പോസ്റ്റൽ ബാലറ്റ് വിതരണം നവംബർ 26 മുതൽ ; പോസ്റ്റൽ ബാലറ്റ് ലഭിക്കാൻ അർഹതയുള്ളവർ

Kerala Pathanamthitta

പത്തനംതിട്ട – തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലെ സമ്മതിദായകർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം നവംബർ 26 ന് (ബുധൻ) ആരംഭിക്കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കുള്ള ഉത്തരവ് ബന്ധപ്പെട്ട ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, ജില്ല പോലീസ് മേധാവി, വരണാധികാരി, ഉപവരണാധികാരി എന്നിവർ യഥാസമയം പുറപ്പെടുവിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ ഉത്തരവിന്റെ ശരിപകർപ്പ് സഹിതം നിശ്ചിത ഫോറത്തിലും സമയത്തിലും ആവശ്യപ്പെടുന്ന പക്ഷം പോസ്റ്റൽ ബാലറ്റ് പേപ്പർ നൽകേണ്ടതാണെന്ന് കമ്മീഷൻ വരണാധികാരികൾക്ക് നിർദേശം നൽകി. ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് മൂന്ന് ബാലറ്റും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയിലേയ്ക്ക് ഓരോ ബാലറ്റുമാണ് നൽകേണ്ടത്. പോളിംഗ് ഡ്യൂട്ടിയുള്ള സമ്മതിദായകരുടെ പോസ്റ്റൽ വോട്ടിനുള്ള അപേക്ഷ കൃത്യമായി സ്വീകരിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയതായി ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിലെ പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് പത്തനംതിട്ട എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ ഓഫീസ് ഇന്റേണൽ വിജിലൻസ് ഓഫീസറായ അസിസ്റ്റന്റ് ഡയറക്ടർ ബി ജയരാജിനെ നിയമിച്ചു.

* പോസ്റ്റൽ ബാലറ്റ് ലഭിക്കാൻ അർഹതയുള്ളവർ

പോളിംഗ് സ്റ്റേഷനിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവർ, പോളിംഗ് ദിവസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുഴുവൻ ജീവനക്കാർ, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസുകളിലെയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി,
കോർപ്പറേഷൻ എന്നിവിടങ്ങളിലെയും ഇലക്ഷൻ വിഭാഗം ജീവനക്കാർ, വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ ഓഫീസുകളിലെ ഇലക്ഷൻ വിഭാഗം ജീവനക്കാർ, നിരീക്ഷകർ, സെക്ടറൽ ഓഫീസർമാർ, ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലകളിൽ നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർ.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടർമാർ പോസ്റ്റൽ ബാലറ്റിനായി ഫോറം 15 ൽ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നൽകണം. അപേക്ഷ ഫോറം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിലും (https://sec.kerala.gov.in/) ലഭിക്കും.
അപേക്ഷ ബന്ധപ്പെട്ട വരണാധികാരിക്ക് വോട്ടെടുപ്പിന് ഏറ്റവും കുറഞ്ഞത് ഏഴ് ദിവസം മുമ്പോ അല്ലെങ്കിൽ വരണാധികാരിക്ക് അനുവദിക്കാവുന്ന കുറഞ്ഞ കാലാവധിക്ക് മുമ്പോ ലഭിക്കത്തക്കവിധം അയക്കുകയോ നേരിട്ടോ നൽകാം. നേരിട്ട് നൽകുമ്പോൾ അപേക്ഷകൻ സ്വന്തം ഐഡന്റിറ്റി വരണാധികാരിയെ ബോധ്യപ്പെടുത്തണം.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് ഓരോ വരണാധികാരിക്കും പ്രത്യേകം അപേക്ഷ നൽകണം. മൂന്ന് അപേക്ഷയും ഒരു കവറിലാക്കി നൽകാം. എല്ലാ തലത്തിലെയും പോസ്റ്റൽ ബാലറ്റിനായി മൂന്ന് വരണാധികാരികൾക്കുമുള്ള ഫോറം 15 ലെ മൂന്ന് അപേക്ഷയും ഒരു കവറിലാക്കി ഏതെങ്കിലും ഒരു വരണാധികാരിക്ക് നൽകാം.

ത്രിതല പഞ്ചായത്തുകളിലേക്കുള്ള അപേക്ഷ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഒന്നിച്ചാണ് പരിഗണിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ബാലറ്റ് അയയ്ക്കുന്നത് ചുമതലപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കാണ്.

ത്രിതല പഞ്ചായത്തുകളിലേക്കുള്ള പോസ്റ്റൽ ബാലറ്റ് പേപ്പർ, ഫോറം 16 ലെ സത്യപ്രസ്താവന (3 വീതം), ഫോറം 17 ലെ സമ്മതിദായകർക്കുള്ള നിർദേശം (1 വീതം), ഫോറം 18 ലെ ചെറിയ കവർ (3 വീതം), ഫോറം 19 ലെ വലിയ കവർ (3 വീതം) എന്നിവ ഒന്നിച്ച് ഒരു വലിയ കവറിലാക്കി അപേക്ഷകന് നേരിട്ടോ സ്പീഡ് പോസ്റ്റായോ നൽകും. മുനിസിപ്പാലിറ്റിയിൽ ഇവയെല്ലാം ഒന്നു വീതമാണ് നൽകുക. നേരിട്ട് കൈമാറുകയാണെങ്കിൽ അപേക്ഷകൻ സ്വന്തം ഐഡന്റിറ്റി വരണാധികാരിയെ ബോധ്യപ്പെടുത്തണം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *