പത്തനംതിട്ട – നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച് വോട്ടെടുപ്പ് അവസാനിക്കുന്ന ഏപ്രിൽ 9 വൈകിട്ട് 6 വരെയുള്ള 48 മണിക്കൂർ സമയം സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും ടെലിവിഷനിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിൽ വോട്ട് അഭ്യർഥന ഉൾപ്പെടെ യാതൊരുവിധ തിരഞ്ഞെടുപ്പ് പ്രചാണ പ്രവർത്തനങ്ങളും നടത്തരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. ദ്യശ്യ-ശ്രവ്യ, പത്രമാധ്യമങ്ങൾ, സാമൂഹ്യമാധ്യമങ്ങൾ, ഓൺലൈൻ തുടങ്ങിയവയിലൂടെ അഭിപ്രായ സർവേ പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്.
പരസ്യ പ്രചാരണ സമാപനത്തിന് ശേഷം ഇനി അവശേഷിക്കുന്നത് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. നിശബ്ദ പ്രചാരണ സമയത്ത് വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പൊതുയോഗം പാടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും പൊതുയോഗമോ ഘോഷയാത്രയോ വിളിച്ചുകൂട്ടുക, നടത്തുക, പങ്കെടുക്കുക, അഭിസംബോധന ചെയ്യുക എന്നിവയ്ക്ക് നിരോധനമുണ്ട്. വീഡിയോ, ടെലിവിഷൻ, റേഡിയോ, കേബിൾ നെറ്റ് വർക്ക് അല്ലെങ്കിൽ സമാനമായ മറ്റ് മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തരുത്. പൊതുജനങ്ങളെ ആകർഷിക്കാൻ സംഗീത കച്ചേരി, നാടകം, മറ്റ് വിനോദ പരിപാടികൾ എന്നിവ സംഘടിപ്പിക്കരുത്.
വോട്ടെടുപ്പ് അവസാനിക്കുന്ന ഏപ്രിൽ ഒമ്പത് വൈകിട്ട് ആറ് വരെ സമ്പൂർണ മദ്യനിരോധനം ആയിരിക്കുമെന്നും ജില്ല കലക്ടർ അറിയിച്ചു. നിർദേശം ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കും.


