മാരാമൺ – ജീവിതം ദൈവത്തിന്റെ വിലയേറിയ സമ്മാനമാണ്, അതിനെ ദൈവവുമായി ചേർത്ത് നിർത്തി വായിക്കേണ്ടതും ജീവിക്കേണ്ടതും കാലത്തിന്റെ ആവശ്യമാണ്. ദൈവത്തിന്റെ ജനമായി വിളിച്ചു വേർതിരിച്ചിരിക്കുന്നത് ശുശ്രൂഷയുടെ പങ്കുകാരാകുവാനാണ്. ദൈവിക പൗരോഹിത്യത്തിലേക്കും, ദൈവിക വിശുദ്ധിയിലേക്കും നമ്മുടെ യാത്രകൾ പുനഃക്രമീകരണം ചെയ്യേണ്ടതുണ്ട്. നിരന്തരമായി അടയാളങ്ങളിലൂടെ ഇടപെടുന്ന ദൈവം ഭൂമിയുടെ ഉപ്പാകുവാനും അനേകർക്ക് രുചി പകരുവാനും സാധിക്കണം എന്ന് ഉദ്‌ബോധിപ്പിക്കുന്നു. രുചിദായകമായ ശുശ്രൂഷയുടെ വാഹകരാകുവാൻ ഈ യാത്രയിൽ നമുക്ക് സാധിക്കണം. അതിലേക്ക് നമ്മെ ക്ഷണിക്കുകയും കാഴ്ചകളുടെ പുതുവാതായനങ്ങളിൽ ജനത്തെ നയിക്കുകയും ചെയ്യുന്നതാണ് ജീവിതം. ദൈവത്തിന്റെ പുരോഹിതരായി ജീവിക്കുക എന്ന തലത്തിലേക്ക് ചിന്തകളും ജീവിത വഴിത്താരകളും പുതുക്കുവാൻ ആവശ്യമായത് ഈ വേദഭാഗം നമ്മോട് സംസാരിക്കുന്നു.
മാറുന്ന കാലത്ത് സ്വന്തം ജീവിതം തന്നെ അഞ്ചാമത്തെ സുവിശേഷമായി രൂപാന്തരപ്പെടേണ്ടതുണ്ട്. ദൈവം തന്റെ ജനത്തെ കരുതുകയും ക്രയവിക്രയങ്ങളിൽ ഇടപെടുകയും ചെയ്യുന്ന ഒന്നാണ്. അതിരുകൾ സൃഷ്ടിക്കുന്ന കാലത്ത് അവയെ ലംഘിക്കുന്ന പുതിയ യാത്രകൾ ചെയ്യുവാൻ നമുക്ക് സാധിക്കണം. ഈ വേദഭാഗത്ത് യിസ്രായേൽ ജനത്തെ മൂന്ന് വ്യത്യസ്ത വിശേഷണങ്ങളിലൂടെ വരച്ചുകാട്ടുന്നു. ഒന്ന് യിസ്രായേൽ ഒരു അമൂല്യ സമ്പത്താണ്, ഒരു നവജാത ശിശുവിനെപ്പോലെ യിസ്രായേലിന ദൈവം മാറോട് ചേർക്കുന്നു. സാർവ്വത്രികമായ ദൗത്യത്തെ തിരിച്ചറിയുവാൻ സാധിക്കണം. രണ്ട് അത് ഒരു പൗരോഹിത്യ രാജ്യമാണ്, ദൈവത്തിന്റെ പ്രതിനിധിയായും മദ്ധ്യസ്ഥതയുടെ അനുഭവത്തിലും പ്രവൃത്തിയിൽ നിലനിൽക്കുക എന്നതാണ് ദൈവോദ്ദേശ്യം. മൂന്നാമതായി വിശുദ്ധ ജനമായി വരച്ചുകാട്ടുന്നു. വ്യത്യസ്തമായ കാഴ്ചകൾകൊണ്ട് വികലവും ദുർബ്ബലവുമായ ജീവിത അനുഭവങ്ങളെക്കൊണ്ടും ചിതറിയ സമൂഹത്തെ വിശുദ്ധിയുടെ പുതിയ അർത്ഥതലങ്ങളിലേക്ക് നമ്മെ ക്ഷണിക്കുന്നു. യിസ്രായേലിന്റെ അനുഭവങ്ങളിലൂടെ നമ്മുടെ തന്നെ പരിസരങ്ങളെ നമുക്ക് തിരിച്ചറിയുവാൻ സാധിക്കും. പുത്രനെ അയച്ചു മാതൃക കാണിക്കുന്ന പിതാവാം ദൈവം നിലനിന്ന തിന്മകൾക്കും ഘടനകൾക്കുമെതിരെ ശബ്ദമായി രൂപാന്തരപ്പെടുന്നു. വിശുദ്ധിയുടെ പരിസരങ്ങളിലൂടെ നമ്മുടെ സഭയെ നോക്കി കാണുവാൻ സാധിക്കുമ്പോൾ സഭയുടെ യാത്രകളിൽ പുതുമാറ്റങ്ങൾ സംഭവിക്കും. സാമൂഹികമായ അസമത്വങ്ങളും ചോദ്യം ചെയ്യപ്പെടുന്നതാണ് യഥാർത്ഥ വിശുദ്ധി. അതിലേക്ക് നയിക്കപ്പെടുവാൻ സഭയായും വ്യക്തികളായും നമുക്ക് സാധിക്കണം.
മതപരമായ ചട്ടക്കൂടുകളും അതിർവരമ്പുകളും ലംഘിക്കുന്ന ഇടമായി സഭ മാറണം. 12 പേരിലൂടെ ആരംഭിച്ച പ്രവർത്തനം ഇന്ന് ഇത്രയേറെ വളർന്നു എങ്കിൽ അത് പുതിയ ഇടങ്ങളിലേക്ക് ഇറങ്ങിയതിന്റെ ഫലമായാണ് സഭയുടെ നാല് പ്രത്യേകതകൾ/വിശേഷതകൾ 1 പത്രോസ് 2:9-10 വാക്യങ്ങളിൽ നമുക്ക് കാണുവാൻ സാധിക്കുന്നു.
ഒന്നാമതായി ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരാണ് ഈ ധാർമ്മികതയോടൊപ്പം ദൗത്യത്തിൽ ആഴപ്പെടുവാൻ സഭയ്ക്ക് സാധിക്കണം. നീതിന്യായ യാത്രകളിൽ യഥാർത്ഥമായി സത്യസന്ധരാകുവാൻ സാധിക്കണം.
രണ്ടാമതായി പുരോഹിത വർഗമാണ് സഭ, പ്രാർത്ഥനയിലൂടെ ദൈവത്തിങ്കലേക്ക് ജനങ്ങളെ അടുപ്പിക്കുവാൻ, ഇരുളിൽ നിന്നും വീണുപോയ അവസ്ഥകളിൽ നിന്നും വലിച്ചുകയറ്റുന്ന കരങ്ങളായി തീരുവാനും സഭയ്ക്ക് സാധിക്കണം.
മൂന്നാമതായി സഭ വിശുദ്ധവംശമാണ്, ആ നിലയിൽ സഭ പരാജയപ്പെടുന്നെങ്കിലും സ്‌നേഹം പകരുന്ന, നീതിനിഷ്ഠായ ജീവിതങ്ങളിൽ അനുഭവപ്പെട്ട് ഒരുക്കുവാൻ സഭയ്ക്ക് കഴിയണം.
നാലാമതായി, സ്വന്ത ജനമാണ് സഭ, അന്ധകാരത്തിൽ നിന്നും പുതിയ പ്രകാശത്തിലേക്ക് നയിക്കപ്പെടുവാൻ ചേർത്ത് നിർത്തപ്പെടുന്ന ഇടമാണ് സഭ. നിരന്തരമായി പുലർത്തേണ്ട ഭക്തിയായ് മാത്രമല്ല. ധാർമ്മികമായ ജീവിതചര്യയായി ഇത് മാറണം.
സഭയും ജനങ്ങളും ഈ വലിയ ശുശ്രൂഷയുടെ ഭാഗമാണ്, ഓരോ വ്യക്തിയും പൗരോഹിത്യത്തിന്റെ ഭാഗമാണ്. മറ്റുള്ളവരെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുവാനും ദൈവത്തെ യഥാർത്ഥമായി അനുഭവിപ്പിക്കുവാനും സാധിക്കണം. വിശ്വാസം പ്രവർത്തിയിലൂടെ വളരുമ്പോൾ ക്രിസ്തു ദൗത്യം ശക്തമായി കാലയവനികകളെ മറികടക്കും. ധർമ്മത്തിലും ജ്ഞാനത്തിലും നിലനിൽക്കുവാനും വളരുവാനും വേദനിക്കുന്നവരെ ചേർക്കുവാനും നമുക്ക് നിരന്തരം സാധിക്കട്ടെ. ഇപ്രകാരം ഒരുങ്ങുമ്പോൾ നമ്മുടെ ശ്രമങ്ങളും യാത്രകളും സഹായിക്കുമാറാകട്ടെ.
What do you feel about this post?
Like
Love
Happy
Haha
Sad

