സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും ; ആരാധനാലയങ്ങൾ പ്രചാരണ വേദിയാക്കരുത്; ജാതിയുടെയും മതത്തിന്റെയും പേരിൽ വോട്ട് ചോദിക്കരുത്

Kerala Politics
Print Friendly, PDF & Email

പത്തനംതിട്ട – മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച് ക്ഷേത്രം, പള്ളി, മറ്റ് ആരാധനാലയം എന്നിവ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കരുത്. ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ വോട്ട് ചോദിക്കാൻ പാടില്ല. വിവിധ വിഭാഗങ്ങൾ തമ്മിൽ മതപരമായും ഭാഷാപരമായും സംഘർഷം ഉളവാക്കുന്നതും നിലവിലുളള ഭിന്നതയ്ക്ക് ആക്കം കൂട്ടുന്നതും പരസ്പരം വിദ്വേഷം ജനിപ്പിക്കുന്നതുമായ പ്രവർത്തനത്തിൽ പാർട്ടികളോ സ്ഥാനാർഥികളോ ഏർപ്പെടരുത്. മറ്റ് രാഷ്ട്രീയ പാർട്ടികളെയും സ്ഥാനാർഥികളെയും കുറിച്ച് വിമർശനം ഉന്നയിക്കുമ്പോൾ അത് നയം, നടപടി, മുൻകാല പ്രവർത്തനം, നിലവിലുള്ള പ്രവൃത്തി എന്നിവയിൽ ഒതുക്കണം. രാഷ്ട്രീയ പാർട്ടി നേതാക്കളുടെയോ പ്രവർത്തകരുടേയോ പൊതുപ്രവർത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കരുത്. രാഷ്ട്രീയ അഭിപ്രായ ഭിന്നതകളുടെ പേരിൽ വ്യക്തികളുടെ വീടിന് മുമ്പിൽ പ്രകടനം നടത്തുക, പിക്കറ്റ് ചെയ്യുക എന്നിവ അനുവദനീയമല്ല. ശാന്തവും സമാധാനപരവുമായ കുടുംബജീവിതത്തിനുള്ള ഓരോ വ്യക്തിയുടെയും അവകാശം പൂർണമായും സംരക്ഷിക്കണം.

അനുവാദമില്ലാതെ മറ്റൊരാളുടെ ഭൂമിയോ കെട്ടിടമോ ചുറ്റുമതിലോ പ്രചാരണ പ്രവർത്തനങ്ങളായി ഉപയോഗിക്കരുത്. മറ്റു പാർട്ടിക്കാരുടെ പരിപാടികളിൽ കുഴപ്പമുണ്ടാക്കുന്നതും അവിടെ ലഘുലേഖകളോ മറ്റോ വിതരണം ചെയ്യുന്നതും കുറ്റകരമാണ്. ഒരു പാർട്ടിയുടെ പോസ്റ്ററും ബാനറും മറ്റും മറ്റൊരു പാർട്ടിയുടെ പ്രവർത്തകർ നീക്കം ചെയ്യാൻ പാടില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മൈതാനം ഉൾപ്പെടെയുള്ള പൊതുസ്ഥലം അനുവദിക്കുമ്പോൾ നിഷ്പക്ഷമായി എല്ലാ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും ഒരുപോലെ ലഭ്യമാക്കണം. ഔദ്യോഗിക ജോലി പ്രചാരണ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുകയോ വോട്ടർമാർക്ക് പണവും മറ്റ് പ്രലോഭനവും നൽകരുത്. സമ്മതിദായകർക്ക് വിതരണം ചെയ്യുന്ന ഔദ്യോഗികമല്ലാത്ത സ്ലിപ്പുകളിൽ ചിഹ്നം, പാർട്ടിയുടെ പേര്, സ്ഥാനാർഥിയുടെ പേര് തുടങ്ങിയ വിവരം ഉൾപ്പെടുത്തരുത്. തിരഞ്ഞെടുപ്പ് കമ്മീഷൻ, റിട്ടേണിംഗ് ഓഫീസർ, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ തുടങ്ങിയവർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതൊരു വിഷയത്തിലും പുറപ്പെടുവിക്കുന്ന നിർദേശം, ഉത്തരവ് തുടങ്ങിയവ കൃത്യമായും പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *