‘പദ്മകാന്തി’ ; പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശന് ആദരവ്

Kerala Eranakulam

കൊച്ചി – രാജ്യത്തിൻ്റെ പരമോന്നത ബഹുമതികളിലൊന്നായ പദ്മഭൂഷൺ ലഭിച്ചതിന്റെ ഭാഗമായി ശ്രീ വെള്ളാപ്പള്ളി നടേശനെ ആദരിക്കൽ സമ്മേളനം പ്രൗഢഗംഭീരമായി നടന്നു. കേരളകൗമുദി കൊച്ചി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ടൗൺഹാളിൽ നടന്ന ‘പദ്മകാന്തി’ സമ്മേളനം ശ്രദ്ധേയമായി. ജനപ്രതിനിധികളും സമുദായ നേതാക്കളും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്ത ചടങ്ങ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. മുൻ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള അധ്യക്ഷത വഹിച്ചു. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് ആമുഖ പ്രഭാഷണം നടത്തി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.

ചടങ്ങിൽ കൊച്ചി മേയർ വി.കെ. മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയി, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ. ബാബു, ടി.ജെ. വിനോദ്, കെ.എൻ. ഉണ്ണികൃഷ്ണൻ, സ്പൈസസ് ബോർഡ് ചെയർപേഴ്‌സൺ അഡ്വ. സംഗീത വിശ്വനാഥൻ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, ശ്രീനാരായണ വേൾഡ് മിഷൻ ചെയർമാൻ പി.എസ്. ബാബുറാം, എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ, കൺവീനർ എം.ഡി. അഭിലാഷ് എന്നിവർ പ്രസംഗിച്ചു.

ബാല്യ-കൗമാര കാലം മുതൽ സമുദായ നേതൃത്വത്തിലേക്കുള്ള ജീവിതയാത്രയും പദ്മഭൂഷൺ ലഭിക്കുന്നതുവരെ ഉണ്ടായ അനുഭവങ്ങളും ഓർത്തെടുത്തപ്പോൾ വെള്ളാപ്പള്ളി വികാരാധീനനായി. കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ആചാരപരിഷ്കരണ ശ്രമത്തിനിടെ ഉണ്ടായ ആക്രമണവും തുടർന്ന് ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്ന സംഭവവും അദ്ദേഹം അനുസ്മരിച്ചു. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി-തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ സ്വാഗതവും ബ്യൂറോ ചീഫ് ടി.കെ. സുനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി. സമ്മേളനത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *