പത്തനംതിട്ട ഭക്ഷ്യസുരക്ഷാ ലാബിന് പുതിയ കെട്ടിടം ; ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ല ഭക്ഷ്യസുരക്ഷാ ലാബിന് അത്യാധുനിക സൗകര്യത്തോടെയുള്ള കെട്ടിടം യാഥാർഥ്യമായി. പൂർണമായും സംസ്ഥാന ഫണ്ടുപയോഗിച്ചാണ് ലാബ് ആധുനികവത്ക്കരിച്ചിട്ടുള്ളത്. പത്തനംതിട്ട നഗരത്തിൽ അണ്ണായിപാറയിലുളള ലാബിന്റെ ഉദ്ഘാടനം നവംബർ നാലിന് വൈകിട്ട് നാലിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.

ജില്ലയെ സംബന്ധിച്ചിടത്തോളം ഭക്ഷ്യ സുരക്ഷാ ലാബ് സുപ്രധാനമാണ്. ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വഴിപാട് സാധനങ്ങൾ പരിശോധിക്കുന്നതിനായി 1997ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 1998 മുതൽ ജില്ലയിൽ ജില്ലാ ഭക്ഷ്യപരിശോധന ലബോറട്ടറി പ്രവർത്തിച്ചു വരുന്നു. ലബോറട്ടറിയിൽ കുടിവെള്ള പരിശോധയ്ക്കും മറ്റ് ഭക്ഷ്യവസ്തുക്കളുടെ പ്രാഥമിക പരിശോധന നടത്തുവാനുമുള്ള സൗകര്യം മാത്രമാണ് ഉണ്ടായിരുന്നത്. ഈ സർക്കാരിന്റെ കാലത്ത് മൂന്ന് കോടി രൂപ ചെലവഴിച്ചാണ് ജില്ലാ ഭക്ഷ്യപരിശോധന ലാബ് അത്യാധുനിക സംവിധാനത്തോടെ കൂടുതൽ വിപുലീകരിച്ചത്.

ലബോറട്ടറിയുടെ താഴത്തെ നിലയിൽ സാമ്പിൾ റിസീവിംഗ് ആന്റ് സ്റ്റോറേജ്, ഓഫീസ്, കെമിക്കൽ സ്റ്റോറേജ് റൂം, ലബോറട്ടറി, സ്റ്റാഫ് റൂം, ഫുഡ് അനാലിസിസ് റൂമുകൾ എന്നിങ്ങനെയാണുള്ളത്. രണ്ടാം നിലയിൽ ഇൻസ്ട്രുമെന്റേഷൻ റും, സാമ്പിൾ പ്രിപ്പറേഷൻ എരിയ, സ്റ്റാഫ് റൂം എന്നിങ്ങനെ വേർതിരിച്ചിരിക്കുന്നു. മൂന്നാം നിലയിൽ വാട്ടർ ലാബ്, ഫുഡ് ലാബ്, ബാലൻസ് റൂം, മൈക്രോബയോളജി ലാബ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു. ലാബിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിനായി നിലവിലുള്ള മൂന്ന് തസ്തികകൾക്ക് പുറമെ 10 തസ്തികകൾ സർക്കാർ കൂടുതലായി അനുവദിച്ചിട്ടുണ്ട്. ആധുനിക ഉപകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആന്റോ ആന്റണി എംപി, എംഎൽഎമാരായ മാത്യു ടി തോമസ്, കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായൺ എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *