മന്ത്രി വീണാ ജോർജിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം

Kerala Pathanamthitta

തിരുവനന്തപുരം :- കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് സ്ത്രീ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സി.പി.എം നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ നടപടിയെടുക്കാൻ പാർട്ടി നിർദ്ദേശം,​ ഇന്ന് ചേർന്ന സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. മൂന്നു ദിവസത്തിനകം ബന്ധപ്പെട്ട പാർട്ടി ഘടകങ്ങൾ നടപടിയെടുത്ത് റിപ്പോ‌ർട്ട് ചെയ്യണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് നിർദ്ദേശം നൽകി.

ഇരവിപേരൂർ ഏരിയാ കമ്മിറ്റി അംഗം എൻ. രാജീവ്,​ ഓതറ ലോക്കൽ കമ്മറ്റിയംഗം രാജുൾ രാജ്, ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ പി.ജെ എന്നിവരാണ് വീണാ ജോർജിനെ പരിഹസിച്ചും വിമർശിച്ചും പോസ്റ്റിട്ടത്. ഈ മാസം 10ന് എൽ.ഡി.എഫ് വിശദീകരണ യോഗം ചേരും. ആരോഗ്യമന്ത്രിക്കെതിരായ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ ആറൻമുള മണ്ഡലത്തിൽ എൽ.ഡി.എഫ് യോഗം ചേരും. എല്ലാ പഞ്ചായത്തുകളിലും റാലിയും വിശദീകരണ യോഗവും സംഘടിപ്പിക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

‘മന്ത്രിപോയിട്ട് എംഎൽഎ ആയിരിക്കാൻ പോലും അർഹതയില്ല. കൂടുതൽ പറയുന്നില്ല, പറയിപ്പിക്കരുത്’ എന്നാണ് ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ പിജെ ഫേസ്ബുക്കിൽ കുറിച്ചത്. എസ്എഫ്ഐയുടെ മുൻ ജില്ലാപ്രസിഡന്റ് കൂടിയാണ് ജോൺസൺ. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി ആശുപത്രിയിൽ ചികിത്സ തേടിയതിനെയാണ് സി.പി.എം ഇരവിപേരൂർ ഏരിയാ കമ്മിറ്റി അംഗം പരിഹസിച്ചത്.’ പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ക്ളാസ് പരീക്ഷ ഉള്ള ദിവസം വയറുവേദന എന്ന് കളവുപറഞ്ഞ് വീട്ടിൽ ഇരിക്കുമായിരുന്നു. ഒത്താൽ രക്ഷപ്പെട്ടു. ഇവിടെ ചോദ്യങ്ങളിൽ നിന്ന് എന്ന വ്യത്യാസം മാത്രം’ എന്നായിരുന്നു പത്തനംതിട്ട സിഡബ്ല്യുസി മുൻചെയർമാൻ എൻ രാജീവിന്റെ പരിഹാസം.

വീണാ മാഡം (സഖാവേ എന്ന് വിളിക്കാന്‍ പറ്റില്ലല്ലോ) താഴേ തട്ടില്‍ പാര്‍ട്ടിക്കു വേണ്ടി പണിയെടുക്കുന്ന ഒരു പാട് പേരുടെ പ്രതിനിധി ആയി നിങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പേരിലുള്ള വിയോജനം രേഖപ്പെടുത്തുന്നുവെന്നാണ് സി.പി.എം ഓതറ ലോക്കല്‍ കമ്മറ്റിയംഗവും സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ രാഹുല്‍ രാജിന്റെ എഫ്.ബി പോസ്റ്റ്. സി.ഡബ്ല്യ.സി ഉത്തരവാദിത്തം കൂടെ ഉള്ള മന്ത്രി എന്ന നിലയില്‍ സത്യം പുറത്തു വരുന്നതു വരെ കാത്തിരിക്കാം എന്ന് പോസ്റ്റ തുടര്‍ന്നു പറയുന്നു. അഡ്വ. എന്‍. രാജീവിന്റെ സസ്‌പെന്‍ഷന്‍ സംബന്ധിച്ചുള്ള പരാമര്‍ശമാണ് ഇത്.

സ്വന്തം മണ്ഡലമായ ആറന്മുളയിൽ പാർട്ടിക്കാരുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല വീണ ജോർജ്. നേരത്തേ പലതവണ പാർട്ടി അംഗങ്ങൾ എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. മണ്ഡലത്തിലെ പൊതുവായ കാര്യങ്ങൾ ധരിപ്പിക്കാൻ പാർട്ടിക്കാർക്കുപോലും കഴിയുന്നില്ല എന്നതായിരുന്നു പ്രധാന ആരോപണം. ഫോൺവിളിച്ചാൽ മന്ത്രിയുടെ ഓഫീസിലെ ചിലർ എടുക്കുമെന്നും അവർക്ക് കാര്യങ്ങൾ ബോദ്ധ്യപ്പെട്ടാലേ ഫോൺ മന്ത്രിക്ക് കൈമാറൂ എന്നുള്ള പരാതി ജില്ലയിലെ ഉന്നത നേതാക്കൾക്കുമുന്നിൽ വരെ എത്തിയെങ്കിലും കാര്യമായ ഒരു ഇടപെടലും ഉണ്ടായില്ലെന്നും പാർട്ടി പ്രവർത്തകാരായ ചിലർ പറയുന്നു. മന്ത്രിയുടെ ചില ബന്ധുക്കളുടെ ഇടപെടലുകളും പാർട്ടിയെ സാധാരണക്കാരിൽ നിന്ന് അകറ്റുന്നുണ്ട് എന്നാണ് അവരുടെ ആക്ഷേപം. കൊടി പിടിക്കാതെ മന്ത്രിയായ വീണാ ജോർജ്ജിനെതിരെ ശക്തമായ വിമർശനമാണ് പാർട്ടി പ്രവർത്തകർക്കുള്ളത് .

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *