ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വെറും അസ്വാഭാവിക മരണമായി എഴുതിത്തള്ളി കേസ് അവസാനിപ്പിക്കാനാണ് നിലവിൽ നീക്കം നടക്കുന്നതെന്ന് പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പലരുടെയും മൊഴികൾ രേഖപ്പെടുത്തിയെന്ന് അവകാശപ്പെടുമ്പോഴും, സംശയനിഴലിലുള്ളവരെ കൃത്യമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയിട്ടില്ലെന്നത് ദുരൂഹമാണ്.

ആശുപത്രി അധികൃതർ ഉൾപ്പെടെ ഡോക്ടറുമായി അടുപ്പമുണ്ടായിരുന്ന എല്ലാവരെയും കേന്ദ്രീകരിച്ച് മുഖം നോക്കാതെയുള്ള അന്വേഷണം വേണമെന്നാണ് ആവശ്യം. കേസ് ക്രൈംബ്രാഞ്ചിനെയോ അല്ലെങ്കിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയോ ഏൽപ്പിക്കണമെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെട്ടു. മുമ്പ് എൻഎച്ച്എമ്മിൽ ജോലി ചെയ്തിരുന്ന സമയത്ത് ഡോക്ടർ വാദിയായി ഏതെങ്കിലും പരാതികൾ കോന്നി പോലീസ് സ്റ്റേഷനിൽ നൽകിയിരുന്നോ എന്ന് പരിശോധിക്കണം.ഏതെങ്കിലും ഉദ്യോഗസ്ഥർക്കോ പോലീസുകാരനോ എതിരെ ഡോക്ടർ പരാതി നൽകിയിരുന്നോ എന്നും, അതിന്റെ പേരിൽ ആരെങ്കിലും മാനസികമായി പീഡിപ്പിക്കുകയോ സമ്മർദ്ദത്തിലാക്കുകയോ ചെയ്തിരുന്നോ എന്നും കണ്ടെത്തേണ്ടതുണ്ട്.

ഡോക്ടറുടെ ഫോൺ കോളുകൾ, വാട്സ്ആപ്പ് സന്ദേശങ്ങൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഇമെയിലുകൾ എന്നിവ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയാൽ മാത്രമേ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്തുവരൂ. ഇത് ആത്മഹത്യയാണെങ്കിൽ പോലും അതിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *