പ്രണയം നടിച്ചു പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ

Crime
Print Friendly, PDF & Email

കൂടല്‍: പ്രണയം നടിച്ച് പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി പിടിയില്‍. തണ്ണിത്തോട് മണ്ണീറ വടക്കേക്കര ചരിവു കാലായില്‍ വീട്ടില്‍ നിന്നും അള്ളുങ്കല്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എ ഡിവിഷനില്‍ താമസിക്കുന്ന അനീഷി(22)നെയാണ് കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി കഴിഞ്ഞ ഡിസംബര്‍ 10 മുതല്‍ തുടര്‍ച്ചയായി പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നുവെന്നാണ് കുട്ടി പറയുന്നത്.

വെള്ളിയാഴ്ച വൈകിട്ട് കലഞ്ഞൂര്‍ ക്ഷേത്രത്തിനു സമീപം വച്ചാണ് ലൈംഗിക അതിക്രമം കാട്ടിയത്. അതിന് ശേഷം ബൈക്കില്‍ കുട്ടിയെ കയറ്റി വീട്ടിലേക്ക് പോകുന്ന വഴിക്ക് ഇറക്കി വിട്ടു. മുന്‍പും പല തവണ ബൈക്കില്‍ കയറ്റിക്കൊണ്ടു നടന്ന് കുട്ടിയെ നിര്‍ബന്ധിച്ച് നഗ്‌നഫോട്ടോകള്‍ മൊബൈല്‍ വഴി കൈവശപ്പെടുത്തിയെന്ന് പറയുന്നു. വിവരം വീട്ടില്‍ കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മാതാവിന്റെ മൊഴിപ്രകാരമെടുത്ത കേസില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കൂടല്‍ പോലീസ് പ്രതിയെ പിടികൂടി. പ്രതിയെ നാട്ടുകാര്‍ തടഞ്ഞു വച്ച് പൊലീസിന് കൈമാറിയിരുന്നു.

എസ് ഐ ഷെമി മോളാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സംഘത്തില്‍ എഎസ്‌ഐ വാസുദേവകുറുപ്പ്, സിപിഓമാരായ വിന്‍സെന്റ് സുനില്‍, ഫിറോസ്, അരുണ്‍, പ്രവീണ്‍, അനൂപ് എന്നിവരും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *