പത്തനംതിട്ട: നിരവധി തട്ടിപ്പുകള്‍ നടത്തി ജയിലില്‍ ആയപ്പോള്‍ പുതിയ പേര് സ്വീകരിച്ച് തട്ടിപ്പിന് ഇറങ്ങിയ മുന്‍ രാഷ്ട്രീയ പ്രവര്ത്തകന് അറസ്റ്റില്‍. റാന്നി പഴവങ്ങാടി സ്വദേശി കോട്ടയില്‍ വീട്ടില്‍ പി.കെ.ഭാസ്കരന്റെ മകന് അജികുമാര്‍ (38) എന്ന അജി ബി. റാന്നിയാണ് കീഴ്വായ്പ്പൂര് പോലീസിന്റെ പിടിയിലായത്. കോണ്‍ഗ്രസ് എസ് നേതാവായും ശബരി റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയായും പ്രവര്‍ത്തിച്ച് തട്ടിപ്പ് നടത്തിയ ഇയാള്‍ നിരവധി തവണ പിടിയിലായിട്ടുണ്ട്. ഇതേ തുടര്‍ന്ന് അശ്വന്ത് ഭാസ്കര്‍ എന്ന പേരിലാണ് പുതിയ തട്ടിപ്പുകള്‍ക്ക് ഇറങ്ങിയത്.
കേന്ദ്രസര്‍ക്കാരില്‍ നിന്ന് പലിശരഹിത വായ്പയായി വന്‍ തുക വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച്ആനിക്കാട് സ്വദേശിയായ യുവാവില്‍ നിന്ന് രണ്ട് തവണയായി 18 ലക്ഷം രൂപയാണ് ഇയാള്‍ വാങ്ങി എടുത്തത്. ഇതിന് ശേഷം നാടുവിട്ട ഇയാളെ കീഴ്വായ്പൂര് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് ഇയാള്‍ക്കെതിരേ കീഴ്വായ്പൂര് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
2024 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി രണ്ടു തവണയാണ് ഇയാള്‍ യുവാവിനെ പറ്റിച്ച് 18 ലക്ഷം രൂപ കൈലാക്കിയത്. വായ്പയോ നല്കിയ പണമോ തിരികെ ലഭിക്കാതായതോടെ യുവാവ് കീഴ്യ്പൂര് പോലീസില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന വിപിന്‍ ഗോപിനാഥ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇപ്പോഴത്തെ ഇന്‍സ്പെക്ടര്‍ ഇ. അജീബ് ന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ടി. അനീഷ്, എന്‍.എസ്. ഷാന്‍, എ.എസ്.ഐ മുജീബ്ഖാന്‍, സിപിഓമാരായ സോനു, നെവിന് എന്നിവര്‍ അടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തി മല്ലപ്പള്ളിയില്‍ നിന്ന് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.


