പത്തനംതിട്ട – കുട്ടികൾ നാളെയുടെ പ്രതീക്ഷയാണെന്നും നാടിനെ നയിക്കേണ്ടവരാണെന്നും ജില്ലാ കലക്ടറും ശിശുക്ഷേമ സമിതി പ്രസിഡന്റുമായ എസ് പ്രേം കൃഷ്ണൻ. മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ശിശുദിനാഘോഷം പൊതുസമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ അഭിരുചി അറിഞ്ഞ് വളരാനുള്ള സാഹചര്യം അധ്യാപകരും രക്ഷിതാക്കളും ഒരുക്കണം. സ്വപ്നങ്ങൾ നേടാൻ പരശ്രമിക്കണം. പഠനത്തിനൊപ്പം കലാ-കായിക കഴിവുകൾ പരിപോഷിപ്പിക്കാനും ശ്രമിക്കണമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
കുട്ടികളുടെ പ്രധാനമന്ത്രി പഴകുളം സർക്കാർ എൽ പി സ്‌കൂൾ വിദ്യാർഥി ആർ ദേവനാഥ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് തിരുവല്ല ഡിബിഎച്ച്എസ് വിദ്യാർഥിനി പാർവതി വിനീത് അധ്യക്ഷയായി. കുട്ടികളുടെ സ്പീക്കർ മർത്തോമ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി സിയാ സുമൻ മുഖ്യപ്രഭാഷണം നടത്തി .
ജില്ലാ ശിശു ക്ഷേമ സമിതി സെക്രട്ടറി ജി പൊന്നമ്മ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു.
ശിശുദിന റാലിയിൽ കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്‌കുളുകൾക്കും റാലിയിൽ പങ്കെടുത്ത എൻ.സി.സി ടീമിനുമുള്ള സമ്മാനം നൽകി. മലയാളം- ഇംഗ്ലീഷ് പ്രസംഗ മൽസര വിജയികൾക്കുള്ള സർട്ടിഫിക്കറ്റും പുരസ്‌കാരവും വിതരണം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി സലിം പി ചാക്കോ, ട്രഷറർ എ ജി ദീപു, എസ് മീരാസാഹിബ്, കലാനിലയം രാമചന്ദ്രൻ നായർ, തോട്ടുവ സർക്കാർ എൽപി സ്‌കൂൾ വിദ്യാർഥിനി എ ദേവനന്ദ, കൊടുമൺ സെന്റ് പീറ്റേഴ്‌സ് യുപി സ്‌കൂൾ വിദ്യാർഥി സായ് കൃഷ്ണ , മാങ്കോട് സർക്കാർ എച്ച് എസ് എസിലെ ഹൈഫ അരാഫത്ത് എന്നിവർ പങ്കെടുത്തു.
കലക്ടറേറ്റ് അങ്കണത്തിൽ രാവിലെ എട്ടിന് എഎസ്പി പി.വി ബേബി പതാക ഉയർത്തി. ജില്ലാ ശിശു ക്ഷേമ സമിതി വൈസ് പ്രസിഡന്റ് ആർ അജിത്കുമാർ ശിശുദിനഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. കുട്ടികളുടെ പ്രധാനമന്ത്രി, സ്പീക്കർ എന്നിവർ നേതൃത്വം നൽകിയ ഘോഷയാത്ര നഗരം ചുറ്റി മാർത്തോമാ ഹയർ സെക്കൻഡറി സ്‌കൂളിൽ സമാപിച്ചു. എഡിഎം ബി ജ്യോതി, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ് ആദില, ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർഥികൾ, അധ്യാപകർ എൻസിസി, സ്‌കൗട്ട്, എസ്പിസി കേഡറ്റുമാർ, ജെആർസി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


