ഇലന്തൂർ:- നവകേരള സൃഷ്ടിയുടെ ഭാഗമായി കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. ഇലന്തൂർ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് ശിലാസ്ഥാപനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനവും അക്കാദമിക് ഗുണമേന്മയും കാമ്പസുകളിലെ സർഗാത്മക അന്തരീക്ഷവും ഉറപ്പാക്കുന്നതിന് മികച്ച രീതിയിൽ സർക്കാർ ഇടപെടുന്നു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത്
അടിസ്ഥാന സൗകര്യ വിപുലീകരണത്തിന് 2000 കോടിയിലേറെ തുക ചെലവഴിച്ചു. സ്മാർട്ട് ക്ലാസുള്ള അക്കാദമിക് ബ്ലോക്ക്, സൗകര്യപ്രദമായ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ലബോറട്ടറികൾ, ആധുനിക ലൈബ്രറികൾ, വലിയ ഓഡിറ്റോറിയങ്ങൾ തുടങ്ങിയവ കലാലയങ്ങളിലും സർവകലാശാലകളിലും ഈ കാലയളവിൽ വന്നു. എക്സ്പീരിയൻഷ്യൽ ലേണിങ്ങിന് പ്രാധാന്യം നൽകിക്കൊണ്ട് വിദ്യാർത്ഥി കേന്ദ്രീകൃതമായി കരിക്കുലം കാലത്തിനനുസൃതമായി പരിഷ്കരിച്ചു. നാല് വർഷത്തെ ബിരുദ പഠനം വിജയകരമായി മുന്നേറുന്നു.
ബിരുദാനന്തര ബിരുദ കോഴ്സുകൾ തൊഴിൽ ആഭിമുഖ്യം വളർത്തി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. പുത്തൻ അറിവ് സൃഷ്ടിക്കാൻ കഴിവുള്ള ഗവേഷകരെ നാടിനായി വാർത്തെടുക്കുന്ന സമീപനമാണ് സർക്കാരിന്റേത്. ഗവേഷണാത്മക പ്രവർത്തനം പ്രാരംഭഘട്ടം മുതൽ പ്രോത്സാഹിപ്പിക്കുന്നു. ഗവേഷകർക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകി ഗവേഷണ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നു. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്ര ഹബ്ബാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ ആരോഗ്യം, വിദ്യാഭ്യാസം, റോഡ് , അടിസ്ഥാന സൗകര്യം തുടങ്ങി സമസ്ത മേഖലകളിലും വികസനമാണെന്ന് അധ്യക്ഷ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കല- സാംസ്‌കാരിക, ചരിത്ര പരമായും പ്രാധാന്യമുള്ള സ്ഥലമാണ് ഇലന്തൂർ. പെർഫോമിങ് ആർട്സിന്റെ കേന്ദ്രമായി ഇലന്തൂർ ആർട്സ് ആൻഡ് സയൻസ് കോളജ് വളരണം. പുതിയ കെട്ടിടത്തിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ശിലാഫലക അനാച്ഛാദനവും മന്ത്രി നിർവഹിച്ചു.
കിഫ്‌ബി പദ്ധതിയിലുൾപ്പെടുത്തി 34 കോടി രൂപ വിനിയോഗിച്ച് ഇലന്തൂർ പൂമലക്കുന്നിലെ അഞ്ച് ഏക്കർ 12 സെന്റിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. കോളജ് പ്രിൻസിപ്പൽ ഡോ. ജിജു വി. ജേക്കബ്, വൈസ് പ്രിൻസിപ്പൽ ഡോ. മേരി മൈക്കിൾ, സീനിയർ സൂപ്രണ്ട് എം ഹരികുമാർ, പിറ്റിഎ വൈസ് പ്രസിഡന്റ് ജയരജ്ജീനീദേവി, കോളജ് യൂണിയൻ ചെയർപേഴ്സൺ സാന്ദ്ര പ്രമോദ്, ഐക്യുഎസി കോ ഓർഡിനേറ്റർ എം ഹയർസിന്ന, എം ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ. പി ബി സതീഷ് കുമാർ, കിറ്റ്കോ എം ഡി ബി രാജേഷ്, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.


