അടൂർ – ഇതാണ് ശരിക്കും ദൈവത്തിന്റെ കരം എന്ന് പറയുന്നത്. ബാലൻസ് തെറ്റി ബസിൽ നിന്ന് തെറിച്ച് പുറത്തേക്ക് വീഴാനൊരുങ്ങിയ യാത്രക്കാരനെ കണ്ണിമ ചിമ്മുന്ന വേഗത്തിൽ കണ്ടക്ടർ പിടിച്ചു നിർത്തി. വീഴ്ചയുടെ ആഘാതത്തിൽ ബസിന്റെ ഡോർ തുറന്നു പോവുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറൽ ആയതോടെ ആരാണ് ആ കണ്ടക്ടർ എന്ന ചോദ്യമാണ് ഉയർന്നത്. പന്തളം – അടൂർ ചവറ റൂട്ടിൽ ഓടുന്ന സുനിൽ ബസിലെ കണ്ടക്ടർ ബിലു എന്ന ബിജിത്ത് ലാലാണ് ആ കണ്ടക്ടർ എന്ന് കണ്ടെത്തി. ചവറയിൽ നിന്നും ട്രിപ്പ് ആരംഭിച്ച് അടൂരിലേക്ക് വരുന്ന വഴിയാണ് സംഭവം. ശാസ്താംകോട്ടയിലേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരൻ ബസിന്റെ വാതിലിനു നേരെയാണ് നിന്നിരുന്നത്.
ബസ് ചെറിയൊരു വളവ് തിരിഞ്ഞപ്പോൾ ബാലൻസ് തെറ്റിയ യാത്രക്കാരൻ ഫുട്‌ബോർഡിലേക്ക് വീഴുകയായിരുന്നു. ഇയാൾ പിടിവിട്ടു വീഴുന്നതിനിടെ ലോക്ക് തട്ടി വാതിലും പുറത്തേക്ക് തുറന്നു. എന്നാൽ, യാത്രക്കാരൻ വീഴാൻ പോയ അതേ വേഗതയിൽ കണ്ടക്ടർ ബിലു അയാളെ ചാടിപ്പിക്കുകയായിരുന്നു. തന്റെ ജോലിക്കിടെയാണ് മിന്നൽ റിയാക്ഷൻ ഉണ്ടായത്. ബസിന്റെ കമ്പിയിൽ ചാരി നില തെറ്റാതെ നിന്ന് ഒറ്റക്കൈ കൊണ്ടാണ് ബിലു യാത്രക്കാരനെ പിടിച്ചു നിർത്തിയത്. കണ്ടക്ടർ പിടിച്ചില്ലായിരുന്നെങ്കിൽ യാത്രക്കാരൻ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും പുറത്തേക്ക് വീണ് അപകടം സംഭവിക്കുമായിരുന്നു.
വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് കാരാളിമുക്കിനും മാമ്പഴ മുക്കിനും ഇടയിലായിരുന്നു സംഭവം. ബസിനുള്ളിലെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നത് വൈറലായി. ഇതോടെ ബിലുവിന് നാനാതുറകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ്. മൺറോ തുരുത്ത് സ്വദേശിയായ ബിലുവിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. വൈറൽ ആകുന്നതിലുപരി ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷമെന്ന് ബിലു പറഞ്ഞു. എംവിഡി ഉഗ്യോഗസ്ഥർ അടക്കം എത്തി ബിനുവിനെ ആദരിക്കുകയും, അഭിനന്ദിക്കുകയും ചെയ്തു.



