തിരുവല്ല – തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച രാവിലെ പത്തുമണിക്ക് നടത്താൻ തീരുമാനിച്ച സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന് കേരളത്തിലെ സഭകളുടെ ഐക്യവേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു.
ഞായറാഴ്ച ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് പ്രാർത്ഥനാ ദിനമാണ്. പള്ളി ആരാധനകളിലും കുര്ബാനകളിലും പങ്കെടുക്കേണ്ട വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നതാണ് ഈ തീരുമാനം. ഇടവക ഭാരവാഹികളും സൺഡേ സ്‌കൂൾ അദ്ധ്യാപകരും പള്ളി ക്വയർ അംഗങ്ങളും ഉൾപ്പെടെയുള്ളവർ ജനപ്രതിനിധികൾ ആയിട്ടുണ്ട്.
തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സർക്കുലർ പിൻവലിച്ചു സത്യപ്രതിജ്ഞാ സമയം മാറ്റിവെക്കണമെന്ന് കെസിസി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ്, ജനറൽ സെക്രട്ടറി അഡ്വ പ്രകാശ് പി തോമസ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കെസിസി കത്ത് നൽകിയിട്ടുണ്ട്.



