തിരുവനന്തപുരം – ഇന്നലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കേണ്ടിയിരുന്ന നഴ്‌സുമാരുടെ പ്രതിഷേധ സമരത്തിന് ബുക്ക് ചെയ്തിരുന്ന വേദി നിഷേധിച്ചതോടെ മാനവീയം വീഥിയിലാണ് പരിപാടി സംഘടിപ്പിച്ചത്. തലസ്ഥാന നഗരിയിൽ നഴ്‌സുമാരുടെ സംഘടന പ്രതിഷേധം സംഘടിപ്പിക്കുന്നത് തടയാൻ ആരോഗ്യ വകുപ്പ് നീക്കം നടത്തിയെന്നും ചില സ്വകാര്യ ആശുപത്രി മുതലാളിമാരുടെ സ്വാധീനം ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നുവെന്നും മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയ പറഞ്ഞു. തിരുവനന്തപുരം നഗരത്തിന്റെ മേയർ വി.വി. രാജേഷാണ് സഹായിച്ചത്. ‘നിങ്ങൾ ധൈര്യമായി മാനവീയം വീഥിയിലേക്ക് പൊയ്‌ക്കോളൂ’ എന്നു പറഞ്ഞുവെന്നും ഷാജൻ സ്‌കറിയ വെളിപ്പെടുത്തി…
‘യുഎൻഎ എന്ന് പറയുന്ന പ്രസ്ഥാനവുമായുള്ള തന്റെ ബന്ധം ഒരു മാധ്യമപ്രവർത്തകൻ എന്ന കേവലമായ നിലയിൽ ആരംഭിച്ചതാണ്. 2011-12 കാലഘട്ടത്തിൽ ആശുപത്രികളിൽ നഴ്‌സുമാർ അവകാശങ്ങൾക്കായി സമരം തുടങ്ങിയപ്പോൾ, അത് റിപ്പോർട്ട് ചെയ്യാൻ ആരും ഉണ്ടാകില്ലെന്ന ആശുപത്രി മുതലാളിമാരുടെ ഗുണ്ടാബോധത്തിന് തിരിച്ചടിയായാണ് ഈ വാർത്തകൾ നൽകിത്തുടങ്ങിയത്. അന്ന് ജാസ്മിൻ ഷായും സംഘവും കാണാൻ വന്നപ്പോൾ വലിയ അഭിമാനം തോന്നി. ആരും ചോദിക്കാനില്ലാത്തവർക്ക് വേണ്ടി ശബ്ദമുയർത്തിയപ്പോൾ നന്ദി പറയാൻ ആളുകൾ വന്നത് എനിക്ക് പുതിയൊരു അനുഭവമായിരുന്നു. തന്റെ പ്രസംഗത്തിൽ ഷാജൻ സ്കറിയ പറഞ്ഞു.
കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും ആശുപത്രി മുതലാളിമാരും ചേർന്ന് യുഎൻഎയെ തകർക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിന്റെ നേതൃത്വത്തിലുള്ളവർ മുസ്ലിം നാമധാരികളായതുകൊണ്ട് മാത്രം അവരെ ‘ജിഹാദി’ എന്ന് ചാപ്പ കുത്താൻ പോലും ശ്രമങ്ങൾ നടന്നു. ആ പ്രതിസന്ധി ഘട്ടങ്ങളിൽ നീതിയുടെ പക്ഷത്തുനിന്നുകൊണ്ടാണ് ഞാൻ അവർക്കൊപ്പം ചേർന്നത്. ഈ സംഘടന ഇല്ലാതായിപ്പോകുമെന്ന് പലരും കരുതിയ ഒരു കാലമുണ്ടായിരുന്നു. ജാസ്മിൻ ഷാ ഉൾപ്പെടെയുള്ള സകല നേതാക്കളും ഒളിവിൽ പോകേണ്ടി വന്ന സാഹചര്യം. മാതൃഭൂമിയിലും മനോരമയിലുമൊക്കെ ലുക്ക്ഔട്ട് നോട്ടീസ് വന്ന കാലം. പാവപ്പെട്ട നഴ്‌സുമാരുടെ പണം മോഷ്ടിച്ച കള്ളനാണ് ജാസ്മിൻ എന്ന് പ്രചരിപ്പിച്ചു. അന്ന് ആ നേതാക്കൾ അനുഭവിച്ച മാനസിക സംഘർഷം എനിക്ക് നേരിട്ടറിയാം. അന്ന് ഞാൻ തീരുമാനിച്ചതാണ്, എന്ത് തിരിച്ചടിയുണ്ടായാലും ഈ മാലാഖമാർക്കൊപ്പം നിൽക്കുമെന്ന്. ഷാജൻ സ്കറിയ പറഞ്ഞു.
ഈ പരിപാടി നടത്താൻ ഞങ്ങൾ നേരിട്ട പ്രതിസന്ധികൾ വിവരണാതീതമാണ്. യുഎൻഎ പ്രസിഡന്റ് ജാസ്മിൻഷാ വെളിപ്പെടുത്തി.. നിശാഗന്ധി ഓഡിറ്റോറിയം ഞങ്ങൾ ബുക്ക് ചെയ്തിരുന്നതാണ്. എന്നാൽ ആരോഗ്യ മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് ടൂറിസം വകുപ്പ് ആ അനുമതി റദ്ദാക്കി. നഴ്‌സുമാർക്ക് സമരം ചെയ്യാൻ വേദിയൊരുക്കരുത് എന്ന വാശിയായിരുന്നു ഭരണകൂടത്തിന്. ഒടുവിൽ തിരുവനന്തപുരം നഗരത്തിന്റെ മേയർ വി.വി. രാജേഷിനെയാണ് ഞാൻ ബന്ധപ്പെട്ടത്. പൊങ്കാലയുടെ തിരക്കുകൾക്കിടയിലും അദ്ദേഹം ഞങ്ങളെ സഹായിച്ചു. ‘നിങ്ങൾ ധൈര്യമായി മാനവീയം വീഥിയിലേക്ക് പൊയ്‌ക്കോളൂ, നാളെ അപേക്ഷ തന്നാൽ മതി’ എന്ന് അദ്ദേഹം പറഞ്ഞതുകൊണ്ടാണ് ഇന്ന് നമുക്ക് ഇവിടെ ഒത്തുകൂടാൻ സാധിച്ചത്. ഇതിനെ ഞാൻ ദൈവനിയോഗമായിട്ടാണ് കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു.
മലബാറിൽ നിന്നും മറ്റും നഴ്‌സുമാരുമായി വന്ന ബസ്സുകൾ മോട്ടോർ വാഹന വകുപ്പ് (MVD) വഴിയിൽ തടഞ്ഞിട്ടു. ചെറിയ കാരണങ്ങൾ പറഞ്ഞ് 50,000 രൂപ വരെ പിഴയിട്ടു. നഴ്‌സുമാരെ ഇങ്ങോട്ട് വരാൻ അനുവദിക്കില്ലെന്ന വാശിയിലായിരുന്നു ചിലർ. ഇതിന് പിന്നിൽ ചില ആശുപത്രി മുതലാളിമാരുടെ സ്വാധീനമുണ്ടായിരുന്നു എന്ന് ഞാൻ സംശയിക്കുന്നു. ഉടൻ തന്നെ ജാസ്മിൻഷാ ഗതാഗത മന്ത്രിയുടെ ഓഫീസിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. ഒടുവിൽ ആ തടസ്സങ്ങൾ നീങ്ങി.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) സംഘടിപ്പിച്ച മാനവീയം വീഥിയിലെ പ്രതിഷേധ സമരം കെ സി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു. കെപിസിസി വൈസ് പ്രസിഡന്റ് മാത്യൂ കുഴൽനാടൻ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി കെ.എസ്. ശബരിനാഥൻ, ശ്രീനാദേവി കുഞ്ഞമ്മ, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ജനറൽ സെക്രട്ടറി അനൂപ് ആന്റണി അടക്കമുള്ള പ്രമുഖർ പങ്കെടുത്തു.


