പത്തനംതിട്ട – നവകേരള സൃഷ്ടിയിൽ സഹകരണ മേഖല പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ. എന്റെ കേരളം പ്രദർശന മേളയിൽ നടന്ന സഹകരണ വകുപ്പിന്റെ ‘നിക്ഷേപ സമാഹരണ യജ്ഞം 2025’ ജില്ലാതല പുരസ്‌കാര വിതരണം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു നഗരസഭാ ചെയർമാൻ.
സഹകരണ മേഖലയിലെ നിക്ഷേപത്തിന്റെ വിശ്വാസ്യത ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിച്ചു. നിക്ഷേപസമാഹരണത്തിലൂടെ നവകേരള സൃഷ്ടിയിൽ സഹകരണ മേഖലയും പങ്കാളിയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ നിക്ഷേപം സമാഹരിച്ച കോഴഞ്ചേരി താലൂക്കിനുള്ള പുരസ്‌കാരം ചെയർമാൻ നൽകി.
പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾക്കുള്ള പുരസ്‌കാരത്തിൽ വള്ളിക്കോട് സർവീസ് സഹകരണ ബാങ്ക് ഒന്ന്, കൈപ്പട്ടൂർ സർവീസ് സഹകരണ ബാങ്ക് രണ്ട്, മുണ്ടിയപ്പള്ളി സർവീസ് സഹകരണ ബാങ്ക് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. എപ്ലോയീസ് സഹകരണ സംഘങ്ങളിൽ പത്തനംതിട്ട സർക്കാർ എംപ്ലോയീസ് സഹകരണസംഘം , അടൂർ സർക്കാർ എംപ്ലോയീസ് സഹകരണസംഘം, കുളനട സർക്കാർ എംപ്ലോയീസ് സഹകരണസംഘം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കുകളിൽ കോന്നി പിസിഎആർഡിബി , റാന്നി പിസിഎആർഡിബി , മല്ലപ്പള്ളി പിസിഎആർഡിബി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ഇതര സഹകരണ സംഘങ്ങളിൽ പുതുമല കാർഷിക വികസന കർഷക സാമൂഹ്യ ക്ഷേമ സഹകരണ സംഘം , മല്ലപ്പള്ളി താലൂക്ക് മർച്ചന്റ്സ് സഹകരണ സംഘം , പത്തനംതിട്ട എക്സ് സർവീസ്‌മെൻ സഹകരണ സംഘം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.
ജില്ലാ ഡെപ്യൂട്ടി രജിസ്ട്രാർ പി കെ അജിത കുമാരി അധ്യക്ഷയായി. അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിംഗ്) ഡി ശ്യംകുമാർ, വിവിധ സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.


