അടൂർ – എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ജില്ലാതല പട്ടയമേളയുടെ ഭാഗമായി അടൂർ ഡിവിഷണൽ ഓഫീസിൽ നടന്ന അടൂർ നിയോജക മണ്ഡലത്തിലെ പട്ടയവിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ. അർഹതപ്പെട്ടവർക്ക് ഭൂമി നൽകാനുള്ള നടപടിയാണ് സർക്കാരിന്റേത്. ഡിജിറ്റൽ സർവേയിലൂടെ ഭൂമിയുടെ കൃത്യമായ അളവ് മനസ്സിലാക്കാം. ഭൂരേഖ കൃത്യവും സുരക്ഷിതവുമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. നവംബർ ഒന്നു മുതൽ സംസ്ഥാനത്തെ 60 വയസിനു മുകളിലുള്ള 62 ലക്ഷം പേർക്ക് 2000 രൂപ പെൻഷൻ നൽകും. പൊതുജനങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദേഹം പറഞ്ഞു.
അടൂർ വില്ലേജിലെ തടത്തിൽ കോളനി നിവാസികളായ ഭവാനി, അനിത, ശ്രീവള്ളി, എം മണി, സൗമ്യ, ശാന്ത, രമ, കൊച്ചുകുട്ടൻ, ശ്യാമള, മനോഹരൻ, പന്തളം വില്ലേജിലെ സൽമ, കുഞ്ഞമ്മ, നസീമ്മ എന്നിവർക്കാണ് പട്ടയം ലഭിച്ചത്. അടൂർ മുനിസിപ്പാലിറ്റി ചെയർമാൻ മഹേഷ് കുമാർ, കൗൺസിലർമാരായ ഡി സജി, ഡി ശശികുമാർ, റീന സാമുവൽ, പന്തളം കൗൺസിലർ അരുൺകുമാർ, തഹസിൽദാർ ജോൺ സാം, ആർ ഡി ഒ സീനിയർ സൂപ്രണ്ട് ഷൈനി ബേബി, ഡെപ്യൂട്ടി തഹസിൽദാർ ഹരീന്ദ്രനാഥ്, കെ എൻ അനിൽകുമാർ, ബിജു ഗോപാൽ, വില്ലേജ് ഓഫീസർമാരായ മനോജ് കുമാർ, രേണു രാമൻ, വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


