പ്ലസ് വൺ പരീക്ഷയുടെ ചോദ്യപേപ്പറുകൾ പാക്കറ്റ് പൊട്ടിച്ച നിലയിൽ ; പിൻവലിക്കാൻ ഉത്തരവ്

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – പ്ലസ് വൺ പരീക്ഷയുടെ ചോദ്യപേപ്പറുകളുടെ പാക്കറ്റ് സ്‌കൂളുകളിൽ പൊട്ടിച്ച നിലയിൽ കണ്ടെത്തി. കാസർകോട്, ഇടുക്കി ജില്ലകളിലെ രണ്ട് സ്‌കൂളുകളിലാണ് പാക്കറ്റ് പൊട്ടിയ നിലയിൽ ചോദ്യപേപ്പർ കണ്ടെത്തിയത്. മാർച്ച് 11ന് നടക്കേണ്ട ഒന്നാം വർഷ അറബിക്, 21ന് നടക്കേണ്ട പൊളിറ്റിക്കൽ സയൻസ് പരീക്ഷളുടെ ചോദ്യപേപ്പറുകളാണ് ചോർന്നത്. ഇതേതുടർന്ന് ഈ വിഷയങ്ങളുടെ മുഴുവൻ സ്‌കൂളുകളിലെയും ചോദ്യപേപ്പർ പാക്കറ്റുകൾ പിൻവലിക്കാനും പകരം ചോദ്യപേപ്പറുകൾ അടിയന്തിരമായി വിതരണം ചെയ്യാനും പരീക്ഷ കമീഷണർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. പകരം ചോദ്യപേപ്പറുകൾ വ്യാഴാഴ്ച മുതൽ വിതരണം ചെയ്യാൻ ഉദ്യോഗസ്ഥരെ നിയമിച്ചും ചെലവുവരുന്ന തുക മുൻകൂർ അനുവദിച്ചും ഉത്തരവ് നൽകി. ചോദ്യപേപ്പർ പാക്കറ്റുകൾ പൊട്ടിയതു സംബന്ധിച്ച പരിശോധന നടന്നുവരികയാണ്. രണ്ട് സ്‌കൂളുകളിൽനിന്നും പരീക്ഷ സെക്രട്ടറി റിപ്പോർട്ട് വാങ്ങി. സ്‌കൂൾ അധികൃതർ പ്രശ്‌നം ശ്രദ്ധയിൽപെടുത്തിയ ഉടനെ ചോദ്യപേപ്പർ അച്ചടിച്ച് എത്തിച്ച കോൺഫിഡൻഷ്യൽ പ്രസ് അധികൃതർ സ്വന്തം ചെലവിൽ പകരം ചോദ്യപേപ്പർ തയാറാക്കി ജില്ല കേന്ദ്രങ്ങളിൽ എത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു. ഇവ ഏറ്റുവാങ്ങാനും വിതരണം ചെയ്യാനുമായാണ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്. വിതരണം ചെയ്ത രണ്ട് ലക്ഷത്തോളം ചോദ്യപേപ്പറുകൾ പിൻവലിക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *