കേസ് നിലനിൽക്കുന്ന കെട്ടിടം അടിച്ചു തകർത്തു : പരിശോധിക്കാനെത്തിയ വക്കീലിനെ എതിർകക്ഷി കുത്തിപ്പരുക്കേൽപ്പിച്ചു

Crime
Print Friendly, PDF & Email

തിരുവല്ല: കോടതിയിൽ കേസ് നിലനിൽക്കുന്ന കെട്ടിടം അടിച്ചു തകർത്തത് പരിശോധിക്കാനെത്തിയ വാദിഭാഗം അഭിഭാഷകന് നേരെ എതിർകക്ഷിയുടെ ആക്രമണം. കത്തി കൊണ്ടുള്ള കുത്ത് തടയാൻ ശ്രമിക്കുന്നതിനിടെ അഭിഭാഷകന് കൈയ്ക്ക് ഗുരുതരപരുക്കേറ്റു. കോട്ടയം ബാറിലെ അഭിഭാഷകൻ അലക്‌സ് തോമസിനാണ് പരുക്കേറ്റത്. ഇടതുകൈയുടെ ചൂണ്ടുവിരലിനും നടുവിരലിനും പരുക്കേറ്റതിനെ തുടർന്ന് പുഷ്പഗിരി മെഡിക്കൽ കോളജിൽ അലക്‌സിനെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി.

ചൊവ്വാഴ്ച വൈകിട്ട് മൂന്നിനായിരുന്നു സംഭവം. സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമുള്ള കോടിയാട്ട് ബിൽഡിങ്‌സ് വാടകയ്ക്ക് എടുത്ത് സൂപ്പർ മാർക്കറ്റ് നടത്തിയിരുന്ന മനോജ് എസ്. പിളളയാണ് അഭിഭാഷകനെ ആക്രമിച്ചത്. കഴിഞ്ഞ 25 വർഷമായി ഇയാൾ ഇവിടെ വാടകയ്ക്ക് പ്രവർത്തിക്കുകയാണ്. കെട്ടിടം ഒഴിഞ്ഞു കൊടുക്കാത്തത് സംബന്ധിച്ച് ഉടമകളായ സഹോദരിമാർ കോടതിയിൽ കേസ് നൽകിയിരുന്നു. ഇതിൽ ഒരു കേസിൽ ഉടമയ്ക്ക് അനുകൂലമായ വിധി ലഭിച്ചു. രണ്ടാമത്തെ ഉടമയായ കോടിയാട്ട് അനു തോമസിന് വേണ്ടി കോടതിയിൽ ഹാജരായതിന് ശേഷമാണ് അഡ്വ. അലക്‌സ് കേസിലുള്ള കെട്ടിടത്തിലേക്ക് ചെന്നത്. കോടതിയിൽ കേസ് നടക്കുമ്പോൾ തന്നെ കെട്ടിടം മനോജ് അടിച്ചു പൊളിച്ചു. അഡ്വ. അലക്‌സ് ഇത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് വാദം കേൾക്കുന്നത് കോടതി ഒമ്പതാം തീയതിയിലേക്ക് മാറ്റി വച്ചിരിക്കുകയായിരുന്നു.

ഇതിനിടെയാണ് ചൊവ്വാഴ്ച വീണ്ടും ഇയാൾ കെട്ടിടം തകർക്കുന്നുവെന്നും വന്ന് പരിശോധിക്കണമെന്നും പറഞ്ഞ് കെട്ടിടം ഉടമ അനു
തോമസ് അഡ്വ. അലക്‌സിനെ വിളിച്ചു വരുത്തിയത്. ഇവർ കെട്ടിടത്തിനകത്ത് പരിശോധിക്കുന്നതിനിടെ രണ്ടു കത്തിയുമായി മനോജ് പാഞ്ഞടുക്കുകയായിരുന്നു. അനൂപിനെ ആദ്യം ആക്രമിച്ചതിന് ശേഷമാണ് അഭിഭാഷകന് നേരെ കത്തി വിശീയത്. ഇത് തടയുമ്പോഴാണ് കൈക്ക് പരുക്കേറ്റത്. വിവരം അറിഞ്ഞിട്ടും പോലീസ് കേസെടുക്കാൻ വൈകിയതായി ആരോപണമുണ്ട്. സ്ത്രീയായ തന്നെ ശാരീരികമായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് കാട്ടി അനു തോമസ് നേരിട്ട് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയെങ്കിലും ഇതു വരെ ഒരു നടപടിയും ഉണ്ടായില്ല. കെട്ടിടം അടിച്ചു പൊളിക്കുന്നതിന് എതിരേ കഴിഞ്ഞ മാസം 28 ന് അനു നൽകിയ പരാതിയിൽ എഫ്.ഐ.ആർ. ഇടാനും പോലീസ് ഇതു വരെ തയാറായിട്ടില്ല.

ചൊവ്വാഴ്ച രാത്രി ഏറെ വൈകിയാണ് കുത്തേറ്റ് അഭിഭാഷകന്റെ മൊഴി എടുക്കാൻ പോലീസ് എത്തിയത്. കോട്ടയത്ത് ജോസഫ് ആൻഡ് പൗലോസ് ലോയേഴ്‌സ് ഓഫീസിലെ അഭിഭാഷകനാണ് അലക്‌സ് തോമസ്.

Leave a Reply

Your email address will not be published. Required fields are marked *