കോഴഞ്ചേരി – ലോക പ്രസിദ്ധമായ മാരാമൺ കൺവൻഷന്റെ 131-മത് മഹായോഗം ഞായറാഴ്ച പമ്പാ നദിയിലെ മാരാമൺ മണൽപ്പുറത്ത് ഒരുക്കുന്ന വിശാലമായ പന്തലിൽ ആരംഭിക്കും. 8 നാൾ നീളുന്ന വചന പ്രഘോഷണം 15ന് ഞായറാഴ്ച സമാപിക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭ പരമാദ്ധ്യക്ഷനും മലങ്കരയുടെ 22-ാം മാർത്തോമ്മായുമായ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. ഡോ. ക്ലിയോഫസ് ജെ. ലാറു(യു.എസ്.എ)പ്രസംഗിക്കും. മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ പ്രൊഫ. ഡോ. ക്ലിയോഫസ് ജെ. ലാറു (യു.എസ്.എ.), റവ. മോളോ വിൽസൻ മെസവാൻഡിലേ (സൗത്ത് ആഫ്രിക്ക), ബിഷപ്പ് ഡോ. പോൾ സ്വരൂപ് (ന്യൂഡൽഹി) എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. വിവിധ ദിവസങ്ങളിലെ യോഗങ്ങളിൽ സഹോദരി സഭകളിലെ ബിഷപ്പുമാരും പ്രഭാഷകരും നേതൃത്വം നൽകും.
തിങ്കൾ മുതൽ ശനി വരെ രാവിലെ 7.30ന് ബൈബിൾ ക്ലാസുകൾ പന്തലിൽ നടക്കും. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പ്രൊഫ. ഡോ ക്ലിയോഫസ് ജെ. ലാറു, വ്യാഴം, വെള്ളി ശനി ദിവസങ്ങളിൽ ബിഷപ്പ് ഡോ. പോൾ സ്വരൂപ് എന്നിവർ ബൈബിൾ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. കുട്ടികൾക്കുള്ള യോഗം സി.എസ്.എസ്.എമ്മിന്റെ നേതൃത്വത്തിൽ രാവിലെ 7.30 മുതൽ 8.30 വരെ കുട്ടിപ്പന്തലിൽ ക്രമീകരിക്കും. സായാഹ്നയോഗങ്ങൾ വൈകിട്ട് 6 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 7.30ന് സമാപിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2.30ന് കുടുംബവേദി യോഗങ്ങളും ക്രമീകരിക്കും. കുടുംബവേദി യോഗങ്ങളിൽ ഡോ.ജിറ്റി ജോർജ് (കോട്ടയം), റവ. ഫാ. എഡ്വേർഡ് ജോർജ് (മൂവാറ്റുപുഴ) എന്നിവർ പ്രസംഗിക്കും. ബുധനാഴ്ച്ച രാവിലെ 10നു ചേരുന്ന എക്യുമെനിക്കൽ സമ്മേളനത്തിൽ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ മുഖ്യ സന്ദേശം നൽകും. സഹോദരി സഭകളുടെ അദ്ധ്യക്ഷന്മാരും മേൽപ്പട്ടക്കാരും പങ്കെടുക്കും. ഉച്ചകഴിഞ്ഞു 2.30ന് ചേരുന്ന സാമൂഹിക തിന്മകൾക്കെതിരായ യോഗത്തിൽ ബിഷപ്പ് ടോണി നീലങ്കാവിൽ (തൃശ്ശൂർ അതിരൂപത) മുഖ്യപ്രഭാഷണം നിർവ്വഹിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 4 ന് പന്തലിൽ ഒരുക്കുന്ന യുവവേദി യോഗങ്ങളിൽ റവ. ഫാ. അലക്‌സാണ്ടർ കുര്യൻ, ജോസ് പനച്ചിപ്പുറം, ഡോ. യശ്വിൻ കെ. തോമസ് എന്നിവർ പ്രസംഗിക്കും. ബുധൻ മുതൽ ശനി വരെ വൈകിട്ട് 7.30 മുതൽ 9 വരെയുള്ള സമയം ഭാഷാ അടിസ്ഥാനത്തിലുള്ള മിഷൻ ഫീൽഡ് കൂട്ടായ്മകൾ ഹിന്ദി & ഒഡിയ, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ക്രമത്തിൽ പ്രത്യേക യോഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിലെ രാവിലത്തെ യോഗങ്ങളിൽ വിവിധ വിഷയങ്ങളെ അധീകരിച്ച് തിരുമേനിമാരുടെ നേതൃത്വത്തിൽ മദ്ധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടും.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ 4 വരെ സന്നദ്ധ സുവിശേഷ സംഘത്തിന്റെയും, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ 4 വരെ സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളാണ്. സേവികാ സംഘം യോഗത്തിൽ ഡോ. മ്യൂസ് മേരി ജോർജ് പ്രസംഗിക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് അഭിവന്ദ്യ ഡോ. ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ അദ്ധ്യക്ഷതയിൽ ചേരുന്ന മിഷനറി യോഗത്തിൽ പ്രൊഫ. ഡോ. ക്ലിയോഫസ് ജെ. ലാറു പ്രസംഗിക്കും.
സുവിശേഷ വേലയ്ക്കായി സമർപ്പിക്കപ്പെട്ടവർക്കുള്ള പ്രതിഷ്ഠാ ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 7.30 ന് 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ശനിയാഴ്ച രാവിലെ 7.30 ന് 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും വേണ്ടിയുള്ളത് കോഴഞ്ചേരി സെന്റ്‌തോമസ് മാർത്തോമ്മാ പള്ളിയിൽ അഭിവന്ദ്യ തിരുമേനിമാരുടെ നേതൃത്വത്തിൽ നടത്തപ്പെടും. 15-ാം തീയതി ഞായറാഴ്ച രാവിലെ 7.30 ന് മാരാമൺ, കോഴഞ്ചേരി, ചിറയിറമ്പ്, പള്ളികളിൽ വി.കുർബ്ബാനയ്ക്ക് അഭിവന്ദ്യ തിരുമേനിമാർ നേതൃത്വം നൽകും. ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് സമാപന സമ്മേളനത്തിൽ മാർത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് അഭിവന്ദ്യ ഡോ. ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. ബിഷപ്പ് ഡോ. പോൾ സ്വരൂപ് പ്രസംഗിക്കും. അഭിവന്ദ്യ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ സമാപന സന്ദേശം നൽകും. മാർത്തോമ്മാ സഭയുടെ സംഗീതസംവേദന വിഭാഗമായ ഡിപ്പാർട്‌മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആൻഡ് കമ്മ്യൂണിക്കേഷൻ നേതൃത്വത്തിലുള്ള 101 അംഗ ഗായക സംഘം ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. മാരാമൺ കൺവൻഷന്റെ എല്ലാ യോഗങ്ങളും മാർത്തോമ്മാ സുവിശേഷപ്രസംഗസംഘത്തിന്റെ ഔദ്യോഗിക ചാനലായ എം.റ്റി.ഇ.എ. മീഡിയ യൂട്യൂബ് ചാനലിലൂടെയും ഡി. എസ്. എം.സിയിലൂടെയും സഭയുടെ ഔദ്യോഗിക ചാനലായ മാർത്തോമ്മാ വിഷൻ യൂട്യൂബ് ചാനലിലൂടെയും തത്‌സമയം ടെലികാസ്റ്റ് ചെയ്യും. കൺവൻഷനിലെ അച്ചടക്കം സുപ്രസിദ്ധമാണ്. യോഗങ്ങളിൽ ക്രമപരിപാലനത്തിനായി വൈദികരും അത്മായ വോളന്റിയർമാരും നേതൃത്വം നൽകും.
ഉദ്ഘാടന യോഗത്തിലും വെള്ളി, ശനി, ഞായർ രാവിലത്തെ യോഗങ്ങളിലും സ്‌തോത്രകാഴ്ച ശേഖരിക്കും. മറ്റു യോഗങ്ങളിൽ സംബന്ധിക്കുന്നവർക്ക് പന്തലിൽ ക്രമീകരിച്ചിരിക്കുന്ന പെട്ടികളിൽ സ്‌തോത്രകാഴ്ച അർപ്പിക്കാവുന്നതാണ്. യോഗങ്ങളിൽ സംബന്ധിച്ച് സ്‌തോത്രകാഴ്ച അർപ്പിക്കുവാൻ സാധിക്കാത്തവർക്ക് പേമെന്റ് ഗേറ്റ്‌വേ സംവിധാനത്തിലൂടെ ആ സമയം തന്നെ ഓൺലൈനായി സ്‌തോത്രകാഴച അർപ്പിക്കുന്നതിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കൺവൻഷൻ ക്രമീകരണങ്ങളിൽ നിർലോഭം സഹകരിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെയും കളക്ടർ എസ്. പ്രേംകൃഷ്ണന്റെയും നേതൃത്വത്തിൽ ജില്ലാ കളക്ട്രേറ്റിലും മാരാമൺ റിട്രീറ്റ് സെന്ററിലും യോഗം ചേർന്ന് സർക്കാർ ക്രമീകരണങ്ങൾ വിലയിരുത്തി. കെ.എസ്.ആർ.ടി.സി. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രത്യേകം ബസ് സർവ്വീസ് ക്രമീകരിക്കും.
മാരാമൺ മഹായോഗത്തിൽ ജനലക്ഷങ്ങളാണ് പങ്കെടുക്കുന്നത്. യാതൊരു പരിസ്ഥിതി മലിനീകരണവും സംഭവിക്കാത്തവിധത്തിൽ ഹരിത നിയമാവലി അനുസരിച്ച് കൺവൻഷൻ ക്രമീകരിക്കാൻ സംഘാടകസമിതി ശ്രദ്ധിക്കുന്നു. പമ്പാനദിയും മണൽതിട്ടയും പരിസരപ്രദേശങ്ങളും മാലിന്യവിമുക്തമായി സൂക്ഷിക്കുവാനുള്ള ക്രമീകരണങ്ങൾ കൺവൻഷൻ സംഘാടകരും പ്രാദേശിക ഭരണകൂടവും പങ്കുചേരുന്നു. സമീപ സെന്ററുകളിലെ ഇടവകകളുടെ നേതൃത്വത്തിൽ ഒരുലക്ഷം പേരെ ഉൾക്കൊള്ളാവുന്ന പന്തലിന്റെ നിർമ്മാണം പൂർത്തിയായി. കോഴഞ്ചേരിയും മാരാമണ്ണും ചുറ്റുപാടുകളിലുള്ള 32 ഇടവകകളിലെ ജനങ്ങൾ ചേർന്നാണ് പ്രധാന പന്തലും കുട്ടി പന്തലും ചാപ്പലും കെട്ടിമേഞ്ഞത്. മണൽപ്പുറത്തേക്കുള്ള 3 താല്ക്കാലിക പാലങ്ങളുടെ നിർമ്മാണവും പൂർത്തിയായി.
കൺവൻഷന്റെ മലയാളം പാട്ടുപുസ്തകം 20 രൂപ നിരക്കിലും ഇംഗ്ലീഷിലേക്ക് ട്രാൻസ്ലിറ്ററേറ്റ് ചെയ്ത പാട്ടുപുസ്തകം 30 രൂപ നിരക്കിലും കൺവൻഷൻ ഗാനമടങ്ങിയ പെൻഡ്രൈവ് 400 രൂപ നിരക്കിലും സി.ഡി. 100 രൂപ നിരക്കിലും മാരാമൺ മണൽപ്പുറത്ത് ലഭിക്കും. കൺവൻഷൻ മണൽപ്പുറത്ത് മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘത്തിന്റെയും മാരാമൺ കൺവൻഷന്റെയും ചരിത്രവും പ്രേക്ഷിത പ്രവർത്തനങ്ങളും പ്രിന്റ്- വിഷ്വൽ മീഡിയകളിലൂടെ വിശദീകരിക്കുന്ന എക്‌സിബിഷൻ സ്റ്റാളും പ്രവർത്തിക്കും. മണൽപ്പുറത്ത് ഒരുക്കുന്ന ചാപ്പലിൽ 24 മണിക്കൂറും വിവിധ വിഷയങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കാൻ അവസരം ഉണ്ടാവും. വിഷയങ്ങൾ എഴുതി മണൽപ്പുറത്തുള്ള സംഘം ഓഫിസിൽ നൽകാവുന്നതാണ്.

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗസംഘമാണ് കൺവൻഷൻ സംഘടിപ്പിക്കുന്നതും ആതിഥേയത്വം നൽകുന്നതും. മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറി റവ. എബി കെ. ജോഷ്വാ (ജനറൽ കൺവീനർ), ലേഖക സെക്രട്ടറി പ്രൊഫ. ഏബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ. ജിജി വർഗീസ്, ട്രഷറാർ ഡോ. എബി തോമസ് വാരിക്കാട്, പ്രസ്സ് & മീഡിയ കമ്മറ്റി കൺവീനർമാരായ ശ്രീ. സാം ചെമ്പകത്തിൽ, ശ്രീ. റ്റിജു എം. ജോർജ്ജ് കമ്മറ്റി അംഗങ്ങളായ റവ. ജോജി തോമസ്, ശ്രീമതി ലാലമ്മ മാത്യു,പി. പി അച്ചൻകുഞ്ഞു, സാം ജേക്കബ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.



