തൊടുപുഴ – തിരക്കിട്ട ജനസേവനത്തിനിടെ, ഹരിതകര്‍മ സേനാംഗവുമായി ബന്ധം സ്ഥാപിച്ച ജനപ്രതിനിധിയെ ഭാര്യ കൈയ്യോടെ പൊക്കി. ഹൈറേഞ്ചിലെ ഒരു പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങളാണ്. പ്രാദേശികതലത്തില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് ഹരിത കര്‍മസേനാംഗവുമായി രഹസ്യബന്ധം പുലര്‍ത്തി കുരുക്കിലായത്. ഈ ഭര്‍തൃമതിയുമായി നേതാവിന് കുറച്ചുകാലമായി ബന്ധമുണ്ടായിരുന്നു.
ആരുടെയും കണ്ണില്‍പ്പെടാതെ ഇരുവരും ഒത്തുചേരാന്‍ കണ്ടെത്തിയ സ്ഥലം നേതാവിന്റെ വീടിന് സമീപത്തുള്ള ഉപയോഗശൂന്യമായ ഷെഡായിരുന്നു. ആള്‍പ്പെരുമാറ്റം കുറവായതിനാല്‍ ഈ ഷെഡ് സ്ഥിരം ഒളിസങ്കേതമായി ഇവര്‍ ഉപയോഗിച്ചു വരികയായിരുന്നു. ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ഭാര്യ രഹസ്യമായി നിരീക്ഷണം ശക്തമാക്കിയിരുന്നു. സംഭവദിവസം ഭര്‍ത്താവിനെ വീട്ടില്‍ കാണാതായതോടെ സംശയം തോന്നിയ ഭാര്യ നേരെ ഷെഡിന് സമീപത്തേക്ക് എത്തി.
ഷെഡിനുള്ളില്‍ കാമുകിക്കൊപ്പം ഭര്‍ത്താവിനെ കണ്ടതോടെ ഭാര്യയ്ക്ക് നിയന്ത്രണം നഷ്ടമായി. രോഷാകുലയായ ഭാര്യ ഉടന്‍ തന്നെ ഇരുവര്‍ക്കുമെതിരെ തിരിഞ്ഞു. സംഭവം കൈയാങ്കളിയിലേക്ക് വഴിമാറി. ഈ അപ്രതീക്ഷിത ആക്രമണത്തില്‍ ജനപ്രതിനിധിക്കും കാമുകിയായ യുവതിക്കും സാരമായി പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ജനപ്രതിനിധിയുമായി ബന്ധപ്പെട്ട സ്വകാര്യബന്ധം നാട്ടില്‍ വന്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്.


