മകരജ്യോതി ദർശനം: ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്റ്

Pathanamthitta

സന്നിധാനം – മകരവിളക്ക് മഹോത്സവത്തിന് ശബരിമല സന്നിധാനം സജ്ജമായിക്കഴിഞ്ഞതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. തിരുവാഭരണ ഘോഷയാത്ര നാളെ എത്തും. സന്നിധാനത്തും പരിസരത്തും ഒരു ലക്ഷത്തോളം ഭക്തർ തമ്പടിച്ചിട്ടുണ്ട്. എരുമേലി കാനനപാത വഴി തീർത്ഥാടകർ എത്തിക്കൊണ്ടിരിക്കുകയാണ്. തിരക്ക് നിയന്ത്രിക്കാൻ പോലീസ് സർവസജ്ജമാണ്. തിരുമുറ്റത്തും ഫ്‌ളൈ ഓവറുകളിലും നിന്ന് മകരജ്യോതി ദർശിക്കുന്നതിന് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദേവസ്വം ബോർഡ് ഫോട്ടോ പതിച്ച തിരിച്ചറിയിൽ പാസ് നൽകിയവർക്ക് മാത്രമേ ഈ സ്ഥലങ്ങളിൽ നിൽക്കാൻ കഴിയുകയുള്ളൂ. പാസ് ഒരു കാരണവശാലും മറ്റെരാൾക്ക് കൈമാറാൻ കഴിയില്ല. സുതാര്യമായ സംവിധാനമാണ് ഇക്കുറി ഏർപ്പെുത്തിയിരിക്കുന്നത്.

മകരജ്യോതി ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങാൻ തീർത്ഥാടകർ തിരക്ക് കൂട്ടുന്ന പ്രവണതയുണ്ട്. തിരിച്ചിറങ്ങുന്നതിന് തിരക്ക് കൂട്ടേണ്ടതില്ല. കൂടുതൽ കെഎസ്ആർടിസി ബസുകൾ പമ്പയിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

മുൻവർഷങ്ങളിൽ ഭക്തർക്ക് തങ്ങാൻ മുറി ലഭിക്കാത്തതിന്റെ പ്രശ്‌നമുണ്ടായിരുന്നു. ഈ വർഷം മുറി ബുക്ക് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. ഭക്തരെ ഒരു തരത്തിലുമുള്ള ചൂഷണത്തിന് വിധേയമാക്കുന്ന സാഹചര്യവും ശബരിമലയിൽ ഉണ്ടാകില്ല.

അടുത്ത ശബരിമല തീർത്ഥാടന കാലത്തേയ്ക്കുള്ള ആസൂത്രണവും ഈ വർഷത്തെ അവലോകനവും നടത്തുന്നതിനായി എല്ലാ വകുപ്പുകളെയും വിളിച്ച് ചേർത്ത് ഫെബ്രുവരി 6ന് യോഗം ചേരുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *