ലോകത്തിന്റെ വിവിധ കോണുകളിലെ ആഭ്യന്തര സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ഡോ. തിയഡോഷ്യസ് മാർത്തോമ്മ: ഞായറാഴ്ച കലാപബാധിത പ്രദേശങ്ങളെ ഓർത്തു പ്രാർത്ഥിക്കണമെന്ന് മെത്രാപ്പോലീത്തയുടെ ആഹ്വാനം

Kerala Pathanamthitta

തിരുവല്ല – സുഡാനിലും നൈജീരിയയിലും മ്യാൻമറിലും ലാറ്റിൻ അമേരിക്കയിലെ ചില രാജ്യങ്ങളിലും ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആഭ്യന്തര സംഘർഷങ്ങളിൽ വർദ്ധിച്ചു വരുന്ന കൂട്ടക്കൊലയും ലൈംഗിക അതിക്രമങ്ങളും ആശങ്കാജനകമാണെന്ന് മാർത്തോമ്മ മെത്രാപ്പോലീത്ത ഡോ. തിയഡോഷ്യസ് മാർത്തോമ്മ പറഞ്ഞു. ആഭ്യന്തര കലാപങ്ങൾ പലപ്പോഴും വംശീയ വേർതിരിവുകൾക്കും അതിലൂടെ വംശഹത്യകളിലേക്കും നയിക്കുന്നു. സ്വന്തം ദേശത്തു തന്നെ അപരരായിത്തീരുന്ന പൗരന്മാരുടെ സ്ഥിതി ഏറെ ഭീതിജനകമാണ്. ഇത്തരം കലാപങ്ങൾ അവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര സഭ പോലെയുള്ള അന്താരാഷ്ട്ര ഏജൻസികളുടെ ഇടപെടൽ അനിവാര്യമാണ്.

മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് സുഡാനിൽ നിന്ന് ദിനംപ്രതി കേൾക്കുന്നത്. സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ആയിരങ്ങൾ കൊല്ലപ്പെടുന്നു. മനുഷ്യരെ തെരുവിൽ തരംതിരിച്ചു നിർത്തി വെടിവെച്ചു കൊല്ലുന്നു. സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അതിക്രമങ്ങൾക്ക് വിധേയരാക്കുന്നു. ജനങ്ങളുടെ കൂട്ടപലായനത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവർ, പ്രത്യേകിച്ചും കോപ്റ്റിക് വിഭാഗം ക്രൈസ്തവർ ഏറെ പീഡനം സഹിക്കുന്നു.

പട്ടിണിയും കൂട്ടക്കൊലകളും ലൈംഗികാതിക്രമങ്ങളും ഉൾപ്പെടെ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യം തീവ്രമായ ഭക്ഷ്യ ക്ഷാമത്തിലേക്കു കടന്നിരിക്കുന്നു. ഭക്ഷണം ലഭ്യമാകാതെ മരിച്ചുവീഴുന്നവരുടെ എണ്ണം ഏറിവരുന്നു. പ്രധാനമായും കുഞ്ഞുങ്ങളാണ് ഇതിന്റെ ഇരകൾ. യുക്രൈൻ-റഷ്യ, ഇസ്രായേൽ-പാലസ്തീൻ യുദ്ധങ്ങളോടൊപ്പം ആഭ്യന്തര കലഹങ്ങളും വർദ്ധിച്ചു വരുമ്പോൾ മനുഷ്യകുലം ദുരന്തങ്ങളിൽ നിന്നും ദുരന്തങ്ങളിലേക്കു വഴുതി വീഴുന്നു. ഈ സാഹചര്യങ്ങളിൽ ആഗോള സമൂഹങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നതോടൊപ്പം കലാപങ്ങളുടെ ഇരയായ എല്ലാവരെയും ഓർത്തു നമുക്ക് പ്രാർത്ഥിക്കുകയും ചെയ്യാം. മാർത്തോമ്മാ സഭയുടെ എല്ലാ പള്ളികളിലും വരുന്ന ഞായറാഴ്ച കലാപബാധിത പ്രദേശങ്ങളെ ഓർത്തു പ്രാർത്ഥിക്കണമെന്നും മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *