പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ള ബസ് സ്റ്റാൻഡ് പുനർ നിർമ്മിക്കുന്നു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – നഗരസഭാ ബസ് സ്റ്റാൻഡ് യാർഡിന്റെ നിർമ്മാണോദ്ഘാടനം വ്യാഴാഴ്ച ചെയർമാൻ അഡ്വ ടി സക്കീർ ഹുസ്സൈൻ നിർവ്വഹിക്കും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ബസ് സ്റ്റാൻഡ് നവീകരണം യാഥാർഥ്യമാകുന്നത്. രണ്ട് ഘട്ടമായാണ് യാർഡിന്റെ നിർമ്മാണം. യാർഡിന്റെ 70 ശതമാനം നിർമ്മാണവും ഒന്നാം ഘട്ടത്തിൽ പൂർത്തീകരിക്കും. 3.70 കോടി രൂപയാണ് ഒന്നാം ഘട്ടത്തിൽ ചിലവഴിക്കുന്നത്. ബസ് സ്റ്റാൻഡിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കുന്നതിനാണ് രണ്ടു ഘട്ടമായി യാർഡ് നിർമ്മാണം നടത്തുന്നത്. തുടർന്ന് കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകൾ നിർമ്മിക്കാനാണ് നഗരസഭാ ഉദ്ദേശിക്കുന്നത്. മൂന്നാം നിലയിൽ ഓഫീസ് സ്‌പേസും നാലാം നിലയിൽ ഓഡിറ്റോറിയവും കോൺഫറൻസ് ഹാളും നിർമ്മിക്കാനാണ് പദ്ധതി.

വർഷങ്ങളായി തകർന്ന് കിടക്കുന്ന ബസ്റ്റാൻഡ് യാർഡ് ബലപ്പെടുത്തുന്നതിനായി മാറിവന്ന ഭരണസമിതികൾ നടത്തിയ ശ്രമങ്ങൾ ഒന്നും വിജയം കണ്ടിരുന്നില്ല.ബസ്റ്റാൻഡ് നിർമ്മാണത്തിനായി ഭൂമി നികത്തിയപ്പോൾ പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ ഉപയോഗിച്ചതാണ് കുഴപ്പങ്ങൾക്ക് കാരണം. തുടർച്ചയായി ഭൂമി താഴുന്നതിനാൽ യാർഡ് നിർമ്മാണത്തിനായി നഗരസഭ ചിലവഴിച്ച ലക്ഷങ്ങൾ പാഴായി. ശാസ്ത്രീയമായ പരിഹാരം കണ്ടെത്താതെ യാർഡ് നിർമ്മാണത്തിനുള്ള പദ്ധതി നിർദ്ദേശിക്കാൻ എൻജിനീയറിങ് വിഭാഗവും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് പുതിയ നഗരസഭ ഭരണസമിതി തിരുവനന്തപുരം എൻജിനീയറിങ് കോളേജിനെ പഠനം നടത്താൻ ചുമതലപ്പെടുത്തിയത്. നിലവിലെ ഭരണസമിതി അധികാരം ഏറ്റെടുത്തതിനു ശേഷം നടത്തിയ തുടർച്ചയായ ഇടപെടലുകൾ മൂലമാണ് ഇപ്പോൾ നിർമ്മണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നത്. യാർഡിൽ മുൻപുണ്ടായിരുന്ന ടാറിങ്ങും വെള്ളക്കെട്ടും പഠനവിധേയമാക്കിയ തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ വിദഗ്ധസംഘം ചീഫ് എൻജിനീയറുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഗരസഭ തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് ഇപ്പോൾ പ്രവർത്തനങ്ങൾ നടക്കുന്നത്.

നിലവിലുള്ള യാർഡിൽ നിന്നും 1.10 മീറ്റർ ആഴത്തിൽ മണ്ണ് നീക്കം ചെയ്ത് ഇന്ത്യൻ സ്റ്റാൻഡേർഡ് സ്‌പെസിഫിക്കേഷൻ അനുസരിച്ച് ജിഎസ്പി, വെറ്റ് മിക്‌സ് എന്നിവ നിറച്ച് അതിനു മുകളിൽ ഇന്റർലോക്ക് പാകി നവീകരിക്കും. പുതിയ ബസ്റ്റാൻഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് കടുത്ത സാമ്പത്തിക ബാധ്യത സൃഷ്ടിച്ച കെ യു ആർ ഡി എഫ് സി വായ്പ കുടിശ്ശിക വിഷയം നഗരസഭാ ചെയർമാൻ നടത്തിയ ചർച്ചകൾക്കൊടുവിൽ പരിഹരിച്ചു. കെ യു ആർ ഡി എഫ് സിക്ക് നൽകാനുള്ള എല്ലാ വായ്പ്പാ കുടിശ്ശികകളും ഇതോടെ അവസാനിച്ചു.
നഗരസഭ സമർപ്പിച്ച എസ്റ്റിമേറ്റിന് ചീഫ് എൻജിനീയർ സാങ്കേതിക അനുമതി നൽകിയതോടെ പ്രീക്വാളിഫിക്കേഷൻ ഉൾപ്പെടെ ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ചു. സാമ്പത്തിക ഞെരുക്കം നേരിടുന്ന നഗരസഭയിൽ ടെൻഡർ നടപടികളിൽ പങ്കെടുക്കാൻ കരാറുകാർ തയ്യാറാകുമോ എന്ന ആശങ്കയിൽ ആയിരുന്നു ഭരണസമിതി. എന്നാൽ കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്ത കരാറുകാരനെ കൗൺസിൽ അംഗീകരിച്ചതോടെ നിർമ്മാണത്തിനുള്ള തടസ്സങ്ങൾ മാറി. ബസ്റ്റാൻഡ് സമുച്ചയത്തിന്റെ ആധുനികവൽക്കരണത്തിനായി തയ്യാറാക്കിയ ഡിപിആറിനും നഗരസഭാ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. നിലവിലുള്ള കെട്ടിടത്തിന്റെയും യാർഡിന്റെയും പൂർണ്ണമായ ഉപയോഗം ഉറപ്പുവരുത്തുന്ന രീതിയിലാണ് പദ്ധതി. നിലവിലെ വെയിറ്റിംഗ് സ്‌പേസുകളിൽ ആകർഷകമായ വാണിജ്യ കിയോസ്‌ക്കുകൾ നിർമ്മിച്ച് ഉപയോഗിക്കും. ബസ്സ്റ്റാൻഡ് പരിസരം മനോഹരമാക്കാൻ ലാൻഡ് സ്‌കേപ്പിംക്കിംഗും നൂറിലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ വിശാലമായ പാർക്കിംഗും ഉൾപ്പെടെയാണ് പുതിയ രൂപകൽപ്പന എന്നും നഗരസഭ ചെയർമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *