ആറന്മുള – പ്രചരണ രംഗത്തിറങ്ങാൻ അൽപ്പം ലേറ്റ് ആയെങ്കിലും ലേറ്റസ്റ്റായിത്തന്നെയാണ് എൻ ഡി എ സ്ഥാനാർത്ഥിയുടെ ആറന്മുളയിലേക്കുള്ള രംഗപ്രവേശം. ഇനിയുള്ള ദിവസങ്ങളിൽ വിശ്രമമില്ലാതെ അച്ചിലിട്ട യന്ത്രം പോലെ പ്രവർത്തനത്തിന് ഒരുങ്ങി ആറൻമുളയിലെ എൻ ഡി എ സഖ്യത്തിൻ്റെ പ്രവർത്തകരും.
പത്തനംതിട്ട നഗരം ഉൾപ്പടുന്ന പത്തനംതിട്ട നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം സംസ്ഥാന തലത്തിൽ തന്നെ ഏറെ ശ്രദ്ധേയമാകുകയാണ്. മുന്ന് മുന്നണികൾക്കും ഒരുപോലെ വേരോട്ടമുള്ള ആറൻമ്മുള മണ്ഡലം 2016 ൽ ഇടത് മുന്നണിയുടെ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി എത്തിയ വീണാ ജോർജ്, യുഡിഎഫിൻ്റെ അഡ്വ. കെ ശിവദാസൻ നായരെ പരാജയപ്പെടുത്തിക്കൊണ്ട് പിടിച്ചെടുക്കുകയായിരുന്നു. ആറൻമ്മുള വിമാനത്താവള വിരുദ്ധ സമരമാണ് യു ഡി എഫിൻ്റെ ആറൻമുളയിലെ പരാജയത്തിന് പ്രധാന കാരണമായത്.
2021 ൽ മണ്ഡലം നിലനിർത്തിയ വീണാ ജോർജിന്, രണ്ടാം പിണറായി മന്ത്രിസഭയിൽ ആരോഗ്യ വകുപ്പിൻ്റെ ചുമതലയുള്ള മന്ത്രിസ്ഥാനവും ലഭിച്ചു. മൂന്നാമൂഴത്തിനായി ആറൻമുളയിൽ മത്സരത്തിനിറങ്ങുന്ന വീണാ ജോർജിന്, കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് ..ഇപ്പോൾ ആറൻമ്മുള വിമാനത്താവള വിരുദ്ധ സമര നായകനും, ആറന്മുള ശബരീ ബാലാശ്രമം, ശ്രീ വിജയാനന്ദ വിദ്യാപീഠം സിബിഎസ്ഇ സ്‌കൂൾ എന്നിവയുടെയൊക്കെ സ്ഥാപകനുമായ കുമ്മനം രാജശേഖരൻ്റെ എൻഡിഎ സ്ഥാനാർത്ഥിയായുള്ള രംഗപ്രവേശനം.
യുഡി എഫ് സ്ഥാനാർത്ഥി ആറന്മുളക്കാരനല്ലാത്ത ഓർത്തുഡോക്സ് വിഭാഗക്കാരൻ തന്നെയായ അബിൻവർക്കി കൂടിയെത്തിയതോടെ കുമ്മനത്തിന്റെ പ്രാധാന്യം ആറന്മുളയിൽ വർദ്ധിച്ചു.
ഇന്നലെ വൈകിട്ട് 6 മണിയോടെ പത്തനംതിട്ട നഗരത്തിലെത്തിയ കുമ്മനം രാജശേഖരന് എൻ ഡി എ പ്രവർത്തകർ ആവേശോജ്വലമായ സ്വീകരണമാണ് നൽകിയത്. ഇടത് വലത് മുന്നണികളുടെ ഭരണത്തിൽ ആറന്മുളയിൽ വികസന മുരടിപ്പാണ് അനുഭവപ്പെടുന്നതെന്നും, അതിന് പരിഹാരം കാണുന്നതിന് എൻ ഡി എ അധികാരത്തിൽ വരേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും കുമ്മനം രാജശേഖരൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തുടർന്ന് അദ്ദേഹം പ്രവർത്തകർക്കൊപ്പം പത്തനംതിട്ട നഗരത്തിൽ പദയാത്രാ പര്യടനവും നടത്തി.
ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ എൻ ഡി എ ക്കൊപ്പമാണെന്നും, എൻ ഡി എ യുടെ വിജയം സുനിശ്ചിതമാണെന്നും ഉള്ള ആത്മവിശ്വാസത്തിലാണ് ബി ജെ പി പ്രവർത്തകർ. ഇനി വരുന്ന ദിവസങ്ങളിൽ വിശ്രമമില്ലാതെ പ്രവർത്തന രംഗത്ത് സജീവമാകുമെന്നും, വനിതകൾ ഉൾപ്പടെയുള്ള പ്രവർത്തകർ പറയുന്നു. ആറന്മുളയിലടക്കം മാറ്റം പ്രകടമാണ്. അടിയൊഴുക്കുകളും. !!


