വേനൽക്കാലമാണ് കൂടുതൽ ശ്രദ്ധിക്കണം ; അഗ്നിശമന സേനാ മുന്നറിയിപ്പ്

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വേനൽ കടുക്കുകയാണ്. വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടാൻ ആണ് സാധ്യത. ഉയർന്ന ഊഷ്മാവുള്ള വരണ്ട അന്തരീക്ഷാവസ്ഥയിൽ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളും മാലിന്യങ്ങളും തീപിടിച്ച് പ്രാദേശികമായ അഗ്നി ബാധകൾക്ക് സാധ്യത വളരെ കൂടുതലാണ്. ഇത് ഒഴിവാക്കുന്നതിനായി ഉള്ള ചില നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു

1. വീടുകളിൽ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തുക.
2. ശക്തമായ കാറ്റുള്ള സമയത്ത് തീയിടുവാൻ പാടില്ല
3. തീ പൂർണ്ണമായും അണഞ്ഞു എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ സ്ഥലത്ത് നിന്നും മാറാൻ പാടുള്ളൂ
4. ചപ്പ് ചവറുകൾ കത്തിക്കുന്നതിന് മുൻപായി ഒരു അഗ്നിബാധ ഉണ്ടായാൽ ഉപയോഗിക്കുന്നതിന് ആവശ്യമായ ജലം ബക്കറ്റുകളിൽ സംഭരിച്ച് സമീപത്ത് സൂക്ഷിക്കുക
5. ആവശ്യമെങ്കിൽ വെള്ളം നനച്ച് കനൽ കെടുത്തുക
6. തീ പടരാൻ സാധ്യതയുള്ളവയുടെ സമീപം വെച്ച് ചപ്പുചവറുകൾ കത്തിക്കാതിരിക്കുക
7. രാത്രി കാലങ്ങളിൽ തീയിടാതിരിക്കുക
8. വഴിയോരങ്ങളിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക
9. പറമ്പുകളിലെ ഉണങ്ങിയ പുല്ലുകൾ , കുറ്റിച്ചെടികൾ എന്നിവ വേനൽ കടക്കുന്നതിന് മുമ്പ് വെട്ടി വൃത്തിയാക്കുക
10. ഉണങ്ങിയ പുല്ലുകളോ കരിയില നിറഞ്ഞ ഭാഗമോ വീടിനോട് ചേർന്ന് വരുന്നില്ല എന്ന് ഉറപ്പുവരുത്തുക
11. സിഗരറ്റ് കുട്ടികൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക
12. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആദ്യം സുരക്ഷിതസ്ഥാനത്തേക്ക് മാറുക
13. ശാരീരിക ക്ഷമതയും, പ്രാപ്തിയും ഉള്ളവർ സമീപത്ത് ഉണ്ടെങ്കിൽ മരച്ചില്ലകൾ കൊണ്ട് അടിച്ചും, വെള്ളമൊഴിച്ചും കെടുത്താൻ ശ്രമിക്കുക
14. മാർക്കറ്റുകൾ, കെട്ടിടങ്ങൾ മാലിന്യസംഭരണകേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക
15. സഹായം ആവശ്യമെങ്കിൽ എത്രയും പെട്ടെന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുക
16. ഫയർ സ്റ്റേഷനിൽ വിളിക്കുമ്പോൾ തീപിടിച്ച സ്ഥലത്തേക്ക് എത്തിച്ചേരേണ്ട വഴി യും, വിളിച്ചാൽ കിട്ടുന്ന മൊബൈൽ നമ്പറുകളും കൃത്യമായി കൈമാറുക
17. മുതിർന്ന കുട്ടികൾ ഉൾപ്പെടെ വീട്ടിലുള്ളവർക്ക് എല്ലാം എമർജൻസി നമ്പറുകളായ 101 പറഞ്ഞു കൊടുക്കുക

@ വിനോദ് കുമാർ വി, സ്റ്റേഷൻ ഓഫീസർ, ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ, പത്തനംതിട്ട

Leave a Reply

Your email address will not be published. Required fields are marked *