പത്തനംതിട്ട – ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ് എന്ന് കോൺഗ്രസ് വർക്കിങ്ങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി അറിയാതെ ഏതായാലും ഈ ഭരണത്തിൽ ഒന്നും നടക്കില്ല എന്ന് എല്ലാവർക്കും ബോധ്യമുണ്ട്. ദ്വാരപാലക ശില്പങ്ങളും വാതിലും കതകും ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ സ്വർണമാണ് ഇവിടുന്ന് മോഷണം പോയിരിക്കുന്നത്. അന്താരാഷ്ട്ര സ്വർണ്ണക്കള്ളക്കടത്തുമായി ഇതിന് ബന്ധമുണ്ടെന്ന് കോടതി തന്നെ പറഞ്ഞിരിക്കുന്നു.
കേരളം കണ്ട ഏറ്റവും ഭീമമായ ക്ഷേത്ര കവർച്ചയാണ് നടന്നിരിക്കുന്നത്. പ്രതികൾ മുഴുവൻ സിപിഎം നേതാക്കന്മാരുമാണ്. എന്നിട്ടും മുഖ്യമന്ത്രിക്ക് മൗനം. പാർട്ടി സെക്രട്ടറി അവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ ഇവരെ ന്യായീകരിക്കുകയാണ്.
മാധ്യമ വാർത്ത ശരിയാണെങ്കിൽ ഈ സ്‌പോൺസറുടെ അപേക്ഷ പരിഗണിക്കണമെന്ന് എഴുതി ബോർഡിന് കൊടുത്തത് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനാണെന്നാണ് പത്മകുമാർ പറഞ്ഞിരിക്കുന്നത്. മുൻ മന്ത്രിക്കും ഇപ്പോഴത്തെ മന്ത്രിക്കും ഇതിനകത്ത് പങ്ക് ഉണ്ട്.
ഇവരെ ചോദ്യം ചെയ്യാതെ ഇനിയും കേസുമായി മുന്നോട്ടുപോകാൻ സാധിക്കില്ല.
കടകംപള്ളി മാത്രമല്ല, മൂന്ന് മന്ത്രിമാർ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ദേവസ്വം ബോർഡ് ഭരിച്ചിരുന്നു. അവരെയും ചോദ്യം ചെയ്യണം. ബോർഡ് പ്രസിഡന്റുമാർക്ക് ശേഷം ഇനി ജയിലിലാകാൻ പോകുന്ന മന്ത്രിമാരാണ്. ഇത്രയും വലിയ ഗുരുതരമായ ക്ഷേത്രക്കൊള്ള നടത്തിയിട്ടും പാർട്ടി അവരെ സംരക്ഷിക്കുന്നു.
ഹൈക്കോടതി ഇല്ലായിരുന്നെങ്കിൽ കേസ് തേഞ്ഞുമാഞ്ഞു പോകുമായിരുന്നു. ഒന്നാം പിണറായി ഗവൺമെന്റിന്റെ കാലത്ത് നടന്ന സ്വർണ്ണക്കള്ളക്കടത്ത് ഉൾപ്പെടെയുള്ളവ തേഞ്ഞുമാഞ്ഞു പോയത് എങ്ങനെയാണ്? ഇത് കോടതിയുടെ മേൽനോട്ടം ഉള്ളതുകൊണ്ട് മാത്രമാണ് ഇതിൽ അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടുപോകുന്നത്.
കേരളജനത ഏറ്റവുമധികം ശ്രദ്ധിക്കണ്ട മറ്റൊരു കാര്യം ബിജെപി ഈ വിഷയത്തിൽ കാണിക്കുന്ന മൗനമാണ്. ഇത്രയും സംഭവം നടന്നിട്ടും ബിജെപി ഒരു സമരവും ചെയ്തിട്ടില്ല. അവർ ഇതിനെ വിമർശിക്കുന്നില്ല. സൗകര്യപൂർവ്വം ഇത് വിസ്മരിക്കുകയാണ്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാരയാണ് ഇതിലൂടെ പുറത്തുവരുന്നത്. കുറ്റവാളികൾക്ക് സംരക്ഷണ കവചം ഒരുക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിൽ ഇത്തവണ ഏറ്റവും കുറഞ്ഞ വിമതശല്യമാണ് യുഡിഎഫിൽ ഉള്ളത്. അത് ആശാവഹമായ കാര്യമാണ്. റിബൽ സ്ഥാനാർത്ഥികളായി വന്ന ആളുകൾ പിന്മാറണം. ഇല്ലെങ്കിൽ അവർക്കെതിരെ നടപടി ഉണ്ടാവും.
പല സ്ഥലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ സിപിഎം ഭീഷണിപ്പെടുത്തി നോമിനേഷൻ പിൻവലിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പൊടിയാടിയിൽ ആശ എന്ന സ്ഥാനാർത്ഥിയെ പിൻവലിപ്പിക്കാൻ ശ്രമിക്കുന്നു. ആന്തൂരിലോ മലപ്പട്ടത്തോ ഒക്കെയാണ് ഇങ്ങനെ കേട്ടിട്ടുള്ളത്. ഇതെന്ത് ജനാധിപത്യമാണ്? ഇവർക്ക് പരാജയഭീതിയാണ്. കേരളത്തിൽ ഐക്യജനാധിപത്യ മുന്നണിക്ക് വളരെ അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ്. ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വമ്പിച്ച മുന്നേറ്റമാണ് യുഡിഎഫ് ഉണ്ടാക്കാൻ പോകുന്നത്. വൻ വിജയമാണ്, ഇതുവരെ ഉണ്ടാകാത്ത ഒരു വിജയമായിരിക്കും യുഡിഎഫിന് ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.


