പത്തനംതിട്ട – എ.ആർ ക്യാമ്പിൽ നിന്നുള്ള ആക്രി സാധനങ്ങൾ ആരുമറിയാതെ എസ്.ഐ തൂക്കി വിറ്റു. എസ്.ഐയോട് മുൻവൈരാഗ്യമുള്ള പോലീസുകാരൻ ആക്രിക്കടയിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യം അടക്കം പരാതിപ്പെട്ടതോടെ സംഭവം വിവാദമായി. ആക്രി വിറ്റു കിട്ടിയ പണം എസ്.ഐ തിരികെ അടച്ചു തലയൂരാൻ ശ്രമിച്ചെങ്കിലും എസ്പിക്ക് റിപ്പോർട്ട് ലഭിച്ചതോടെ നടപടി ഉറപ്പായി.
എആർ ക്യാമ്പിലെ എസ്‌ഐ ജയകുമാറിനെതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്. മത്തി എന്ന അപരനാമത്തിലാണ് ജയകുമാർ അറിയപ്പെടുന്നത്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും സഹപ്രവർത്തകനെ മർദിച്ചതിനും അടക്കം നിരവധി തവണ നടപടി നേരിട്ടിട്ടുള്ളയാളാണ് ജയകുമാർ.
കഴിഞ്ഞ ആഴ്ചയാണ് സംഭവം. എആർ ക്യാമ്പിലുണ്ടായിരുന്ന ആക്രി സാധനങ്ങൾ വാഹനത്തിൽ കയറ്റി വടശേരിക്കരയ്ക്ക് സമീപം ചെങ്ങറ മുക്കിലുളള ആക്രി കടയിൽ എത്തിച്ചു വിറ്റ് പണം വാങ്ങുകയായിരുന്നു. ക്യാമ്പിലെ ആക്രി സാധനങ്ങൾ വിൽക്കുന്നതിന് സർക്കാർ നടപടി ക്രമങ്ങളുണ്ട്. ടെണ്ടർ വിളിച്ചാണ് എന്തു സാധനവും വിൽക്കേണ്ടത്. ഇവിടെ ഒരു നടപടി ക്രമവും പാലിക്കാതെ എസ്‌ഐ സാധനങ്ങൾ കൊണ്ടു പോയി വിൽക്കുകയായിരുന്നു.
ജയകുമാറിനോട് വിരോധമുള്ള ഒരു പോലീസുകാരനാണ് വിൽപ്പന വിവാദമാക്കിയത്. ഇയാൾ ആക്രിക്കടയിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് പരാതി നൽകുകയായിരുന്നു. തെളിവു സഹിതം പരാതി വന്നതോടെ എസ്‌ഐ വെട്ടിലായി. വിശദമായ റിപ്പോർട്ട് ക്യാമ്പ് കമാൻഡന്റ് എസ്പിക്ക് സമർപ്പിച്ചുവെന്നാണ് അറിയുന്നത്. എസ്‌ഐക്കെതിരേ നടപടിയുണ്ടായേക്കും.


