സന്നിധാനം – ശബരിമല സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ശബരിമല ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ 98000 രൂപ പിഴയീടാക്കി. ഡിസംബർ 12 ന് ഡ്യൂട്ടി മജിസ്‌ട്രേറ്റായി ചുമതലയേറ്റ വി. ജയമോഹന്റെ നേതൃത്വത്തിൽ ഡിസംബർ 20 വരെയുള്ള കാലയളവിൽ നടത്തിയ പരിശോധനയിലാണ് ഈ തുക പിഴയായി ഈടാക്കിയത്.
സന്നിധാനവും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും തീർഥാടകരോടുള്ള ചൂഷണവും അമിത വില ഈടാക്കലും തടയുന്നതിനായാണ് സ്‌ക്വാഡ്, സാനിറ്റേഷൻ ടീമുകളെ നിയോഗിച്ചിട്ടുള്ളത്. ലീഗൽ മെട്രോളജി, പഞ്ചായത്ത്, റവന്യൂ, സിവിൽ സപ്ലൈസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡാണ് പരിശോധന നടത്തുന്നത്. ഉരൽക്കുഴി മുതൽ സന്നിധാനം വരെയുള്ള പ്രദേശമാണ് ഡ്യൂട്ടി മജിസ്‌ട്രേറ്റിനു കീഴിലുള്ളത്. അമിതവില ഈടാക്കൽ, വൃത്തിഹീനമായ സാഹചര്യം, അളവിലെ ക്രമക്കേട്, പരിസര ശുചിത്വമില്ലായ്മ, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിൽപ്പന തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് പിഴ ഈടാക്കിയത്.
സന്നിധാനത്തെ ഹോട്ടലുകളിൽ സ്‌ക്വാഡ് പരിശോധന നടത്തി. വിലവിവരപട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നു പരിശോധിച്ചു. ശുചിത്വപാലനം, തൊഴിലാളുകളുടെ ശുചിത്വം, തൊഴിലാളികളുടെ ഹെൽത്ത് കാർഡ്, ഭക്ഷണ വസ്തുക്കളുടെ അളവും തൂക്കവും തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കി. ഹോട്ടലുകളിൽ തണുത്ത വെള്ളം നൽകരുതെന്നും ചൂടുവെള്ളം മാത്രം നൽകണമെന്നും സ്‌ക്വാഡ് നിർദേശിച്ചു. ചൂടുവെള്ളത്തിൽ തണുത്ത വെള്ളം കലർത്തി നൽകരുതെന്നും നിർദേശം നൽകി. ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ തൊഴിലാളികളുടെ കൈകൾ വൃത്തിയായി സൂക്ഷിക്കണം. തലയിൽ നെറ്റ് ധരിക്കണം.

24 മണിക്കൂറും സ്‌ക്വാഡ് പരിശോധനയ്ക്കായി രംഗത്തുണ്ടാകും. രണ്ട് വിഭാഗമായി തിരിഞ്ഞാണ് പരിശോധന. 18 പേരാണ് സംഘത്തിലുള്ളത്. ഓരോ ഉദ്യോഗസ്ഥർക്കും 10 ദിവസം വീതമാണ് ഡ്യൂട്ടി. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ശുചീകരണപ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുള്ള വിശുദ്ധി സേനയുടെ പ്രവർത്തനവും പരിശോധിക്കുന്നുണ്ട്. 14 സെഗ്മെന്റുകളായി തിരിച്ചാണ് ഇവരുടെ പ്രവർത്തനം. ഓരോ സെഗ്മെന്റിലും 30 വിശുദ്ധി സേനാംഗങ്ങൾ ഉണ്ടാകും. ആകെ ആയിരത്തിലധികം വിശുദ്ധി സേനാംഗങ്ങളാണ് കർമ്മനിരതരായുള്ളത്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധനയുമുണ്ട്.
സ്വാമിമാർ ആഴിയിൽ നിക്ഷേപിക്കേണ്ട നെയ് തേങ്ങ ദേവസ്വം ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചിലർ വാങ്ങുകയും കൊപ്രാക്കളത്തിൽ കച്ചവടം നടത്തുകയും ചെയ്തത് സംബന്ധിച്ച് നടപടി സ്വീകരിച്ചു. ഇവരുടെ ഐഡന്റിന്റി കാർഡ് റദ്ദാക്കാൻ ദേവസ്വം വിജിലൻസിന് നിർദേശം നൽകി. അനധികൃത ലോട്ടറി വിൽപ്പനയ്‌ക്കെതിരേയും നടപടി സ്വീകരിച്ചു. എക്‌സ്പയറി ഡേറ്റ് പ്രദർശിപ്പിക്കാത്ത ന്യൂഡിൽസ് പാക്കറ്റ് ശബരീപീഠത്തിൽ പ്രവർത്തിക്കുന്ന ആര്യഭവൻ ഹോട്ടലിൽ നിന്ന് പിടിച്ചെടുത്തു.
സാനിറ്റേഷൻ സൂപ്പർവൈസറുടെ നേതൃത്വത്തിൽ എല്ലാ പ്രദേശങ്ങളിലും ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ശുചീകരിക്കുന്നുണ്ട്. മാളികപ്പുറത്തിന് സമീപം ഓടയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ഫയർ ആന്റ് റസ്‌ക്യൂ ഉദ്യോഗസ്ഥരുടെ സേവനം വിനിയോഗിച്ച് നീക്കി.
എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് പി. ഷിബു, ഹെൽത്ത് ഇൻസ്‌പെക്ടർ ഹരികുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.


