ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരം മന്ത്രി ഉദ്ഘാടനം ചെയ്തു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സമഗ്രവികസനത്തിന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരം കരുത്തു പകരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കലക്ടറേറ്റ് അങ്കണത്തിൽ നിർമിച്ച ആസൂത്രണ സമിതി മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ സമസ്ത മേഖലയിലും വികസനങ്ങൾ നടക്കുന്നു. വനിതാ പോലിസ് സ്റ്റേഷൻ, ജില്ലാ പോലിസ് കൺട്രോൾ റൂം, വനിതകൾക്കായി ഹോസ്റ്റൽ ഉൾപ്പെടെ ജില്ലാ ആസ്ഥാനത്ത് നിരവധി കാര്യാലയങ്ങൾ പ്രവർത്തനം ആരംഭിച്ചു. മലയോര ഹൈവേ, റോഡ്, പാലം, കോന്നി മെഡിക്കൽ കോളജ്, ജില്ലാ-താലൂക്ക് ആശുപത്രികൾ, നാലു നഴ്‌സിംഗ് കോളജുകൾ എന്നിങ്ങനെ എല്ലാ മേഖലയിലും അടിസ്ഥാന സൗകര്യം വികസിപ്പിച്ചു. 50 കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന ജില്ലാ സ്റ്റേഡിയത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. ജില്ലാ കോടതി സമുച്ചയത്തിന് സ്ഥലം ഏറ്റെടുത്തതായും നിർമാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ ആസൂത്രണസമിതികളെ ശക്തിപ്പെടുത്തുന്നതിന് ആസൂത്രണ ബോർഡ്, ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്്, ടൗൺ പ്ലാനിംഗ് വകുപ്പുകളുടെ ജില്ലാ ഓഫീസുകളെ ഉൾപ്പെടുത്തിയാണ് മന്ദിരം നിർമിച്ചത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാർഷിക പദ്ധതി വിഹിതവും സംസ്ഥാന ആസൂത്രണ ബോർഡ് ലഭ്യമാക്കിയ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ വിഹിതവും വിനിയോഗിച്ചാണ് മന്ദിരം പൂർത്തിയാക്കിയത്. സെല്ലാർ, മിനി കോൺഫറൻസ് ഹാൾ ഉൾപ്പെടുന്ന ഗ്രൗണ്ട് ഫ്‌ളോർ, ഒന്നാം നിലയിൽ ജില്ലാ പ്ലാനിംഗ് ഓഫീസ്, രണ്ടാം നിലയിൽ ടൗൺ പ്ലാനിംഗ് ജില്ലാ ഓഫീസ്, മൂന്നാം നിലയിൽ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ജില്ലാ ഓഫീസ്, നാലാം നിലയിൽ കോൺഫറൻസ് ഹാൾ എന്നിവയുണ്ട്. 2937.54 ചതുരശ്ര മീറ്റർ വിസ്തീർണമാണ് കെട്ടിടത്തിന്. ശീതീകരിച്ച കോൺഫറൻസ് ഹാളിൽ 200 പേർക്ക് ഇരിക്കാൻ സൗകര്യവും സെല്ലാർ ഫ്‌ളോറിൽ കാർ പാർക്കിംഗ് സൗകര്യവുമുണ്ട്്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം അധ്യക്ഷനായി. ആന്റോ ആന്റണി എംപി താക്കോൽദാനം നിർവഹിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്‌സൺ പ്രൊഫ. വി കെ രാമചന്ദ്രൻ മുഖ്യസന്ദേശം നൽകി. പ്രമോദ് നാരായൺ എംഎൽഎ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ. ജിജു പി അലക്സ്, ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ, പത്തനംതിട്ട നഗരസഭ ചെയർപേഴ്‌സൺ ടി സക്കീർ ഹുസൈൻ, സംസ്ഥാന ആസൂത്രണ ബോർഡ് വികേന്ദ്രീകൃതാസൂത്രണവിഭാഗം മേധാവി ജെ ജോസഫൈൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഓമല്ലൂർ ശങ്കരൻ, രാജി പി രാജപ്പൻ, വി ടി അജോമോൻ, സി കെ ലതാകുമാരി, ലേഖ സുരേഷ്, സാറാ തോമസ്, ആർ അജയകുമാർ, ജിജി മാത്യു, ജില്ലാ ആസൂത്രണ സമിതി അംഗം രാജി ചെറിയാൻ, പി കെ അനീഷ്, സർക്കാർ നോമിനി എസ് വി സുബിൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപാ ചന്ദ്രൻ, ജില്ലാ ടൗൺ പ്ലാനർ ജി അരുൺ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *