പത്തനംതിട്ട – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് ചട്ടലംഘനമുണ്ടായാൽ കർശന നടപടിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
പൊതുയോഗം നടത്തുന്ന സമയം, സ്ഥലം എന്നിവ പൊലീസ് അധികാരികളെ മുൻകൂട്ടി അറിയിക്കണം. നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ നിലവില്ലെന്ന് ഉറപ്പാക്കണം. മറ്റു കക്ഷികളുടെ യോഗം, ജാഥ എന്നിവ തടസപ്പെടുത്തരുത്. ഉച്ചഭാഷിണി, വാഹനം എന്നിവ ഉപയോഗിക്കുന്നതിന് അധികാരികളിൽ നിന്ന് അനുവാദം വാങ്ങണം.
നിയമങ്ങളും കോടതി ഉത്തരവും പാലിച്ച് ജാഥ സംഘടിപ്പിക്കണം. ജാഥ പോകുന്ന റൂട്ടും സമയവും പൊലീസ് അധികൃതരെ മുൻകൂട്ടി അറിയിക്കണം.
നിയന്ത്രണ ഉത്തരവും ട്രാഫിക്ക് നിയമവും പാലിക്കണം. ഗതാഗത കുരുക്ക് ഒഴിവാക്കണം. വാഹനങ്ങളിൽ രൂപമാറ്റം, മൈക്ക് അനൗൺസ്മെന്റ് എന്നിവ നിയമം പാലിച്ചാകണം. പ്രചാരണ വാഹനം അനുമതി ലഭിച്ചശേഷം ഉപയോഗിക്കുക. പൊതുസ്ഥലം വികൃതമാക്കുന്ന രീതിയിൽ കൊടി, ബാനർ എന്നിവ സ്ഥാപിക്കരുത്. ആരാധനാലയം, മതസ്ഥാപനം, വിദ്യാഭ്യാസ സ്ഥാപനം എന്നിവ പ്രചാരണത്തിന് ഉപയോഗിക്കരുത്. സ്ഥലം, കെട്ടിടം, മതിൽ എന്നിവയിൽ ഉടമസ്ഥന്റെ അനുവാദം കൂടാതെയും പൊതുജനങ്ങൾക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകുന്ന വിധത്തിൽ പ്രചാരണ സാമഗ്രികൾ സ്ഥാപിക്കരുത്. മറ്റു പാർട്ടിക്കാരുടെ കോലം കൊണ്ടുനടക്കാനോ കത്തിക്കാനോ പാടില്ല. വീടുകൾക്ക് മുമ്പിൽ പ്രകടനം, പ്രതിഷേധം, പിക്കറ്റിംഗ് തുടങ്ങിയവ പാടില്ല.
ലഘുലേഖ, പോസ്റ്റർ തുടങ്ങിയവയുടെ പുറംചട്ടയിൽ അച്ചടിച്ച പ്രസ്സ്, പ്രസാധകന്റെ മേൽവിലാസം, കോപ്പിയുടെ എണ്ണം എന്നിവ രേഖപ്പെടുത്തണം. പ്രസാധകനെ തിരിച്ചറിയുന്നതിന് രണ്ട് പേർ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോറത്തിലുള്ള പ്രഖ്യാപനം അച്ചടിക്കുന്നയാൾക്ക് കൈമാറണം. അച്ചടിച്ച ശേഷം പ്രഖ്യാപനം അച്ചടിരേഖയുടെ പകർപ്പ് സഹിതം പ്രസ്സുടമ ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയയ്ക്കണം. ബാനർ, പരസ്യബോർഡ് എന്നിവ സംബന്ധിച്ച് വരണാധികാരിക്ക് നിശ്ചിതഫോറത്തിൽ വിവരം നൽകണം.
ജാതി, മതം, വംശം, ഭാഷ എന്നിവയുടെ പേരിൽ സംഘർഷങ്ങളോ വിദ്വേഷമോ ഉണ്ടാകുന്ന രീതിയിലുള്ള പ്രചാരണം ഒഴിവാക്കണം. ജാതിയുടെയും സമുദായത്തിന്റെയും പേരിൽ വോട്ട് ചോദിക്കരുത്. സാമൂഹിക ബഹിഷ്‌കരണം, സാമൂഹിക ജാതി ഭ്രഷ്ട് തുടങ്ങിയ തരത്തിലുള്ള ഭീഷണി പാടില്ല.


