പത്തനംതിട്ട – സംസ്ഥാന പട്ടികജാതി – പട്ടികവർഗ വികസന കോർപ്പറേഷൻ നൽകുന്ന വായ്പകൾ സാധാരണക്കാർക്ക് ആശ്വാസകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആറന്മുള നിയോജക മണ്ഡലത്തിൽ സിഡിഎസ് മുഖേന പട്ടികവിഭാഗം കുടുംബശ്രീ അംഗങ്ങൾക്ക് നൽകുന്ന സ്വയം തൊഴിൽ വായ്പയുടെ വിതരണോദ്ഘാടനം ആറാട്ടുപ്പുഴ തരംഗം ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. സ്വയം തൊഴിലിനായി 50 ലക്ഷം രൂപ, വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ, പെൺമക്കളുടെ വിവാഹത്തിനായി 3.5 ലക്ഷം രൂപ എന്നിങ്ങനെ നിരവധി വായ്പകളാണ് കോർപ്പറേഷൻ നൽകുന്നത്. സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായ കുടുംബശ്രീ സിഡിഎസിലൂടെയാണ് വായ്പ ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. സ്ത്രീ സൗഹാർദ പ്രവർത്തനങ്ങൾക്കായി ജനകീയ പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കുന്നത്. തൊഴിൽ നേടുന്നതിന് പുറമെ തൊഴിൽ ദാതാക്കളാകാനുള്ള പ്രവർത്തനം ഉണ്ടാകണം. ജനക്ഷേമവും വികസനവുമാണ് സർക്കാരിന്റെ ലക്ഷ്യം. ബിഎം ബിസി നിലവാരത്തിൽ റോഡ്, അത്യാധുനിക സൗകര്യത്തോടെ ആശുപത്രി, ആധുനിക നിലവാരത്തിൽ സ്കൂൾ കെട്ടിടം തുടങ്ങി എല്ലാ മേഖലയിലും വികസനം സാധ്യമാക്കിയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ കെ ഷാജു അധ്യക്ഷനായി. മണ്ഡലത്തിലെ 308 പേർക്കായി വിതരണം ചെയ്യുന്ന 3.8 കോടി രൂപയുടെ വായ്പ ചെക്ക് മന്ത്രി കൈമാറി. ആറന്മുള പഞ്ചായത്തിൽ 251 പേർക്കും കോഴഞ്ചേരി പഞ്ചായത്തിൽ 57 പേർക്കുമാണ് വായ്പ ലഭിക്കുന്നത്. സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി പി സുബ്രമണ്യൻ, ജില്ലാ മാനേജർ വി അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം ആർ അജയകുമാർ, കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ എസ് ആദില, വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി വി സ്റ്റാലിൻ, തോമസ് ജോർജ്, റിജു കാവുംപാട്ട് എന്നിവർ പങ്കെടുത്തു.


