ഇടുക്കി/വണ്ടൻമേട്: സ്വതന്ത്ര അംഗമായിരിക്കെ സ്ഥാനം രാജിവെക്കാതെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച വണ്ടൻമേട് പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കണമെന്ന ഹർജിയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ മാസം 28ന് വാദം കേൾക്കും. വണ്ടൻമേട് പഞ്ചായത്ത് എട്ടാം വാർഡ് അംഗം സുരേഷ് മാനങ്കേരിക്ക് എതിരെയാണ് ഇടതുപക്ഷം പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
കഴിഞ്ഞ ഭരണസമിതിയിൽ സ്വതന്ത്ര അംഗമായി വിജയിച്ച സുരേഷ് മാനങ്കേരി, കാലാവധി അവസാനിക്കാൻ ഒരു മാസം ബാക്കിനിൽക്കെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജനവിധി തേടുകയായിരുന്നു.നിലവിലുള്ള അംഗത്വം രാജിവെക്കാതെ രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിച്ചത് നിയമവിരുദ്ധമാണെന്നും കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നുമാണ് പരാതിക്കാരുടെ വാദം.
സ്വതന്ത്രനായി ജയിച്ചവർ കാലാവധി തീരും മുൻപ് രാഷ്ട്രീയ പാർട്ടികളിൽ ചേരുന്നതിനോ അവരുടെ സ്ഥാനാർത്ഥിയാകുന്നതിനോ നിലവിലുള്ള ചട്ടങ്ങൾ പ്രകാരം വിലക്കുണ്ട്. ഇതു ലംഘിച്ചുകൊണ്ട് സുരേഷിൻ്റെ നടത്തിയ നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടതുമുന്നണി നിയമപോരാട്ടം ആരംഭിച്ചത്.
പരാതിയിൽ പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ കമ്മീഷൻ, ഇരുവിഭാഗത്തിന്റെയും വാദമുഖങ്ങൾ കേൾക്കുന്നതിനായാണ് 28ലേക്ക് കേസ് മാറ്റിവെച്ചിരിക്കുന്നത്. കമ്മീഷന്റെ തീരുമാനം പഞ്ചായത്ത് ഭരണസമിതിയിലും പ്രാദേശിക രാഷ്ട്രീയത്തിലും നിർണ്ണായകമായി മാറും.
അംഗത്വം രാജിവെക്കാതെയുള്ള പാർട്ടി മാറ്റം: നിയമവശങ്ങൾ ഇങ്ങനെ
തദ്ദേശ സ്ഥാപനങ്ങളിലേക്ക് സ്വതന്ത്രനായി വിജയിച്ച അംഗം കാലാവധി തീരും മുൻപ് മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിക്കുന്നത് കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതയ്ക്ക് കാരണമാകും. 1999-ലെ കേരള കൂറുമാറ്റം നിരോധിക്കൽ നിയമത്തിലെ സെക്ഷൻ 3(2) പ്രകാരം, ഒരു സ്വതന്ത്ര അംഗം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നത് നിയമവിരുദ്ധമാണ്.
മറ്റൊരു പാർട്ടിയുടെ ചിഹ്നത്തിൽ പത്രിക സമർപ്പിക്കുന്നത് തന്നെ ആ പാർട്ടിയിൽ അംഗത്വമെടുത്തതിന്റെ തെളിവായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കാക്കാറുണ്ട്. നിലവിലുള്ള പദവി ഔദ്യോഗികമായി രാജിവെക്കാതെ പുതിയ ചിഹ്നത്തിൽ മത്സരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനവും ചട്ടലംഘനവുമാണ്. സമാനമായ കേസുകളിൽ അംഗത്വം റദ്ദാക്കിക്കൊണ്ടുള്ള മുൻകാല ഉത്തരവുകൾ കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. പദവി ഒഴിഞ്ഞ ശേഷം മാത്രമേ ഒരു സ്വതന്ത്ര അംഗത്തിന് മറ്റൊരു പാർട്ടിയുടെ സ്ഥാനാർത്ഥിയാകാൻ നിയമപരമായി സാധിക്കൂ.


