തിരുവല്ല – ജാതിവ്യവസ്ഥയയുടെ നേർപ്പതിപ്പിലാണ് ഇന്ത്യൻ ക്രൈസ്തവസഭകളുടെ ഉള്ളടക്കങ്ങൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നതെന്നത് തർക്കമില്ലാത്ത വസ്തുതയാണ്. ദലിത് ക്രൈസ്തവരുടെ സംവരണാവകാശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ 2013ൽ കക്ഷികളായി ചേർന്നുകൊണ്ട് കാത്തലിക് ബിഷപ്‌സ് കോൺഫ്രൻസ് ഓഫ് ഇന്ത്യയും (സിബിസിഐ) നാഷണൽ കൗൺസിൽ ഓഫ് ചർച്ചസും (എൻസിസിഐ) സമർപ്പിച്ചിട്ടുള്ള സത്യവാങ്മൂലം സഭയ്ക്കുള്ളിലെ ജാതിവിവേചനത്തിന്റെ രൂക്ഷമായ പ്രശ്നങ്ങളെ അടിവരയിട്ട് ബോധിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ ക്രൈസ്തവജനസംഖ്യയിൽ എഴുപത് ശതമാനവും ദലിത് ക്രൈസ്തവരാണെന്നും സഭകളിൽ പൊതുസമൂഹത്തിലെന്നപോലെ ജാതി പ്രാക്ടീസ് ചെയ്യുന്നുവെന്നും പ്രസ്തുത സത്യവാങ്മൂലം അടിവരയിടുന്നു. അതായത് മതപരിവർത്തനത്തിലൂടെ മതസ്വത്വം മാത്രമാണ് മാറിയതെന്നും ജാതിസ്വത്വത്തിന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു.
ഈ പശ്ചാത്തലം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ദളിത് ക്രൈസ്തവരെ പട്ടികജാതിലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് കാത്തലിക്-പ്രൊട്ടസ്റ്റന്റ് സഭകളുടെ ഉന്നതസമിതികൾ ആവശ്യപ്പെടുന്നത്.ഇവിടെ ഉയരുന്ന ഒരു ചോദ്യം, ഭരണകൂടത്തോട് ജനാധിപത്യഅവകാശം ആവശ്യപ്പെടുന്ന ക്രൈസ്തവസഭകളിൽ ഇതേ പ്രശ്നം എങ്ങിനെയാണ് അഭിമുഖീകരിക്കുന്നത് എന്നാണ്. 1986 ൽ ദളിത് പോളിസി തന്നെ രൂപീകരിച്ച കത്തോലിക്കാ സഭയിലെ സ്ഥിതി എന്താണ്? 170 ബിഷപ്പുമാർ ഉള്ള കത്തോലിക്കാ സഭയിൽ കേവലം 11 പേരാണ് ദലിതർ. 31 ആർച്ച്ബിഷപ്പുമാരിൽ 2 പേരാണ് ദലിതർ. ആറു കർദ്ദിനാളുമാരിൽ ചരിത്രത്തിൽ ആദ്യമായി ഒരു ദളിതൻ ഇടം പിടിച്ചിട്ട് കേവലം ഒരുവർഷം ആയതേയുള്ളു. കത്തോലിക്കാ വിശ്വാസികളിൽ 64 ശതമാനവും ദളിതരാണെന്നോർക്കുന്പോഴാണ് സഭകളുടെ ഇരട്ടത്താപ്പ് എത്രയോ ഭീകരവും വംശീയവുമാണെന്ന് ബോധ്യപ്പെടുക.
എണ്ണിയാലൊടുങ്ങാത്ത സ്ഥാപനങ്ങൾ, തൊഴിൽ -വിദ്യാഭ്യാസ മേഖലകൾ, പുരോഹിതർ, കന്യാസ്ത്രീകൾ എന്നിവയെല്ലാം പരിഗണിക്കുന്പോൾ ചിത്രം കൂടുതൽ ഭയാനകമാകും. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളും ഗോവൻ-മാഗ്ലൂർ കൃത്യാനികളും അടക്കിവാഴുന്ന ജാതിക്കോട്ടകളാണ് കത്തോലിക്കാസഭ. കേരളത്തിലെ കത്തോലിക്കാ സഭയുടെ കാര്യം എടുത്തുപറയേണ്ടതില്ലല്ലോ. ദളിതർ വലിയതോതിൽ മതാരോഹണം ചെയ്ത പ്രൊട്ടസ്റ്റന്റ് സഭകളിൽ ചിത്രം അല്പം വിഭിന്നമാണ്. എന്നിരുന്നാലും അധികാരത്തിന്റെയും പങ്കാളിത്തത്തിന്റെയും കേന്ദ്രങ്ങളിൽ സവർണ്ണ മേൽക്കോയ്മ തന്നെയാണ് നിലനിൽക്കുന്നത്. ഏറ്റവും അധികം ജാതിവിരുദ്ധ പ്രക്ഷോഭങ്ങൾ നടന്നിട്ടുള്ള സിഎസ്‌ഐ സഭകളെ നോക്കുക. കേരളത്തിലെ ആറ് മഹായിടവകകളിൽ ഒരു ദളിത് ബിഷപ്പ് പോലും ഇല്ല. സിഎസ്‌ഐ സഭയുടെ രൂപീകരണത്തിന് ശേഷം ഏഴര പതിറ്റാണ്ടുകൾ കഴിയുന്പോഴും ചരിത്രത്തിൽ ഒരേഒരു ബിഷപ്പ് ആണ് ഉണ്ടായിട്ടുള്ളത്. 1966 ൽ , ബിഷപ്പ് ടിഎസ് ജോസഫ്. ദളിതർക്ക് വേണ്ടി രൂപീകരിച്ച മഹായിടവകയിൽപ്പോലും സുറിയാനി ബിഷപ്പ് അവരോധിക്കപ്പെട്ടു!.അപ്പോൾപ്പിന്നെ യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമാ സഭകളുടെ കാര്യം ഊഹിക്കാവുന്നതേയുള്ളു. ബ്രഹ്മണ്യത്തോട് ചേർന്ന് നിൽക്കുന്ന പാരന്പര്യ വാദങ്ങളും കടുത്ത ജാതിബോധവും ക്രൈസ്തവസഭകളെ ജാതിഘടനയുടെ അവിഭാജ്യ ഘടകമാക്കി നിലനിർത്തിയിരിക്കുന്നു.
ഇത്രയും ആമുഖമായി പറഞ്ഞത്, ഇന്ത്യയിലെ പ്രത്യേകിച്ചും കേരളത്തിലെ ക്രൈസ്തവസഭകളെ കുറിച്ചുള്ള പൊതുചിത്രം നൽകുന്നതിനാണ്. അതേസമയം ഒട്ടുമിക്ക സഭകളിലും ദളിതർ അവരുടെ ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി എത്രയോ പതിറ്റാണ്ടുകളായി പോരാടിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ ജാതിവിരുദ്ധ സമരങ്ങളും സഭയ്ക്കുള്ളിലെതന്നെ പോരാട്ടങ്ങളും ചെറിയൊരളവിൽ സഭയ്ക്കുള്ളിൽ ജനാധിപത്യത്തിന്റെ വെട്ടങ്ങളെ പ്രതിഫലിച്ചിട്ടുമുണ്ട്. സിഎസ്‌ഐ മധ്യകേരള മഹായിടവകയിലെ സമരങ്ങൾ ഈ നിലയ്ക്ക് ചരിത്രപരമാണ്. ഇവിടെയാണ് ഇന്ത്യയിലെ എക്യൂമെനിക്കൽ പ്രസ്ഥാനങ്ങൾ ഏറെ പ്രസക്തമായ ഇടപെടലുകൾ നടത്തിയിട്ടുള്ളത്. ജാതി വിരുദ്ധ ദൈവശാസ്ത്ര പഠനങ്ങളും പ്രോഗ്രാമുകളും എല്ലാ വിഭാഗം ജനങ്ങളിലും പുരോഗമനപരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ എക്യൂമെനിക്കൽ പ്രസ്ഥാനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഇതേ എക്യൂമെനിക്കൽ പ്രസ്ഥാനങ്ങളെയും കടുത്ത വംശീയവാദികൾ കൈയ്യടക്കിയിരിക്കുന്നു എന്നതാണ് വാസ്തവം..ക്രിസ്തുവിനെയും ജാതിയെയും ഒരേസമയം സേവിക്കുവാൻ കഴിയില്ല എന്ന നിലപാടാണ് അഖിലലോക സഭാ കൗൺസിലിന് ഉള്ളത്. നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ജാതിക്കെതിരായ നിലപാടുകളിൽ ജാഗ്രത പുലർത്താറുമുണ്ട്. എന്നാൽ ഇത്തരം വേദികളിൽ പുരോഗമന പ്രഭാഷണം നടത്തുന്ന മാന്യദേഹികളിൽ പലരും അവരുടെ സ്വന്തം സഭകളിൽ കടുത്ത ജാതിവാദകളായി മാറുന്നത് കാണാം. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് അടുത്തിടെ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ അന്താരാഷ്‌ട്ര കാര്യ സമിതിയുടെ മോഡറേറ്റർ ആയി ‘തെരെഞ്ഞെടുക്കപ്പെട്ട’ ഡോ. മാത്യൂസ് ജോർജ് ചുനക്കര.
ഏതാണ്ട് മൂന്നരപ്പതിറ്റാണ്ട് കാലം അന്താരാഷ്‌ട്ര വേദികളിൽ പലറോളുകളിൽ അഭിരമിക്കുന്ന അദ്ദേഹത്തിന് സുറിയാനിത്തത്തിന്റെ വംശീയബോധത്തെ ഒരു തരിന്പ് പോലും അതിജീവിക്കുവാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല അതിന്റെ പ്രചുര പ്രചാരകൻ കൂടിയാണെന്നതാണ് വാസ്തവം.. മലങ്കര മാർത്തോമാ സഭയുടെ ഭരണഘടനാ ഭേദഗതി സമിതിയിൽ ദളിത് പ്രതിനിധിയായി പ്രവർത്തിച്ച എന്റെ അനുഭവം അങ്ങേയറ്റം നിരാശാജനകവും ഭീതിയുളവാക്കുന്നതും ആയിരുന്നു. നിലവിൽ രണ്ട് പ്രതിനിധികൾ മാത്രമുള്ള സഭാമണ്ഡലത്തിലേക്ക് അഞ്ചു പ്രതിനിധികൾക്കായി വാദിക്കുകയും ഒടുവിൽ നാല് പ്രതിനിധികളെ പ്രസ്തുത സമിതി ശുപാർശ ചെയ്യുകയും ചെയ്തു. എന്നാൽ ഈ ശുപാർശയെ മാർത്തോമാ സഭയുടെ മണ്ഡലത്തിൽ ഡോ. മാത്യൂസ് ജോർജ് ചുനക്കരയുടെ നേതൃത്വത്തിലുള്ള സവർണ്ണ സംഘം നിർദ്ദയം പരാജയപ്പെടുത്തിക്കളഞ്ഞു. പിന്നീട് മൂന്നു പ്രതിനിധികൾ എന്ന് അംഗീകരിച്ചു മിനിറ്റിൽ രേഖപ്പെടുത്തിയിട്ടും . സഭാ കൗൺസിലിൽ മൂന്നായി ഉയർത്തുവാനുള്ളചർച്ച നടന്നിട്ടില്ലെന്നും അവരെ രണ്ടിൽ കൂടുതൽ മാർത്തോമ്മാ സഭയുടെ ഭരണസമിതിയിൽ ഉൾപ്പെടുത്താൻ പാടില്ലായെന്ന ജാതി വെറി പൂണ്ട ആക്രോശമാണ് നടത്തിയത്. ഡബ്ലിയൂസിസിയുടെ ഉന്നത പദവിയിൽ ഇരിക്കുന്ന ക്രിസ്ത്യൻ കോൺഫ്രൻസ് ഓഫ് ഏഷ്യയുടെ ജനറൽ സെക്രട്ടറി കൂടിയായ ഈ മാന്യദേഹത്തിനു മാർത്തോമാ സഭയുടെ കൗൺസിലിൽ ആകെ നൽകിയ സംഭാവനയാണ് ഈ ദളിത് വിരുദ്ധത.
പുരോഗമനത്തിന്റെ മേലങ്കി അണിഞ്ഞുകൊണ്ട് തീവ്രമായ വംശഹത്യ നടത്തുന്ന ഇക്കൂട്ടരാണ് വാസ്തവത്തിൽ ഇന്ത്യയിലെ ദളിതരുടെ അന്തകർ എന്നതിൽ സംശയമില്ല. കേവലം ഒരു വ്യക്തിയെക്കുറിച്ചുള്ള അപകീർത്തികരമായ പ്രസ്താവനയല്ല ഈ കുറിപ്പിന്റെ ഉദ്ദേശം എന്ന് വ്യക്തമാക്കുന്നതിനാണ് ഇത്രയും വിശദമായി എഴുതുന്നത്. തങ്ങളുടെ മാതൃസഭ മുതൽ ആഗോള എക്യൂമെനിക്കൽ വേദികളിൽ വരെ ദളിതരെയും മറ്റ് കീഴാള സമൂഹങ്ങളെയും അദൃശ്യമാക്കിയും ഉന്മൂലനം ചെയ്തുകൊണ്ടുമാണ് ഈ എക്യൂമെനിക്കൽ മാഫിയകൾ നിലകൊള്ളുന്നത്. അടുത്തമാസം കോട്ടയത്ത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സിസിഎ അസംബ്ലിയുടെ ഉള്ളടക്കം മുഴുവൻ സുറിയാനി സമുദായത്തിന്റെ വംശീയ മികവിനെ എടുത്തുകാട്ടുന്നതാണ്. അസംബ്ലിയുടെ ഉത്‌ഘാടന ചടങ്ങിലും ആരാധനകളിലും സുറിയാനി ചരിത്ര സംസ്കര ബിംബങ്ങളും ഉൾക്കൊള്ളിക്കുന്നതിനു പ്രത്യേക നിഷ്കർഷ ഉള്ളതായി അറിയാൻ കഴിഞ്ഞു. സാഹോദര്യത്തിന്റെയും സംഭാവനയുടെയും ജനാധിപത്യത്തിന്റെയും മാതൃകകൾ ആകേണ്ട ക്രൈസ്തവസഭകളെ ബ്രാഹ്മണ്യത്തിന്റെ ചവറ്റുകൊട്ടയിലേക്കും വംശീയതയുടെ ഹീനതയിലേക്കും എടുത്തെറിയുകവഴി സംഘപരിവാർ രാഷ്ട്രീയത്തിന്റെ ക്രൈസ്തവ പതിപ്പുകളായി മാറ്റുകയാണ് ഡോ ചുനക്കര പ്രതിനിധാനം ചെയ്യുന്ന എക്യൂമെനിക്കൽ മാഫിയകൾ. ‘No one can Serve Christ and Caste Together ‘ എന്നതായിരുന്നു അന്താരാഷ്ട്ര സഭാകൗൺസിലിന്റെ പത്താമത് അസംബ്ലി പ്രഖ്യാപനം. വംശീയതയ്ക്കും ജാതിവിവേചനങ്ങൾക്കുമേതിരെ നിലകൊള്ളുന്ന WCC യുടെ നിലപാടുകൾക്ക് ഘടകവിരുദ്ധമാണ് അതിന്റെ രാഷ്ട്രീയകാര്യ സമിതിയുടെ മോഡറെറ്റർ കൂടിയായ ഡോ. ചുനക്കരയുടെ നിലപാടുകൾ. മാർത്തോമാ സഭാകൗൺസിലിൽ ദലിത് ജനതയുടെ ജനാധിപത്യ അവകാശങ്ങളെ തച്ചുടയ്ക്കാൻ ആക്രോശത്തോടെ നേതൃത്വം നൽകിയ ഈ വംശീയ -ജാതിവാദിയെ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിൽ നിന്നും പുറത്താക്കുകയോ അദ്ദേഹം സ്വയം രാജിവച്ച് പുറത്തുപോകുകയോ ചെയ്യേണ്ടതാണ്.
ടി എം സത്യൻ
കൺവീനർ
മാർത്തോമ്മ ദലിത് ഫോറം


