തിരുവനന്തപുരം: മുൻമന്ത്രിയും മുതിർന്ന സിപിഐ നേതാവുമായ കെ ഇ ഇസ്മായിലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ സംസ്ഥാന നിര്‍വാഹക സമിതി യോഗമാണ് തീരുമാനിച്ചത്. മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന്റെ മരണത്തിനുപിന്നാലെ ഇസ്മായിൽ നടത്തിയ പാർട്ടി വിമർശനത്തിനാണ് നടപടി എന്നാണറിയുന്നത്.
സംഭവത്തിൽ ഇസ്മായിലിനോട് വിശദീകരണം തേടിയിരുന്നു. ഇസ്മയിലിന്റെ പ്രതികരണത്തിനെതിരെ സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുക്കാനുള്ള തീരുമാനം. മുൻ ദേശീയ എക്സിക്യൂട്ടീവ് അംഗമായ ഇസ്മയിൽ ഇപ്പോൾ പാലക്കാട് ജില്ലാ കൗൺസിലിലെ ക്ഷണിതാവാണ്. പി രാജുവിന്റെ മരണത്തിൽ പാർട്ടിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിനായി വയ്ക്കരുതെന്നും പിന്നിൽനിന്നു കുത്തിയവർ മൃതദേഹം കാണാൻ പോലും വരരുതെന്നും കുടുംബം പറഞ്ഞിരുന്നു. എന്നാൽ പി രാജുവിന്റെ കുടുംബത്തിന്റെ പരാതികളിൽ കഴമ്പുണ്ടെന്നു സ്ഥിരീകരിക്കുന്ന തരത്തിലുള്ള പ്രതികരണമായിരുന്നു കെ ഇ ഇസ്മായിൽ നടത്തിയത്.


