പത്തനംതിട്ട – അന്വേഷണവുമായി സഹകരിക്കുമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി. ശബരിമല സ്വർണ്ണ മോഷണക്കേസിൽ
ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. പത്താം തീയതി വൈകുന്നേരം അഞ്ചുവരെയാണ് കസ്റ്റഡി കാലാവധി. ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് റാന്നി ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചത്. ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണ മോഷണത്തിൽ 14 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാലാണ് ഉണ്ണികൃഷ്ണൻ കോടതിയിൽ ഹാജരാക്കിയത്. ഹാജരാക്കിയ ശേഷമാണ് കട്ടിളപ്പാളി കേസിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണ സംഘത്തിന്റെ നടപടിയെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അഭിഭാഷകൻ ശക്തമായി എതിർത്തിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റി മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തി. കട്ടിള പാളികൾ ചെന്നൈയിലെത്തിച്ച് സ്വർണം വേർതിരിച്ചു. വിശ്വാസ വഞ്ചനയാണ് ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ഈ മാസം പത്താം തീയതി വൈകുന്നേരം അഞ്ചുവരെയാണ് എസ്ഐടി കസ്റ്റഡിയിൽ കോടതി വിട്ടിരിക്കുന്നത്. കസ്റ്റഡിയിൽ വാങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി സംഘം കൂടുതൽ ചോദ്യം ചെയ്യുന്നതിനായി തിരുവനന്തപുരം കൊണ്ടുപോയി. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിൽ ഇന്നലെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗൂഢാലോചന വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസുവിനെയും എസ്ഐടി ചോദ്യം ചെയ്തിരുന്നു.


