എടത്വ: സ്‌കൂളിലേക്ക് എത്തുന്ന പിഞ്ചുകുട്ടികൾ ഉൾപെടെയുള്ള വിദ്യാർത്ഥികൾക്ക് ഭീഷണിയായി തെരുവുനായകളുടെ വിളയാട്ടം. തിരക്കേറിയ എടത്വ ടൗണും പരിസര പ്രദേശങ്ങളും, സ്‌കൂളുകളിലേക്കുള്ള വഴികളും തെരുവുകൾ കീഴടക്കിയിരിക്കുകയാണ്. അക്രമാസക്തരായ നായ്ക്കൾക്കെതിരെ അധികൃതർ കണ്ണടച്ചിരിക്കുന്നതിനെതിരെ പ്രതിഷേധവും ശക്തമാണ്. ദിവസേന ആയിരക്കണക്കിന് വിദ്യാർഥികളും അധ്യാപകരും വിവിധ വകുപ്പുകളിലെ ജോലി ചെയ്യുന്ന ജീവനക്കാരും നൂറുകണക്കിന് യാത്രക്കാരും എത്തുന്ന എടത്വയിലെ തെരുവുകളിലാണ് നായ്ക്കൾ കൂട്ടംകൂട്ടമായി അലഞ്ഞു നടക്കുന്നത്. പുലർച്ചെ എത്തുന്ന പത്രവിതരണക്കാർ മുതൽ വൈകി ടൗണിൽ എത്തുന്ന യാത്രക്കാർക്ക് വരെ നെരുവു നായ്കളുടെ ഉപദ്രവം നേരിടേണ്ടി വരുന്നത്.
എടത്വ സെന്റ് അലോഷ്യസ് കോളേജ് ഉൾപ്പെടെ പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിൽ അധിഷ്ടിത വിദ്യാഭ്യസ സ്ഥാപനവും സ്ഥിതി ചെയ്യുന്ന എടത്വയിൽ ദിവസേന നൂറുകണക്കിന് വിദ്യാർഥികൾ കാൽനടയായും സൈക്കിളിലും ബസുകളിലും എത്തുന്നുണ്ട്. ബസുകളിൽ എത്തുന്ന വിദ്യാർഥികൾ കാൽനടയായി വേണം അഞ്ഞൂറ് മീറ്റർ അയലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തേണ്ടത്. ഒട്ടുമിക്ക വിദ്യാർഥികളും തെരുവുനായുടെ ഉപദ്രവം ഏൽക്കാറുണ്ട്. രാത്രികാലങ്ങളിൽ എത്തുന്ന യാത്രക്കാർ ഏറെ ഭയപ്പെട്ടാണ് ടൗണിലൂടെ യാത്ര ചെയ്യുന്നത്. ആഴ്ചകൾക്ക് മുൻപ് എടത്വ കെഎസ്ആർടിസി ഡിപ്പോയിൽ എത്തിയ നിരവധി യാത്രക്കാർക്ക് തെരുവു നായുടെ കടിയേറ്റിരുന്നു. ഡിപ്പോയിൽ മാത്രമല്ല സ്‌കൂൾ, കോളേജ് കോമ്പൗണ്ടുകൾ, ഇവയുടെ മുൻവശത്തെ റോഡ്, ബോട്ടുജെട്ടി, എടത്വ പാലത്തിന് താഴെ, എടത്വാ ആശുപത്രി കോമ്പൗണ്ട്, പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ട്, ഐറ്റിഐ റോഡ്, ചന്ത തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിൽ നെരുവുനായകൾ കൂട്ടം ചേർന്ന് നടക്കുകയാണ്. നായുടെ ഉപദ്രവം മാത്രമല്ല ഇരുചക്ര വാഹന യാത്രക്കാരെ അപകടത്തിൽ പെടുത്തുന്നതും പതിവു കാഴ്ചയാണ്.
പഞ്ചായത്ത് അധിക്യൂർ ഇടപെട്ട് നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയെങ്കിലും ഇവ വീണ്ടും പെറ്റു പെരുകുകയാണ്. വീടുകളിൽ വളർത്തുന്ന നായ്ക്കളെ തെരുവിൽ തള്ളുന്നതാണ് കൂടുതലും അപകടകാരികളാകുന്നത്. നായ്കളുടെ കൃത്യമായ കണക്കെടുപ്പ് നടത്താതാണ് വഴിയോരങ്ങളിൽ ഇവ കൂടുന്നത്. പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും അടിയന്തിരമായി ഇടപെടണമെന്ന് എടത്വ വികസന സമിതി ആവശ്യപ്പെട്ടു.


